അധികാര കാലാവധിയുടെ അവസാനഘട്ടത്തിലെത്തിയ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ വീണ്ടും വിവാദകേന്ദ്രമാകുന്നു. പദവിയൊഴിഞ്ഞശേഷം പ്രതിഭാ പാട്ടീലിനും കുടുംബത്തിനും താമസിക്കാനായി നിര്‍മിക്കുന്ന കെട്ടിടത്തെചൊല്ലിയാണ് പുതിയ വിവാദം. പൂനെയില്‍ വീടു പണിയാനായി പ്രസിഡന്റിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു എന്ന ആരോപണവുമായി വിമുക്‌തഭടന്‍മാരുടെ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.
നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഖഡ്‌കി കന്റോണ്‍മെന്റില്‍ ഇതിനായി 2.60 ലക്ഷം ചതുശ്രഅടി സൈനിക ഭൂമി അനുവദിച്ചതെന്ന് ‘ജസ്‌റ്റിസ് ഫോര്‍ ജവാന്‍’ എന്ന എന്‍.ജി.ഒയുടെ അമരക്കാന്‍ റിട്ട. ലഫ്‌റ്റനന്റ് കേണല്‍ സുരേഷ് പാട്ടീല്‍ ആരോപിച്ചു. 4500 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ‘മണിമാളിക’ കെട്ടിപ്പൊക്കാനായി ബ്രിട്ടീഷ്രാജ് കാലത്തെ രണ്ടു ബംഗ്ലാവുകള്‍ ഇടിച്ചു നിരത്തിയെന്നും സുരേഷ് പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശയാത്രകള്‍ക്കായി രാഷ്‌ട്രപതി 205 കോടി രൂപയാണു പൊടിച്ചതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കൊട്ടാര വിവാദവും ചൂടുപിടിച്ചതോടെ നിഷേധക്കുറിപ്പുമായി രാഷ്‌ട്രപതിഭവനും രംഗത്തെത്തി. നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് രാഷ്‌ട്രപതിയുടെ ഓഫീസ് വ്യക്‌തമാക്കി. നിയമമനുസരിച്ച് സ്‌ഥാനമൊഴിഞ്ഞ രാഷ്‌ട്രപതിക്ക് സ്വന്തമിഷ്‌ടപ്രകാരം ഇന്ത്യയിലെവിടെയും പൂര്‍ണസജജ്‌മായ താമസസ്‌ഥലത്തിന് അര്‍ഹതയുണ്ട്.
സര്‍ക്കാര്‍ വസതികള്‍ ലഭ്യമല്ലാത്ത സ്‌ഥലങ്ങളില്‍ മുന്‍പ്രസിഡന്റിന് 4500 ചതുരശ്ര അടി വിസ്‌തീര്‍ണം വരെയുള്ള വസതികള്‍ക്ക് അര്‍ഹതയുണ്ട്. ഇതിലെ ലിവിംഗ് ഏരിയയുടെ വിസ്‌തീര്‍ണം 2000 ചതുരശ്ര അടിയില്‍ കൂടരുത്. മുന്‍പ്രസിഡന്റിന്റെ മരണശേഷം ഭര്‍ത്താവ്/ഭാര്യയ്‌ക്ക് മരണം വരെ ഈ വസതി ഉപയോഗിക്കാം.
സൈനികഭൂമി വ്യക്‌തികള്‍ക്ക് കൈമാറ്റം ചെയ്യുന്ന പ്രശ്‌നമില്ലെന്നും പ്രതിഭാ പാട്ടീലിന്റെ കാലശേഷം ഭൂമിയും കെട്ടിടവും സൈന്യത്തിനു തിരികെ ലഭിക്കുമെന്നും രാഷ്‌ട്രപതിഭവന്‍ വക്‌താവ് അര്‍ച്ചനാ ദത്ത വ്യക്‌തമാക്കി. സൈനിക ഭൂമി സംബന്ധിച്ച വിവാദമായതിനാല്‍ പ്രതിരോധമന്ത്രാലയമാണ് പ്രശ്‌നത്തില്‍ വിദഗ്‌ധ അഭിപ്രായം പറയേണ്ടതെന്നും രാഷ്‌ട്രപതിഭവന്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല