ആരോരുമറിയാതെ കരയുന്ന നേരത്ത്
ആകാശം നോക്കി ഞാനിരുന്നുവല്ലോ
അകലെയാണെങ്കിലും എന്റെ മുത്തേ
അറിയാതെ ഞാനിന്നും സ്നേഹിക്കുന്നൂ
നിന്മുഖം കാണുമ്പോള്‍ എന്‍ മനോദുഖങ്ങള്
അന്നോളമിന്നോളം അലിയുന്നല്ലോ
ആ നീലരാവിന്റെ വര്‍ണ്ണപ്രഭയില്‍
ആരോമലേ നീ തിളങ്ങി നിന്നു
പാല്നിലാവൂറുന്ന നിന് പുഞ്ചിരി
പയ്യെ ..പയ്യെ ഞാന്‍ സ്വന്തമാക്കി
എന്‍ വദനത്തിലെ നിറപുഞ്ചിരി
നിന്നുടെ സ്നേഹത്തിന് ബിംബമല്ലേ
അമ്മതന്‍ തോളില്‍ കരയുന്നയെന്നെ
അമ്പിളി മാമനെ കാട്ടിത്തന്നു
നിന് മനോരൂപത്തില്‍ മയങ്ങിയന്നു
എന്‍ മിഴിയിതളുകള്‍ അടഞ്ഞുവല്ലോ
അന്നുതൊട്ടിന്നോളം എന്നുടെ ദു:ഖങ്ങള്‍
നിന്നോടു ചൊല്ലുമ്പോള്‍ മായുന്നല്ലോ
അമ്പിളി മാമന്റെ പാല്പുഞ്ചിരി
അമ്മതന്‍ പുഞ്ചിരി തന്നെയല്ലോ
അകലെയാണെങ്കിലും അമ്മതന്‍ പുഞ്ചിരി
അമ്പിളി തന്നില്‍ കാണുന്നു ഞാന്‍
അരികിലില്ലെങ്കിലും എന്റെ മുത്തെ
അമ്മയെപ്പോല് നിന്നെ സ്നേഹിക്കുന്നൂ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല