1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

വി.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ ശക്തമായി പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്‌. ഇന്നലെ പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ്‌ അച്യുതാനന്ദനെ വിമര്‍ശിച്ചും മണിയെ പിന്തുണച്ചും പിണറായി രംഗത്തെത്തിയത്‌. മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതില്‍ ആരും വേവലാതിപ്പെടേണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയ പിണറായി മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നത്‌ ശരിയല്ലെന്നും ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘത്തെ ഭീഷണിപ്പെടുത്തുന്നത്‌ പാര്‍ട്ടി നയമല്ലെന്നുമുള്ള അച്ചുതാനന്ദന്റെ കോഴിക്കോട്‌ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു. കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ഇനിയും നിയമപരമായി ചോദ്യം ചെയ്യുമെന്നും ഇങ്ങനെ ചോദ്യം ചെയ്യുന്നത്‌ മാധ്യമങ്ങള്‍ക്കെതിരായ കടന്നുകയറ്റമല്ലെന്നും പിണറായി പറഞ്ഞു.

ഒരു പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ മൂക്ക്‌ ചെത്താമെന്ന്‌ ആരും കരുതേണ്ടെന്നും മണിയുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട്‌ പിണറായി പറഞ്ഞു. മണിക്കെതിരായ കേസുകളെയെല്ലാം പാര്‍ട്ടി നേരിടും. മണി ഒളിവില്‍ പോയെന്ന്‌ മാധ്യമങ്ങള്‍ പറയുന്നത്‌ ശരിയല്ലെന്നും മണി ഇടുക്കിയില്‍ തന്നെയുണ്ടെന്നും തന്നെ ഇടക്കിടെ വിളിക്കുന്നുണ്ടെന്നും പിണറായി വെളിപ്പെടുത്തി. മണിയെ ന്യായീകരിച്ചും അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടുമുള്ള പിണറായിയുടെ പയ്യന്നൂര്‍ പ്രസംഗവും വിവാദമായിരിക്കുകയാണ്‌.

അതിനിടെ ജയിലില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ വെച്ചതിനെയും പിണറായി ന്യായീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ ജയില്‍ സന്ദര്‍ശിച്ചതിനുശേഷമാണ്‌ ജയില്‍ ബ്ലോക്കുകളിലെ ചിത്രങ്ങള്‍ കലാസൃഷ്ടികളാണെന്നും തങ്ങള്‍ക്ക്‌ താല്‍പര്യമുള്ളവരുടെ ചിത്രങ്ങള്‍ വരക്കുന്നതില്‍ അനൗചിത്യമില്ലെന്നും പിണറായി പ്രതികരിച്ചത്‌. ഒരുവിഭാഗത്തിന്റെ മാത്രം ചിത്രങ്ങളല്ല ഇവിടെ സ്ഥാപിച്ചിട്ടുള്ളത്‌. എന്നാല്‍ അത്തരം ചിത്രങ്ങള്‍ ജയിലില്‍ വെക്കാമോയെന്ന കാര്യം തീരുമാനിക്കേണ്ടത്‌ ജയിലധികൃതരാണെന്നും പിണറായി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.