1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കൂടുതല്‍ ശക്തമായി. രാജ്യത്തിൻ്റെ പല താഴ്ന്ന പ്രദേശങ്ങളും വെട്ടത്തിനടിയിലായി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു പേര്‍ മരിച്ചു. ശക്തമായ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്‌ക്കറ്റിലും തെക്കന്‍ അല്‍ ശര്‍ഖിയ്യയിലുമാണ് മഴ രൂക്ഷമായി തുടരുന്നത്.

ഒരു മണിക്കൂറോളം ഇടമുറിയാതെ പെയ്ത ശക്തമായ മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവിലുണ്ടായിരുന്നതിനാല്‍ പുറത്ത് ആളുകളും വാഹനങ്ങളും കുറവായിരുന്നത് അപകട നിരക്ക് കുറച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്.

വീടുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലും മറ്റും കുടുങ്ങിയ നിരവിധ പേരെ റോയല്‍ ഒമാന്‍ പോലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖദില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരിച്ചത്.

ജലന്‍ ബനീ ബൂ ഹസ്സന്‍ വിലായത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മറ്റൊരു കുട്ടി മരിച്ചതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സമാഈല്‍ പ്രദേശത്ത് ജോലിക്കിടെയാണ് ജെസിബി ഡ്രൈവറായ വിദേശി മരണപ്പെട്ടത്. ഇദ്ദേഹം പ്രവര്‍ത്തിപ്പിക്കുകയായിരുന്ന ജെസിബി ജലമൊഴുക്കില്‍ പെടുകയായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നും വാദിയില്‍ കുടങ്ങിയ നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തിയത്. ഖുറിയാത്ത് വിലയത്തിലെ വാദി അല്‍-അര്‍ബഈന്‍ പ്രദേശത്ത് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുടുംബത്തെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അല്‍ കാമില്‍ അല്‍ വാഫി വിലയത്തിലെ വാദി അല്‍ സിലീല്‍ പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കാണാതായ സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.