പണത്തിനുമീതേ പരുന്തും പറക്കില്ലായിരിക്കാം. പക്ഷേ, വന്നുകയറിയതു ‘മഹാലക്ഷ്‌മി’യാണെങ്കിലും വഴിതെറ്റിയെന്നു പറയാന്‍ സുരേഷിനു മടിയില്ല. വല്ലവരുടെയും ഒരു കോടി നമുക്കെന്തിനാ?- ഇങ്ങനെ പറയാന്‍ ലോകത്ത് ഒരുപക്ഷേ മാള കുണ്ടൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷിനേ കഴിയൂ. കടംപറഞ്ഞു മാറ്റിവച്ച ലോട്ടറി ടിക്കറ്റിനു സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുമ്പോള്‍ ആരും ആക്ഷേപം പറയാതെ സ്വന്തമാക്കാമായിരുന്നിട്ടും സത്യസന്ധനായ സുരേഷ് അതു ചെയ്‌തില്ല. പരിചയക്കാരനുവേണ്ടി താന്‍ മാറ്റിവച്ച ലോട്ടറിക്കാണ് ഒന്നാംസമ്മാനമെന്നറിഞ്ഞിട്ടും ലോട്ടറി വില്‍പ്പനക്കാരനായ സുരേഷ് അത് ഉടമസ്‌ഥനുതന്നെ സമ്മാനിച്ചു.
ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണു കടുങ്ങല്ലൂര്‍ കണിയാംകുന്ന് പുതുവേലിപ്പറമ്പില്‍ അയ്യപ്പന്‍ (70) അര്‍ഹനായത്. ഇന്ദു സൌണ്ട് സിസ്റ്റംസ് നടത്തുന്ന അയ്യപ്പനെ ഈ വാര്‍ത്ത അറിയിച്ചതും സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറിയതും വില്പനക്കാരന്‍ മാള സ്വദേശി എം.ടി. സുരേഷാണ്.
കിഴക്കേ കടുങ്ങല്ലൂരുള്ള സുരേഷിന്റെ കടയില്‍നിന്ന് അഞ്ചു ലോട്ടറി ടിക്കറ്റുകള്‍ വെള്ളിയാഴ്ച വൈകുന്നേരമെടുത്ത അയ്യപ്പന്‍ ടിക്കറ്റുകള്‍ അവിടെത്ത ന്നെ ഏല്പിച്ച് പണം പിന്നീടു തരാമെന്നു പറഞ്ഞാണു പോയത്. മുപ്പത്തടം ധന്യ ഏജന്‍സിയില്‍നിന്നു വാങ്ങിയ ടിക്കറ്റിനാണു സമ്മാനമെന്ന് അറിയിച്ച് ഇന്നലെ വൈകുന്നേരം ഈ ലോട്ടറി ഏജന്‍സിയുടെ ഉടമ ശ്രീമന്‍ നാരായണന്‍ സുരേഷിനു വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്‍ എടുത്ത ടിക്കറ്റിനാണു സമ്മാനമെന്നു വ്യക്തമായത്.
ഏഴു വര്‍ഷമായി കടുങ്ങല്ലൂരില്‍ ലോട്ടറി വില്ക്കുന്ന സുരേഷ് താന്‍ കസ്റമര്‍ക്കു കൊടുത്തവാക്കില്‍ നിന്ന് തെല്ലും പിന്നോ ട്ടുപോകാതിരുന്നതിനാല്‍ അയ്യപ്പന്റെ എളിയ ജീവിതത്തിലേക്കു വന്നെത്തിയത് ഒരു കോടി രൂപയുടെ സൌഭാഗ്യവും. സമ്മാനാര്‍ഹമായ കെജെ 173777 എന്ന ടിക്കറ്റിനൊപ്പം ഇതേ നമ്പറിലുള്ള മറ്റു നാലു സീരിസിലെ ടിക്കറ്റുകളും അയ്യപ്പന്‍ സുരേഷിന്റെ കടയില്‍നിന്നു മാറ്റിവച്ചിരുന്നു. അങ്ങനെ മറ്റു നാലു ടിക്കറ്റുകള്‍ക്ക് 10,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
മൂന്നു സെന്റില്‍ താഴെ സ്ഥലത്തുള്ള കൊച്ചുവീട്ടില്‍ താമസിക്കുന്ന അയ്യപ്പന്റെ കുടുംബത്തിനു സമ്മാനത്തുക എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഏറെ ആലോചിക്കേണ്ട കാര്യമില്ല. സഹകരണ ബാങ്കില്‍നിന്നെടുത്ത കടം വീട്ടണം, നല്ല വീടു പണിയണം, മക്കള്‍ക്കും നല്ല വീടുകള്‍ പണിയിച്ചു കൊടുക്കണം. ഒപ്പം ഇന്ദു സൌണ്ട്സും ഒന്നു മെച്ചപ്പെടുത്തണം. അയ്യപ്പന്റെ ആഗ്രഹങ്ങള്‍ മകന്‍ ബാബുവാണു തുറന്നുപറഞ്ഞത്. അയ്യപ്പനും ഭാര്യ കുട്ടിയും ബാബു, സന്ദീപ് എന്നീ പുത്രന്മാരും ഒരേ വീട്ടിലാണ്. മകന്‍ ശിവന്‍ വീടുവച്ചു മാറി. മകള്‍ ഇന്ദുവിനെ വിവാഹം ചെയ്തയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല