1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2020

സ്വന്തം ലേഖകൻ: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വസതിക്കു പുറത്തു നിരവധി പേരാണു കാത്തുനിൽക്കുന്നത്. വ്യാഴാഴ്ച മരിച്ച പാസ്വാന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വെള്ളിയാഴ്ച രാവിലെയാണു വീട്ടിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രിയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെയും പാർലമെന്റിലെയും പതാകകൾ പകുതി താഴ്‍ത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പട്നയിൽ ശനിയാഴ്ചയാണു സംസ്കാരമെന്നു സർക്കാർ അറിയിച്ചു.

ഏതാനും നാളുകളായി ചികിത്സയിലായിരുന്ന പാസ്വാൻ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അരനൂറ്റാണ്ടോളം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരടക്കം 6 പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായി. പിന്നാക്ക സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്, വി.പി.സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയത് പാസ്വാന്റെ കൂടി ശ്രമഫലമായിട്ടായിരുന്നു.

1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ബിഹാർ നിയമസഭാംഗമായി. 1974ൽ ലോക്ദളിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്തു ജയിലിലായി. ജനതാ പാർട്ടി ടിക്കറ്റിൽ 1977ൽ ഹാജിപ്പുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. മൊത്തം 9 തവണ ഇവിടെ ജയിച്ചു. 1989 മുതൽ വിവിധ സർക്കാരുകളിലായി തൊഴിൽ, റെയിൽവേ, പാർലമെന്ററികാര്യം, വാർത്താവിനിമയം, കൽക്കരി, ഖനി, വളം–രാസവസ്തു വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ബിഹാറിലെ ഖഗരിയയിൽ ജനിച്ച പാസ്വാൻ സംയുക്ത  സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിലൂടെയാണ്‌  പൊതുരംഗത്തെത്തുന്നത്‌. ജയപ്രകാശ്‌ നാരായണന്റെ അനുയായിയായിരുന്നു.  അഞ്ച്‌ പ്രധാനമന്ത്രിമാർ നയിച്ച സർക്കാരുകളിൽ അംഗമായി. റെയിൽവേ, തൊഴിൽ, ടെലികോം, ഉരുക്ക്, രാസവളം‌ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു.  എട്ട്‌ തവണ ലോക്‌സഭാംഗമായി. നിലവിൽ രാജ്യസഭാംഗം‌. 1969ൽ ബിഹാറിൽ നിയമസഭാംഗമായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചു. 1977ൽ അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലെത്തി. ഏഴ്‌‌ തവണകൂടി ഇവിടെനിന്ന്‌ ജയിച്ചു. ഉയർന്ന ഭൂരിപക്ഷത്തിന്റെ പേരിൽ അറിയപ്പെട്ടു.

ജനതാദൾ വിട്ട്‌ 2000ൽ എൽജെപി രൂപീകരിച്ചു. 2004ൽ ഒന്നാം യുപിഎ സർക്കാരിൽ അംഗമായി. 2009ൽ യുപിഎ വിട്ടാണ്‌ മത്സരിച്ചത്‌. ആ തവണ എൽജെപിക്ക്‌ സീറ്റൊന്നും നേടാനായില്ല. 2010ൽ ആദ്യമായി രാജ്യസഭാംഗമായി.  2014 മുതൽ എൻഡിഎയില്‍‌. കഴിഞ്ഞയാഴ്‌ച എൽജെപി ബിഹാറിൽ എൻഡിഎ വിട്ടുവെങ്കിലും കേന്ദ്രത്തിൽ സർക്കാരിന്റെ ഭാഗമായി പാസ്വാൻ തുടർന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.