ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി പ്രതിഭ ദേവിസിങ് പാട്ടീല്‍ വിടവാങ്ങി.
രാജ്ഘട്ടിലെ ഗാന്ധിസമാധിയിലും മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്നിവരുടെ സമാധിസ്ഥാനങ്ങളിലുമെത്തി ആദരമര്‍പ്പിച്ച ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പ്രണബ് മുഖര്‍ജി പുറപ്പെട്ടത്. ആദ്യം രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹത്തെ പ്രതിഭ ദേവിസിങ് പാട്ടീല്‍ സ്വീകരിച്ചു. പിന്നീട് അകമ്പടിയോടെ പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളിലേക്ക്.
പ്രണബ് മുഖര്‍ജി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അതേതുടര്‍ന്ന് പ്രതിഭ പാട്ടീല്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് പ്രണബിനെ ക്ഷണിച്ചു. കൂപ്പുകൈകളോടെ സദസ്സിനെ അഭിവാദ്യം ചെയ്ത് പ്രണബ് പുതിയ ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ പുറത്ത് അധികാരമാറ്റം വിളംബരം ചെയ്ത് 21 ആചാരവെടി മുഴങ്ങി. സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പുവെച്ച പ്രണബ് തുടര്‍ന്ന് സദസ്സിനെ അഭിസംബോധന ചെയ്തതോടെ 25 മിനിട്ട് നീണ്ട ചടങ്ങ് അവസാനിച്ചു.
പ്രൗഢമായ സദസ്സാണ് പ്രണബ് മുഖര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ ഉണ്ടായിരുന്നത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, വിവിധ കക്ഷി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല