
സ്വന്തം ലേഖകൻ: രേഖകൾ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) പാസ്പോർട് വിതരണവും വേഗത്തിലാക്കാൻ ഊർജിത നടപടികൾ സ്വീകരിച്ചതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചു. കൊവിഡ് കാലത്ത് മുന്നിൽ നിന്നു പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
കൊവിഡ് മൂലം പ്രവർത്തനം നിർത്തിവച്ചതിനെ തുടർന്ന് ബിഎൽഎസ് കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്ന നടപടി അടുത്ത മാസം അവസാനത്തോടെ പൂർത്തിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അപേക്ഷകർക്ക് അഞ്ചുദിവസത്തിനുള്ളിൽ ബിഎൽഎസ് കേന്ദ്രങ്ങളിൽ അപ്പോയ്മെന്റുകൾ ലഭിക്കുന്നുണ്ട്. പെട്ടെന്ന് സേവനം വേണ്ടവർക്കാണ് പ്രീമിയം ലോഞ്ച് സൌകര്യം നൽകി 250 ദിർഹം ഈടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിദിനം 1500 പാസ്പോർടുകൾ നൽകുന്നുണ്ട്. പാസ്പോർട്ടില്ലാത്തവർ ഇന്ത്യൻ പൌരത്വം തെളിയിക്കുന്ന ഏതെങ്കിലും രേഖകൾ ഹാജരാക്കിയാൽ എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. 40 സർട്ടിഫിക്കറ്റുകൾ വരെ ഇങ്ങനെ പ്രതിദിനം നൽകുന്നുണ്ട്. നവംബർ 17 വരെ പിഴയിളവ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇക്കാലയളവിൽ കൂടുതൽ പേർക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനാകും. അതിന് നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതെക്കുറിച്ച് കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും.
വർഷത്തിൽ 365 ദിവസവും കോൺസുലാർ സേവനം ലഭിക്കാൻ നടപടിയായിട്ടുണ്ട്. ഏകജാലക സംവിധാനവും ഏർപ്പെടുത്തി. പരാതി ഉന്നയിച്ച് 24 മണിക്കൂറിനുള്ളിൽ കോൺസുലേറ്റിൽ നിന്ന് ഇടപെടീലുണ്ടാകും. സംവിധാനം ഏർപ്പെടുത്തി രണ്ടാഴ്ചക്കുള്ളിൽ 1600 പേർ ബന്ധപ്പെടുകയും അവയ്ക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല