ബ്രിട്ടണ്‍ ഇപ്പോള്‍ ഏതവസ്ഥയിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും ഒരുപരിധിവരെ അറിയാവുന്ന കാര്യമാണത്. എന്നാല്‍ ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ വാര്‍ത്ത അല്പം ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. പൊതുമേഖലയിലെ ഏഴില്‍ ഒരാളുടെ ജോലി താമസിയാതെ പോകുമെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.
പതുക്കെപ്പതുക്കെ പൊതുമേഖല തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ് സൂചന. സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് യുവാക്കളില്‍ അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുമെന്ന സൂചന ഇപ്പോള്‍തന്നെ ഉയരുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ ബ്രിട്ടണില്‍ ഉള്ള തൊഴില്‍തന്നെ ഇല്ലാതായാല്‍ ഏറെ സാമൂഹിക പ്രശ്നങ്ങളുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നുമില്ല, ഉള്ള തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. അതേസമയം അഞ്ച് ജോലികളില്‍ ഒരെണ്ണം നഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലതാണ് ആറ് ജോലികളില്‍ ഒരെണ്ണം നഷ്ടപ്പെടുന്നത് എന്ന മട്ടിലുള്ള നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ തൊഴില്‍ സംരഭകരും മറ്റും ഉണ്ടാകുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ പരിഹരിക്കാന്‍ അതൊന്നും മതിയാകുന്നില്ല. രൂക്ഷമായ തൊഴിലില്ലായ്മയും വരുമാനനഷ്ടവുമെല്ലാം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ജനറല്‍ ഇലക്ഷനുശേഷം മാത്രം ബ്രിട്ടണില്‍ 381,000 പേരുടെ തൊഴിലുകളാണ് നഷ്ടമായിരിക്കുന്നത്.
പൊതുമേഖലയില്‍ സംഭവിക്കുന്ന തൊഴില്‍നഷ്ടം തികത്താന്‍ ബ്രിട്ടണിലെ സ്വകാര്യമേഖലയ്ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ടെസ്കോ പോലുള്ള സ്ഥാപനങ്ങള്‍ ജോലിയൊഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇതൊന്നുംകൊണ്ട് ബ്രിട്ടണ്‍ ഇപ്പോള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല എന്നതാണ് സത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല