1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2011

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടു മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആര്‍.എസ്.ഗവായി സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്ഭവന്‍ അങ്കണത്തില്‍ കൃത്യം രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചത്. ആദ്യം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു സത്യപത്രിജ്ഞ. അതിനുശേഷം മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെ.എം.മാണി, സോഷ്യലിസ്റ്റ് ജനത പ്രതിനിധി കെ.പി.മോഹനന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രതിനിധി ടി.എം. ജേക്കബ്, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം പ്രതിനിധി കെ.ബി.ഗണേഷ്‌കുമാര്‍, ആര്‍.എസ്.പി.ബി പ്രതിനിധി ഷിബു ബേബി ജോണ്‍ എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. ആദ്യമായി മന്ത്രിസഭയിലെത്തുന്ന ഷിബു ബേബി ജോണ്‍ മാത്രമാണ് ഇംഗ്ലിഷില്‍ സത്യപ്രതിജ്ഞ ചെയ്തത്.

നാലു തവണ മന്ത്രിയായ ഉമ്മന്‍ചാണ്ടി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദമേറുന്നത്. കേരളത്തിന്റെ ഇരുപത്തിയൊന്നമത് മുഖ്യമന്ത്രിയെന്ന പദവിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ഇതോടെ കൈവന്നിരിയ്ക്കുന്നത്.

കെ.എം. മാണി പതിമൂന്നാം തവണയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും നാലാം തവണയും ഗണേഷ്‌കുമാര്‍ രണ്ടാം തവണയും ഷിബു ബേബി ജോണും കെ.പി. മോഹനനും ആദ്യമായിട്ടുമാണ് മന്ത്രിമാരാകുന്നത്. മന്ത്രിസ്ഥാനത്തെത്തി കെ. എം.മാണി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ബുധനാഴ്ച അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കു വ്യവസായവകുപ്പ ്‌ലഭിക്കും. കെ.എം. മാണിക്കു ധനവകുപ്പ് കൂടാതെ നിയമം, ഭവനനിര്‍മാണം എന്നിവ ലഭിക്കും. കെ.പി. മോഹനന് കൃഷിയും മൃഗസംരക്ഷണവും. ടി.എം. ജേക്കബിനു ഭക്ഷ്യ സിവില്‍സപ്‌ളൈസ് വകുപ്പും തുറമുഖവും ലഭിക്കും. ടൂറിസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവ കെബി ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്യും. ഷിബു ബേബി ജോണാണു തൊഴില്‍മന്ത്രി.

വി.എസ്. അച്യുതാനന്ദന്‍, എം.എ.ബേബി, പി.കെ.ഗുരുദാസന്‍, എസ്. ശര്‍മ, തോമസ് ഐസക്, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങിയ നേതാക്കളും നൂറു കണിക്ക് പ്രവര്‍ത്തകരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

രാജ്ഭവന് മുന്നിലൊരുക്കിയ പ്രത്യേക പന്തലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. പന്തലിനകത്തേക്ക് കടക്കാനാകാതെ നൂറുകണക്കിന് അനുയായികള്‍ രാജ്ഭവന്റെ കവാടത്തിലും നിലകൊണ്ടിരുന്നു. ഇവിടെ ഇവര്‍ക്കായി വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞ തല്‍സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

സത്യപ്രതിജ്ഞയ്ക്കായി ഓരോരുത്തരെയും ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പെത്തുമ്പോഴും പന്തലില്‍ തിങ്ങിനിറഞ്ഞ അണികള്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

കേരളത്തില്‍ പെട്രോളിന് 1.22 രൂപ കുറയും

പെട്രോളിന്റെ കൂട്ടിയ വിലയുടെ അധിക നികുതി കേരളത്തില്‍ ഈടാക്കില്ല. ഇതനുസരിച്ച് സംസ്ഥാനത്ത് പെട്രോളിന് 1.22 രൂപ കുറയും. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുതുതായി അധികാരമേറ്റ യു ഡി എഫ് മന്ത്രിസഭയുടെ ആദ്യയോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വാഹനപണിമുടക്ക് പിന്‍‌വലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി അഭ്യര്‍ത്ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പാക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 486 കുടുംബങ്ങള്‍ക്കാണ് ഈ ധനസഹായം ലഭ്യമാവുക. എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച എല്ലാ ശുപാര്‍ശകളും അംഗീകരിക്കും സര്‍ക്കാര്‍ തീരുമാനിച്ചു.

ജനുവരി ഒന്ന് മുതലുള്ള എല്ലാ നിയമനങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പ്ലസ്‌വണ്‍ പ്രവേശനത്തില്‍ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍മഴ ദുരിതം വിതച്ച കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്കായി പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങി നല്‍കും. ഇതിന്റെ ചിലവ് പൂര്‍ണമായും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തും.

കൃഷിനാശം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കുള്ള സാമ്പത്തികസഹായം ഇരുപതിനായിരം രൂപയായി ഉയര്‍ത്തുമെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.