1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2012

കൊച്ചി:സിപിഎമ്മില്‍ സമീപകാലത്ത് രൂപപ്പെട്ട ഐക്യത്തിന്റെ നേര്‍ചിത്രംകൂടിയാണ് പുസ്തക രചനയിലൂടെ പ്രകടമാകുന്ന ഈ ഐക്യവും. വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ കാര്‍ട്ടൂണുകളിലൂടെയും ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ തുടങ്ങിയവരുടെ ഓര്‍മകളിലൂടെയും വിവരിക്കുന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ‘വര, വരി, വി.എസ്’ എന്ന ‘ജീവചരിത്രത്തിന്റെ’ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സുധീന്ദ്രനാഥ് ആണ്. കേരളത്തിലെ അറിയപ്പെടുന്ന 15ഓളം കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളിലൂടെ മുന്നോട്ടുപോകുന്ന ജീവചരിത്രത്തില്‍ വി.എസിന്റെ സഹപ്രവര്‍ത്തകരുടെയും പ്രതിയോഗികളുടെയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖവുരയില്‍ വി.എസിന്റെ ത്യാഗോജ്ജ്വല സമരങ്ങളെ പിണറായി വിജയന്‍ അനുസ്മരിക്കുന്നു. ജനജീവിതത്തില്‍ സജീവമായി ഇടപെടുന്നതുകൊണ്ടു തന്നെ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായി വി.എസ് മാറിക്കഴിഞ്ഞിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ പലപ്പോഴും ആക്ഷേപ ഹാസ്യങ്ങളുടെ രൂപത്തില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ഉണ്ടാവാറുണ്ട്. ഇവയെല്ലാം സമാഹരിക്കുന്നത് ഒരു ചരിത്രകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാകട്ടെ എന്ന ആശംസയോടെയാണ് മുഖവുര അവസാനിക്കുന്നത്.
അതേസമയം മുന്നണിയില്‍ ഭിന്നതയും പാര്‍ട്ടിയില്‍ വിഭാഗീയതയും ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാണ് നേതാക്കളുടെ നീക്കങ്ങള്‍. പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് ദുരന്തഭൂമിയായി മാറിയ കണ്ണൂര്‍ ചാലയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ നടത്തിയ സന്ദര്‍ശനം, വാര്‍ത്താസമ്മേളനങ്ങള്‍ എന്നിവയില്‍ വിവാദം ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ചാലയില്‍ ആദ്യം എത്തിയ പിണറായി ഏതാനും വീടുകള്‍ കയറിയതിനു പിന്നാലെയായിരുന്നു വി.എസ് വന്നത്. തുടര്‍ന്നുള്ള സന്ദര്‍ശനങ്ങള്‍ ഇരുവരും ഒന്നിച്ച് നടത്തി. വാര്‍ത്താസമ്മേളനങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വിവാദമാകാവുന്ന മറുപടി ഒഴിവാക്കാനും സൂക്ഷ്മത പുലര്‍ത്തി. പിണറായിയുടെ പക്ഷത്തുനിന്നാണ് ഇതിനുള്ള ജാഗ്രതയുണ്ടായത്. കണ്ണൂര്‍ ഗെസ്റ്റ്ഹൗസിലായിരുന്നു വി.എസിന്റെ വാര്‍ത്താസമ്മേളനം. ഇതില്‍ പങ്കെടുത്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, വി.എസ് ഉന്നയിച്ച ആവശ്യങ്ങള്‍ തല്‍സമയം കുറിച്ചെടുക്കുന്നുണ്ടായിരുന്നു. വാര്‍ത്താസമ്മേളനം തുടരുന്നതിനിടെ എഴുന്നേറ്റ് പുറത്തേക്ക് പോവാന്‍ ഒരുങ്ങിയ ജയരാജന്‍ തിരിച്ച് വന്ന് വി.എസിന്റെ കാതില്‍ മന്ത്രിച്ച് സമ്മതം വാങ്ങിയാണ് സ്ഥലംവിട്ടത്.
വി.എസ് പറഞ്ഞത് എന്തെല്ലാമെന്ന് തന്റെ വാര്‍ത്താസമ്മേളനത്തിനു മുമ്പ് കൃത്യതയോടെ മനസ്സിലാക്കാന്‍ പിണറായിക്ക് പി. ജയരാജന്റെ കുറിപ്പുകള്‍ സഹായകമായി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ആവര്‍ത്തിക്കാതിരിക്കാനും വി.എസ് ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സംശയത്തിന്റെ മുള്‍മുനയില്ലാതെ മറുപടി നല്‍കാനും പിണറായിക്ക് സാധിച്ചു. വിവാദം ഉന്നമിട്ട് ചോദ്യങ്ങള്‍ തൊടുത്തവരെ വി.എസും പിണറായിയും നിരാശരാക്കി.
ഇടതുമുന്നണി ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തും പരിഗണിച്ചും നീങ്ങുന്നതും കണ്ണൂരിന്റെ അനുഭവമായി. പ്രതിപക്ഷ നേതാവിന്റെ ഒപ്പം ഘടകകക്ഷി നേതാക്കളായ സി. ദിവാകരന്‍, സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി. തോമസ്, ഇല്ലിക്കല്‍ ആഗസ്തി എന്നിവര്‍ ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കാണുംമുമ്പ് ഈ നേതാക്കളുമായി കൂടിയിരുന്ന് ആശയവിനിമയവും നടത്തിയിരുന്നു.
പി. ജയരാജന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും നടത്തിയ പ്രസ്താവനകള്‍ മുന്നണിയിലെ വിഭാഗീയതയായി വളരുമെന്നായിരുന്നു ഘടകകക്ഷികളുടെ ആശങ്ക. സി.പി.ഐ, സി.പി.എം കക്ഷികളുടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുകള്‍ വരെ ഇക്കാര്യത്തിലുണ്ടായി. എന്നാല്‍, കണ്ണൂരിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനു തുല്യമായ സമയം സംസാരിക്കാന്‍ സി. ദിവാകരന് നേതാക്കള്‍ അവസരം നല്‍കി. രണ്ടുവര്‍ഷം മുമ്പ് കരുനാഗപ്പള്ളിയില്‍ സംഭവിച്ച ടാങ്കര്‍ ദുരന്തത്തെക്കുറിച്ച് നേരറിവുള്ള ദിവാകരന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന ആമുഖത്തോടെ വി.എസ് തന്നെ സി.പി.ഐ നേതാവിന് അവസരം ഒരുക്കുകയായിരുന്നു.
വിവാദങ്ങള്‍ ഒടുങ്ങണമെന്നതാണ് സി.പി.ഐയുടെ മലബാര്‍ നേതൃത്വത്തിന്റെ പൊതുവായ നിലപാട്. ടി.പി. ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് സ്വീകരിച്ച തീവ്രമായ നിലപാടില്‍നിന്ന് സി.പി.ഐ പിന്മാറിയിരുന്നു. പിണറായി-പന്ന്യന്‍ വാക്‌പോര് വീണ്ടും മലബാറിലെ സി.പി.ഐയെ അകറ്റി. അംഗസംഖ്യയില്‍ ദുര്‍ബലമായിട്ടും സി.പി.ഐക്ക് വീതിച്ചുകിട്ടി ജയിക്കുന്ന നാദാപുരം, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങള്‍ കൈവിട്ടുപോവുമെന്ന ആശങ്കയാണ് അണിയറ ചര്‍ച്ചയായത്.
സി.പി.എം നേതാക്കളുടെ ശൈലീമാറ്റം പൊലീസിനോടുള്ള സമീപനത്തിലും പ്രകടമാവുന്നുണ്ടെന്ന് പൊലീസ് ഓഫിസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ധാര്‍ഷ്ട്യത്തിന്റെ ഭാഷ നേതാക്കള്‍ കൈവിടുകയാണത്രെ. കഴിഞ്ഞദിവസം കണ്ണൂരില്‍ പൊലീസ് പാര്‍ട്ടി പ്രവര്‍ത്തകനെ അറസ്റ്റുചെയ്ത് കൊണ്ടുവന്നതിനു പിന്നാലെ പ്രമുഖ നേതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് ഭവ്യതയോടെ ആരായുകയും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പൊലീസ് ഓഫിസറെപ്പോലും ‘സര്‍’ വിളിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടായി.
പി. ജയരാജനെ അറസ്റ്റുചെയ്ത ദിവസം കണ്ണൂരിലും അടുത്ത ദിവസം ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായും അക്രമങ്ങള്‍ നടന്നിരുന്നു. നേതാക്കളുടെ പ്രസംഗങ്ങള്‍ പ്രകോപനപരവും അണികള്‍ക്ക് അക്രമങ്ങള്‍ക്ക് പ്രചോദനവുമായി. പൊലീസിനെതിരെ പൊതുവെയും ചില ഓഫിസര്‍മാര്‍ക്കെതിരെ പ്രത്യേകമായും രൂക്ഷമായ വിമര്‍ശങ്ങളാണ് നേതാക്കള്‍ നടത്തിവന്നത്. ഷുക്കൂര്‍ വധകേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി പി. സുകുമാരന്റെ ജീവന് ഭീഷണിയുണ്ടായതിനാല്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും ജില്ലാ പൊലീസ് ചീഫിന്റെയും സാന്നിധ്യത്തില്‍ ഈ ഓഫിസറെ ശകാരിച്ചതിന് എം.വി. ജയരാജനെതിരെ കേസ് നിലവിലുണ്ട്.
ടി.പി വധം, ഷുക്കൂര്‍ വധം എന്നിവയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതികളിലെ കഴമ്പില്ലായ്മയും പുറത്തുവരുകയാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന കൊടി സുനിയും മറ്റു പ്രതികളും ഓണാഘോഷത്തിന്റെ ഭാഗമായി കമ്പവലി മത്സരത്തില്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസ് മര്‍ദനത്തില്‍ കടുത്ത നടുവേദന ഉള്‍പ്പെടെ ശാരീരിക അവശതകള്‍ നേരിടുന്നതായി പരാതിപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണിവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.