1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

മക്കള്‍ രാഷ്ട്രീയം ഇന്ത്യയില്‍ വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. പ്രത്യേകിച്ച് വ്യക്തികളുടെ പേരില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുകയും ആ ഗ്രൂപ്പുകളില്‍ പിതാവിനൊപ്പം മക്കളും അരങ്ങു വാഴുന്നതും ഇന്ന് സര്‍വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. കെ. മുരളീധരന്‍ മുതല്‍ അനൂപ്‌ ജേക്കബ് വരെ അതിന്റെ ഉദാഹരണങ്ങള്‍ ആണ്. മുരളീധരന്റെ കാര്യത്തില്‍ കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ പിന്തുണയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ എന്തെങ്കിലുമൊക്കെ ആക്കിയത് .എന്നാല്‍ പിള്ളയുടെയും മകന്‍ ഗണേഷിന്റെയും കാര്യത്തില്‍ മകന്റെ നേട്ടത്തില്‍ അച്ചന്റെ തഴമ്പ് കാര്യമായ ഒന്നും ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്. എങ്കിലും അച്ഛന്റെ ഒഴുവില്‍ കിട്ടിയ സീറ്റില്‍ മകന്‍ കയറി ഇരുന്നു എന്നത് സത്യമാണ്. പക്ഷെ മകന്‍ അച്ഛനെക്കാള്‍ മിടുക്കനായാല്‍ എന്തുചെയ്യും?

അങ്ങനെ മകന്റെ അച്ഛന്‍ എന്ന പദവി തനിക്ക് വേണ്ട എന്ന് തന്നെയാണ് പിള്ള ഉറപ്പിച്ചിരിക്കുന്നത്.അഴിമതിക്കേസില്‍ അഴിയെണ്ണി സല്‍പ്പേര് സമ്പാദിച്ച പിള്ള ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ തുടങ്ങി മകനെതിരെയുള്ള പടയൊരുക്കം . കൂട്ടിനു തന്റെ കേരള കോണ്‍ഗ്രസ് (ബി) യിലെ ചിലരെയും കൂട്ടുപിടിച്ചു. താന്‍ ജയിലില്‍ ടൂര്‍ പോയപ്പോള്‍ വെറുതെ പിടിച്ചു ഇരുത്തിയതാണ് ഗണേഷിനെ എന്നും ഇനി മകനായാലും ആരായാലും ശരി തനിക്കായി രാജി വെച്ച് ഇറങ്ങണം എന്നാണ് പിള്ള സാറിന്റെ നിലപാട്. കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ മകന്റെ കയ്യില്‍ നിന്നും മന്ത്രിക്കസേര പിടിച്ചു വാങ്ങിയ പാരമ്പര്യവും പിള്ള സാറിനുണ്ട്.തന്റെ ഡമ്മി ആയി പ്രവര്‍ത്തിക്കാത്തതും പാര്‍ട്ടിക്കാര്‍ പറയുന്നത് കേള്‍ക്കതതുമാണ് ഇപ്പോള്‍ പ്രശ്നമെന്നുമാണ് പറയപ്പെടുന്നത്‌. .എന്നാല്‍ ഒരു വട്ടം കൂടിയാ മന്ത്രിക്കസേരയില്‍ വെറുതെയോന്നിരിക്കാന്‍ പിള്ളയ്ക്ക് ഉണ്ടായ മോഹമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് അസൂയക്കാര്‍ പറയുന്നത്. മകനെ അടിച്ചിറക്കാന്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങിയ പിള്ള പിറവം തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

ഒടുവില്‍ പിറവം കഴിഞ്ഞു. അനൂപ്‌ ജേക്കബ്‌ മന്ത്രി പദവിയിലേക്കു നീങ്ങുകയും, ലീഗ് അഞ്ചാം മന്ത്രിക്കു വേണ്ടിയും മുറവിളി കൂട്ടുകയും തുടങ്ങിയപ്പോള്‍ അതിനിടയില്‍ പിള്ളയും തുടങ്ങി മകനെതിരെയുള്ള യുദ്ധം. ഒന്നിന് പുറകെ ഒന്നായി മകനെതിരെ പിള്ള തുറന്നടിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗണേഷ്കുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് അബദ്ധമായി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു പാര്‍ട്ടിക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുര്യോഗമാണ് ഒമ്പതു മാസമായി ലക്ഷക്കണക്കിനു വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഭവിക്കുന്നതെന്നും ഭൂമിയോളം സഹിച്ചും ക്ഷമിച്ചും നിന്നുകൊടുത്തു. ഒരു മാറ്റവുമില്ല. മന്ത്രിയെക്കൊണ്ട് സഹികെട്ടു. അഹങ്കാരം മൂര്‍ധന്യത്തിലെത്തി. മുന്നണി ഉണ്ടാക്കിയവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും കൂടുതല്‍ സര്‍വീസുള്ള ആളെന്ന നിലയില്‍ തന്‍റെയും പാര്‍ട്ടിയുടെയും അഭിമാനം സംരക്ഷിക്കാനുള്ള നടപടി യുഡിഎഫ് നടപടിയെടുക്കണം എന്നും പിള്ള തന്റെ മുന്നണിയെ അറിയിച്ചു.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയാകട്ടെ അന്നും ഇന്നും രഹസ്യമായി ഗണേഷിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതില്‍ ന്യായം ഉണ്ടായിരുന്നു അച്ഛനെക്കാള്‍ മിടുക്കന്‍, അച്ഛനെപ്പോലെ അഴിമതിയാരോപണം നേരിട്ടിട്ടില്ല, ജയിലില്‍ കിടന്നില്ല. അഭിനയം എന്ന ഒറ്റ കാര്യത്തില്‍ ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും എന്തുകൊണ്ടും പിള്ളയെക്കാന്‍ മിടുക്കന്‍ ഇതൊക്കെ കൊണ്ട് ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഗണേഷിനൊപ്പം നിന്നും. പ്രൊഫഷണല്‍ നടന്‍ ആയ ഗണേഷിനെ കടത്തി വെട്ടുന്ന പിള്ളയുടെ അടവുകള്‍ക്കിടയില്‍ കിടന്നു ചക്രശ്വാസം വലിക്കുന്നത് സാക്ഷാല്‍ ചാണ്ടി സാറാണ്.മന്ത്രിസ്ഥാന മോഹികളും ശെല്‍വരാജനും കൂടി ഉറക്കമില്ലാത്ത രാത്രികളാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

എന്തായാലും ശരി അച്ഛനെയും മകനെയും പിണക്കിയാല്‍ ശരിയാകില്ല എന്ന് യുഡിഎഫിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ പിള്ളയ്ക്കും വേണ്ടേ യുഡിഎഫില്‍ ഒരു പിന്തുണ? അങ്ങനെ അങ്ങനെ ഒരാളും കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തു, രമേശ്‌ ചെന്നിത്തല. പിള്ളസാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത് എന്നാല്‍ ആ കാര്യം എന്തെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കിയില്ല. പിള്ള പറയുന്നത് പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ വേണ്ടെന്നാണ്. പാര്‍ട്ടി എന്നാല്‍ പിള്ളയെന്ന പിതാവ്‌, മന്ത്രിയാകട്ടെ ഗണേഷ്‌ എന്ന മകന്‍. അങ്ങനെയാകുമ്പോള്‍ ഇതവരുടെ കുടുംബ പ്രശ്നം അല്ലെ? ആരാന്റെ കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്പര്യം ആണല്ലോ അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തില്‍ യുഡിഎഫ് എന്ന തറവാട്ടില്‍ ഉള്ളവരും പിന്നെ എല്ലാം കണ്ടിരിക്കുന്ന ജനങ്ങളും ഇടപെടെണ്ടതുണ്ട്.അത്യാവശ്യം ചില്ലറ തടയാന്‍ വേണ്ടി പാര്‍ട്ടിക്ക് വേണ്ടി പിടിച്ചു വാങ്ങിയ വനം എന്ന വകുപ്പിന്റെ മന്ത്രിയായി മരിക്കാനുള്ള പിള്ളയുടെ മോഹം വെറും സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന് കണ്ടറിയാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.