സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18 ന്. വോട്ടെണ്ണല്‍ 21 നു നടക്കും. മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.ജെ.ജേക്കബ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ്, എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം പിറവം ഉപതിരഞ്ഞെടുപ്പിലെ വിധി അതീവനിര്‍ണായകമാണ്. 72 അംഗങ്ങളാണ് യു.ഡി.എഫിന് ഇപ്പോള്‍ സഭയില്‍ ഉള്ളത്. നേരിയ ഭൂരിപക്ഷത്തിന് ഭരണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പിറവം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഭരണത്തിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങളെ സജ്ജമാക്കുന്നതിനായി ഇടതുമുന്നണിയും ശക്തമായിത്തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇരുമുന്നണികളും വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഐക്യമുന്നണി സ്ഥാനാര്‍ഥിയായ ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും, ഇടതുമുന്നണി സ്ഥാനാര്‍ഥിയായ മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബും പലതവണ മണ്ഡലത്തിലെ വീടുകള്‍ കയറിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എം. ജേക്കബ് വിജയിച്ചത്. അതിനുമുമ്പ് 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനെ ഇടതുമുന്നണിസ്ഥാനാര്‍ഥിയായിരുന്ന എം.ജെ. ജേക്കബ് അയ്യായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. മുന്നണികള്‍ക്ക് ജയപരാജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളതിനാല്‍ പിറവത്തെക്കുറിച്ച് പ്രവചനങ്ങള്‍ അസാധ്യമാണ്. അതുകൊണ്ട് തന്നെ സര്‍വശക്തിയുമെടുത്തുള്ള പോരാട്ടത്തിനാണ് ഇരുമുന്നണികളും കരുക്കള്‍ നീക്കുന്നത്. മണ്ഡലത്തിലെ ബി.ജെ.പി. വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍, പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല