1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

ഒളിമ്പിക്‌സ് മത്സരങ്ങള്‍ മഴയില്‍ കുതിരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംഘാടകരും ഗവണ്‍മെന്റും ഒരുക്കങ്ങള്‍ തുടങ്ങി. ബ്രിട്ടനിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഹൈഡ് പാര്‍ക്കില്‍ നടത്താനിരുന്ന ഒരു വലിയ കണ്‍സേര്‍ട്ട് മാറ്റിവെച്ചിരുന്നു. പരിപാടി തുടങ്ങുന്നതിന് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഴമൂലം ചെളിക്കുഴിയായി കിടക്കുന്ന പാര്‍ക്കില്‍ പരിപാടി നടത്താന്‍ സാധിക്കില്ലന്ന് സംഘാടകര്‍ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ഒളിമ്പിക്‌സ് സമയത്ത് മഴ പെയ്താല്‍ മത്സാരാര്‍ത്ഥികളും കാണികളും ഒരു പോലെ ബുദ്ധിമുട്ടിലാകുമെന്ന് കണ്ട് അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

നിലവില്‍ മഴ ശകതിപ്രാപിക്കുകയാണങ്കില്‍ തേംസ് നദിയിലെ ജലനിരപ്പ് ഉയരും. ഇത് എട്ടണ്‍ ഡോര്‍ണി തടാകത്തില്‍ നടക്കേണ്ടിയിരിക്കുന്ന തുഴച്ചില്‍ മത്സരങ്ങളെ മോശമായി ബാധിക്കും. എസ്സക്‌സില്‍ നടക്കേണ്ടിയിരിക്കുന്ന മൗണ്ടന്‍ ബൈക്കിംഗ് മത്സരങ്ങളേയും ഒളിമ്പിക്‌സ് പാര്‍ക്കിലെ ബിഎംഎക്‌സ് ട്രാക്കിനേയും മഴ എത്രത്തോളം ബാധിക്കുമെന്ന് സംഘാടകര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ആയിരക്കണക്കിന് പോങ്കോസിന്് (ശരീരം ചൂട് പിടിപ്പിക്കാനുപയോഗിക്കുന്ന വസ്ത്രം) സംഘാടകര്‍ ഓര്‍ഡര്‍ നല്‍കികഴിഞ്ഞു. സെക്യൂരിറ്റി ചെക്കിംഗിന്റെ സമയത്ത് നീണ്ട ക്യൂവില്‍ കാണികള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നതിനാലാണ് പോങ്കോസ് ഓര്‍ഡര്‍ ചെയ്യാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്. കൊടുങ്കാറ്റോ മറ്റോ ഉണ്ടായാല്‍ ഹോക്കി മത്സരങ്ങളും ബീച്ച് വോളിബോള്‍ മത്സരങ്ങളും എങ്ങനെ റീഷെഡ്യൂള്‍ ചെയ്യാനാകുമെന്നും സംഘാടകര്‍ പരിശോധിക്കുന്നുണ്ട്. ഒളിമ്പിക് പാര്‍ക്കിലെ ഹോക്കി ഗ്രൗണ്ട്, ഹോഴ്‌സ് ഗാര്‍ഡ് പരേഡിലെ ബീച്ച് വോളിബോള്‍ ഗ്രൗണ്ട്, ഗ്രീന്‍വിച്ച് പാര്‍ക്കിലെ ഷോജംപിങ്ങ് ഗ്രൗണ്ട് എന്നിവയെല്ലാം മേല്‍ക്കൂരയില്ലാത്തതാണ്. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന പ്രധാന സ്റ്റേഡിയത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ മേല്‍ക്കൂര ഉപയോഗിച്ച് മറച്ചിട്ടുളളൂ.

എന്നാല്‍ ഒളിമ്പിക്‌സ് വേദികളില്‍ ഭൂരിഭാഗവും കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്നവിധത്തില്‍ തയ്യാറാക്കിയതാണന്ന് സ്‌പോര്‍ട്ട്‌സ് മന്ത്രി ഹഗ്ഗ് റോബര്‍ട്ട്‌സണ്‍ പറയുന്നു. മിക്കവാറും എല്ലാ വേദികളും മോശം കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുളളതാണ്. തുഴച്ചില്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തേംസിലെ ജലനിരപ്പ് ഉയരുന്നത് മത്സരങ്ങളെ ദോഷകരമായി ബാധിക്കും. മൗണ്ടന്‍ ബൈക്കിംഗ് ഒരു മലകയറുന്നതാണ്. അവിടെ ഇത്തിരി ചെളിയുണ്ടാകുന്നത് കാര്യമാക്കേണ്ട കാര്യമില്ല.കാനോയിങ്ങിനായി തയ്യാറാക്കിയിരിക്കുന്നത് ക്രിത്രിമ വേദിയാണ്. ഫുട്ബാള്‍ പിച്ചിനേയും മഴ ബാധിക്കില്ല – റോബര്‍ട്ട്‌സണ്‍ പറഞ്ഞു.

പ്രവചിക്കാനാകാത്ത കാലാവസ്ഥ ഒളിമ്പിക്‌സിന്റെ അവസാന ആഴ്ചനടക്കാനിരിക്കുന്ന ദീപശിഖാ റാലിയേയും ഒപ്പം ഗെയിംസ് മത്സരങ്ങളുടെ അവസാനത്തെ ആഴ്ചയേയും മോശമായി ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മൊത്തം മുപ്പത്തിയാറ് സ്ഥലങ്ങളില്‍ വെളളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഉയരുമെന്നാണ് കരുതുന്നത്. ചിലസ്ഥലങ്ങളില്‍ അറുപത് മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ ആഴ്ച കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇത് നദികളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുമെന്നും മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.