1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ആരംഭിച്ചു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരില്‍ മാത്രമാണ് കാലത്ത് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടത്.

ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ ഏഴു ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.എഫ്.ലോറന്‍സ് കാരോട് പഞ്ചായത്തിലെ എറിച്ചല്ലൂര്‍ എല്‍.പി.ജി.എസിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി വോട്ട് ചെയ്ത ശേഷം അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജിനും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനും നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വോട്ടില്ല.

നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ് അല്‍പനേരം തടസ്സപ്പെട്ടു.

ആകെ 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇതില്‍ മുന്‍ എം.എല്‍.എ. ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം. ആകെ 143 പോളിംഗ് ബൂത്തുകളുണ്ട്. 1,63,993 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇവയില്‍ പുരുഷന്‍മാര്‍ 79,161 ഉം സ്ത്രീ വോട്ടര്‍മാര്‍ 84,832 ആണ്. 1,40,000 വോട്ടുകള്‍ പോള്‍ ചെയ്യുമെന്നാണ് കണക്ക്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.