1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012

തിരുവനന്തപുരം:വന്നുവന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കേണ്ട പരിപാടിക്കുനേരെയും ക്വട്ടേഷന്‍ സംഘത്തിന്റെ കളി. പുന്നപ്ര വയലാര്‍ സമരനായകന്റെ മുമ്പില്‍ ക്വട്ടേഷന്‍സംഘത്തിന്റെ ഭീഷണിഫലിച്ചില്ലെന്നുമാത്രം. വി.എസ് ഉദ്ഘാടനം ചെയ്യേണ്ട പരിപാടി സംഘടിപ്പിക്കാതിരിക്കാനാണ് ഗുണ്ടാനേതാക്കള്‍ ഭീഷണിയുമായെത്തിയത്. എസ്എന്‍ഡിപിയുടെ തിരുവനന്തപുരം കുന്നുകുഴി ശാഖാ യോഗത്തിന്റെ ചതയദിനാഘോഷം കലക്കാനാണു ഗുണ്ടുകാട് സാബു, ഗര്‍ഭിണി ഷൈജു, റജി, തോണന്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ശാഖാ യൂണിറ്റ് പ്രസിഡന്റിനോടുള്ള വ്യക്തിവിരോധം തീര്‍ക്കാനായിരുന്നു ഗുണ്ടാനേതാക്കളുടെ ശ്രമം. പ്രസിഡന്റ് സഞ്ജു സുന്ദരേശന്‍ ഇതു സംബന്ധിച്ചു മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണു ശാഖയുടെ ചതയദിനാഘോഷം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയെക്കുറിച്ചു തങ്ങളോട് ആലോചിച്ചില്ലെന്നു പറഞ്ഞു ഗുണ്ടുകാട് സാബുവും സംഘവും തലേന്നു തന്നെ യൂണിറ്റ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരുന്നു. രാത്രി സഞ്ജുവിന്റെ വീട്ടില്‍ ചെന്ന സംഘം പ്രായമായ മാതാപിതാക്കളെ വിരട്ടി. പരിപാടി സംഘടിപ്പിച്ചാല്‍ സഞ്ജുവിന്റെ കയ്യും കാലും വെട്ടിയെടുക്കും എന്നും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി മ്യൂസിയം എസ്‌ഐ പ്രേംകുമാര്‍ പറഞ്ഞു.
വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ സംഘം സഞ്ജുവിന്റെ സഹോദരനെ ദേഹോപദ്രവമേല്‍പ്പിച്ചു. ഇയാളുടെ കയ്യില്‍ നിന്നു സഞ്ജുവിന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം ഫോണിലും ഭീഷണിപ്പെടുത്തി. തനിക്കു നേരെ ഉയര്‍ന്ന ഭീഷണി ശാഖാ യൂണിറ്റില്‍ അവതരിപ്പിച്ചപ്പോള്‍ അതു കാര്യമാക്കേണ്ടെന്നായിരുന്നു തീരുമാനം.
ഇന്നലെ രാവിലെ പരിപാടിക്ക് അരമണിക്കൂര്‍ മുന്‍പു സാബുവും സംഘവും കുന്നുകുഴി ഭാഗത്തുള്ള വീടുകളില്‍ ചെന്നു പരിപാടിയില്‍ പങ്കെടുക്കരുതെന്നു ഭീഷണി മുഴക്കി. സഞ്ജുവിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിന്റെ ഗേറ്റിലെത്തിയും സംഘം പരാക്രമം കാട്ടി. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും സംഘം നാലുപാടും ചിതറിയോടി. തുടര്‍ന്നു വി.എസ്.അച്യുതാനന്ദന്‍ ചതയദിനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയെങ്കിലും പരിപാടിക്കു വേണ്ടത്ര ആളുകള്‍ ഉണ്ടായിരുന്നില്ല. ഗുണ്ടാസംഘത്തിന്റെ ഭീഷണി മൂലം പലരും പിന്‍വാങ്ങുകയായിരുന്നെന്നു സഞ്ജു സുന്ദരേശന്‍ പരാതിയില്‍ പറയുന്നു. ഏതായാലും സംഭവം വിവാദമായതോടെ ഗുണ്ടുകാട് സാബുവും ഗര്‍ഭിണി ഷൈജുവും ഉള്‍പ്പെടെ നേതാക്കള്‍ പമ്പകടന്നിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.