ബ്രിട്ടനില്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ്.പലപ്പോഴും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതുമല്ല.ഉദാഹരണത്തിന് വര്‍ധിച്ച കുടിയേറ്റത്തിന് യൂറോപ്പിന് പുറത്തുള്ളവരെ പഴിക്കുകയും ജോലി ചെയ്ത് നികുതി അടച്ച് ജീവിക്കുന്ന നമുക്ക് മുന്‍പില്‍ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്യുന്ന ഇവിടുത്തെ സര്‍ക്കാര്‍ ബെനഫിറ്റില്‍ ജീവിക്കാന്‍ വേണ്ടി മാത്രമായി വരുന്ന പോളീഷുകാരനെയും റുമേനിയക്കാരനെയും പരവതാനി വിരിച്ചു സ്വീകരിക്കുകയും ചെയ്യും.ഇത്തരം വിരോധാഭാസങ്ങളുടെ നിരയിലേക്ക് ഏറ്റവും ഒടുവില്‍ കിട്ടുന്ന വാര്‍ത്തയാണ് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ജീവനക്കാര്‍ക്ക് നല്‍കാന്‍ പോകുന്ന 500 മില്ല്യന്‍ പൌണ്ട് ബോണസ്..
73 ശതമാനം നികുതിദായകരുടെ ഉടമസ്ഥതയിലുള്ള ബാങ്കാണ് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ്.ബാങ്ക് മേധാവികളുടെ തിരുമണ്ടന്‍ തീരുമാനങ്ങള്‍ മൂലം ബില്ല്യനുകള്‍ നഷ്ട്ടത്തില്‍ ആയപ്പോള്‍ ഗതിയില്ലാതെ സര്‍ക്കാര്‍ തന്നെയാണ് നമ്മുടെയൊക്കെ നികുതിപ്പണം ഈ ബാങ്കിനെ രക്ഷിക്കാനിറക്കിയത്.2007 ലെ മാന്ദ്യത്തിനുള്ള മൂല കാരണവും ഈ സ്വകാര്യ ബാങ്ക് മേധാവികളുടെ പിടിപ്പുകേടായിരുന്നു.പൂട്ടിപ്പോകുന്നതില്‍ നിന്നും തടയാനാണ് നമ്മുടെ നികുതിപ്പണം കൊടുത്ത് ഈ ബാങ്കുകളില്‍ സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങിയത്.ഇത്രയൊക്കെ സഹായിച്ചിട്ടും ഇക്കഴിഞ്ഞ വര്‍ഷവും ബാങ്കിന് നഷ്ട്ടം ബില്യനുകളാണ്.
സ്വാഭാവികമായും നഷ്ട്ടത്തില്‍ ഓടുന്ന ബാങ്കുകള്‍ക്കു എങ്ങിനെയാണ് ബോണസ് നല്‍കുക എന്നാ സംശയം നമുക്കൊക്കെ ഉണ്ടാകും.അവിടെയാണ് കണക്കിലെ കളികള്‍.മോര്‍ട്ട്ഗേജ്,ചെറുകിട ബിസിനസ് തുടങ്ങിയവയിലാണ് ബാങ്കുകള്‍ പ്രധാനമായും നഷ്ട്ടമുണ്ടാക്കുന്നത്.എന്നാല്‍ ഊഹക്കച്ചവടം,ഷെയര്‍ മാര്‍ക്കറ്റ് തുടങ്ങിയ ബിസിനസുകളില്‍ ബാങ്കിന് ലാഭമുണ്ടാക്കുന്നു.എന്തിനേറെപ്പറയുന്നു അമേരിക്കന്‍ മാര്‍ക്കറ്റിലെ കാസിനോകളില്‍ പോലും ഈ ബാങ്കുകള്‍ പണം മുടക്കുന്നുണ്ട് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരിക്കും.ഇപ്രകാരമുള്ള ബിസിനസുകളില്‍ നിന്നും ഉണ്ടാക്കുന്ന ലാഭത്തിനാണ് ഇപ്പോള്‍ 500 മില്ല്യന്‍ പൌണ്ട് ബോണസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒരു ബിസിനസ് സ്ഥാപനത്തിന്‍റെ ഒരു വശത്തെ നഷ്ട്ടം ജനങ്ങള്‍ വഹിക്കുകയും മറുവശത്തെ ലാഭത്തിന് ഉദ്യോഗസ്ഥര്‍ക്ക് ബോണസ് നല്‍കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം ഒരു പക്ഷെ ബ്രിട്ടനില്‍ മാത്രം കാണാന്‍ സാധിക്കുന്നതായിരിക്കും.
നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെ പഴി പറയുമ്പോള്‍ വൈറ്റ് കോളര്‍ വേഷത്തില്‍ ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ബ്രിട്ടനിലെ സംവിധാനങ്ങള്‍ നമ്മളില്‍ പലരും കാണാതെ പോകുന്നു.കാട്ടിലെ തടി.. തേവരുടെ ആന… വലിയെടാ വലി എന്ന നമ്മുടെ നാട്ടിലെ പഴമോഴി ബ്രിട്ടനിലും പുതിയ മാനങ്ങള്‍ തേടുകയാണ്.മരണമണി മുഴങ്ങി നില്‍ക്കുന്ന ബ്രിട്ടിഷ് സമ്പത്ത് വ്യവസ്ഥയുടെ ശവപ്പെട്ടിയില്‍ ഇക്കണക്കിന് പോയാല്‍ താമസിയാതെ അവസാനത്തെ ആണിയും അടിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല