1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2021

സ്വന്തം ലേഖകൻ: വാക്സിൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ പാസ്പോർട്ടിൽ; അയാട്ടയുടെ കോവിഡ് യാത്രാ സംവിധാനം ഖത്തർ എയർവേയ്സിൽ നടപ്പിലാക്കുന്നു. കോവിഡ്​ മുൻകരുതലുകൾ പാലിച്ച്​ സുരക്ഷിത യാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റൽ പാസ്​പോർട്ട്​ സേവനം വഴി കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ സൂക്ഷിക്കുന്ന സംവിധാനമാണ്​ ഒരുക്കുന്നത്​.

ലോകത്ത്​ ആദ്യമായാണ്​ യാത്രക്കാരൻ വാക്​സിൻ സ്വീകരിച്ചു എന്നുറപ്പുവരുത്താൻ ‘ഡിജിറ്റൽ രേഖ’ സംവിധാനം ഒരു എയർലൈൻസ്​ ഒരുക്കുന്നത്​. പുതിയ പദ്ധതിയുടെ ആദ്യഘട്ടം സ്വന്തം ക്യാബിൻ ക്രൂവിലൂടെ വരും ദിവസങ്ങളിൽ നടപ്പാക്കും. കുവൈത്ത്​, ലണ്ടൻ, ലോസ്​ആഞ്​ജലസ്​, ന്യൂയോർക്​, പാരിസ്​, സിഡ്​നി എന്നിവിടങ്ങളിൽ നിന്നും ദോഹയിലേക്കു വരുന്ന ഖത്തർ എയർവേസ്​ കാബിൻ ക്രൂ അംഗങ്ങൾക്കാണ് ഇത് ബാധകം.

ഇവർക്ക് കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റും, കോവിഡ്​ പരിശോധന ഫലവും ‘ഡിജിറ്റൽ പാസ്​പോർട്ടിൽ’ അപ്​ലോഡ്​ ചെയ്​ത്​ സൂക്ഷിക്കാനാവും. ദോഹയിലെത്തിയ ശേഷം​ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ മൊബൈൽ ആപ്പിലെ ഈ രേഖകൾ കാണിച്ചാൽ മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷണം വിജയകരമായാൽ യാത്രക്കാർക്കും ഈ സൗകര്യമൊരുക്കും.

പേപ്പറുകളുടെ ഉ​പയോഗം കുറക്കുക, കോവിഡ്​ കാലത്ത്​ പരസ്​പരം ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുക, യാത്ര എളുപ്പമാക്കുക എന്നിവയാണ്​ ഇതുവഴിയുള്ള നേട്ടങ്ങൾ. അയാട്ട ട്രാവൽ പാസ്​ ഡിജിറ്റൽ പാസ്​പോർട്ട്​ വഴി വാക്​സിനേഷൻ സർട്ടിഫിക്ക്​ സംവിധാനമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന്​ ഖത്തർ എയർവേസ്​ ഗ്രൂപ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ അക്​ബർ അൽ ബകർ പറഞ്ഞു.

ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പി.എച്ച്​.സി.സി, ഹമദ്​ മെഡിക്കൽ കോർപറേഷൻ എന്നിവക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ഖത്തർ എയർവേസും സർക്കാറും അയാട്ട ഡിജിറ്റൽ പാസ്‌പോർട്ട്​ നടപ്പാക്കുന്നതിൽ ലോകത്തിന് മാതൃക കാണിക്കുകയാണെന്ന്​ അയാട്ട ഡയറക്​ടർ ജനറൽ വില്ലീ വാൽഷ്​ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.