പീഡന വിവാദവും കോഴ വിവാദവും കത്തിനില്‍ക്കെ ഐ പി എല്‍ ലോകത്ത് നിന്ന് വീണ്ടും നാണക്കേടിന്റെ വാര്‍ത്ത. മുംബൈ ജൂഹുവില്‍ നിശാ പാര്‍ട്ടിക്കിടെ നടന്ന മയക്കുമരുന്നു റെയ്ഡില്‍ രണ്ട് ഐ പി എല്‍ താരങ്ങള്‍ അറസ്റ്റിലായി. പൂന വാരിയേഴ്സ് താരങ്ങളായ രാഹുല്‍ ശര്‍മ, വെയ്ന്‍ പാര്‍നെല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
ജൂഹുവിലെ ഓക് വുഡ്സ് ഹോട്ടലില്‍ ‘റേവ് പാര്‍ട്ടി’ നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഐപിഎല്‍ താരങ്ങളും സെലിബ്രിറ്റികളുടെ മക്കളും അടക്കം നൂറോളം പേരാണ് റെയ്ഡില്‍ പിടിയിലായത്. ഇതില്‍ നിരവധി വിദേശികളും ഉള്‍പ്പെടും. എന്നാല്‍ എല്ലാവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തവരില്‍ 38 പേര്‍ സ്ത്രീകളാണ്.
കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിയിലായവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായ എല്ലാവരുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശംവയ്ക്കല്‍, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല