ജനാധിപത്യ വ്യവസ്ഥതിയില്‍ മതം-ജാതിക്കാര്‍ഡ് ഇറക്കി കളക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ആയിരുന്നനെങ്കില്‍ അവരെയും കടത്തി വെട്ടി മന്ത്രി സ്ഥാനങ്ങളില്‍ പോലും ജാതി-സമുദായക്കാര്‍ഡ് ഇറക്കി കളിക്കാനും സ്ഥാനങ്ങള്‍ നേടാനും നമ്മുടെ നാട്ടിലെ സമുദായ സംഘടനകള്‍ക്ക് കഴിയുന്ന തരത്തിലൊരു മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നും വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും കേരളം വളരെയേറെ മുന്നേറിയിരിക്കുന്നു. പക്ഷേ ജാതി-മത സങ്കുചിത ചിന്തകളിലേക്ക് കേരളം ചുരുങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ മുസ്ലിമ്മ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റവും.
ജാതി പറഞ്ഞ് കേരളത്തിന്റെ സമസ്‌ത മേഖലകളിലും നേട്ടങ്ങള്‍ കൊയ്യുകയാണ് ഇന്ന് കേരള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്‌തുവരുന്നത്. അഴീക്കോടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ `ജാതി പറയരുത് ചോദിക്കരുത്’ എന്നതില്‍ നിന്ന് ജാതി പറയുന്നതില്‍ എന്ത് കുഴപ്പം എന്ന ഇപ്പോഴത്തെ മുന്നണികള്‍ പറയുകയും ചിന്തിക്കുകയും ചെയ്‌തപ്പോള്‍ സാംസ്‌കാരിക കേരളം വേദനിക്കുന്നത് ഇക്കൂട്ടര്‍ അറിയുന്നില്ല. ജാതിയുടെ ശക്തിപറഞ്ഞ് സമ്മര്‍ദ്ദശക്തികളായി നിന്ന് ഇലക്ഷന്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് രഹസ്യമായി വാങ്ങുന്ന കോടികള്‍കൊണ്ട് കേരളം വാങ്ങാനുള്ള പണം ഈ സമുദായ പ്രമാണിമാര്‍ സ്വരൂപിച്ചുകഴിഞ്ഞു. സ്വന്തം പേരിലുള്ള എന്‍ജിനീയറിംഗ് കോളജ്, മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയാണ് ഇത്തരത്തില്‍ സ്വരൂപിച്ച പണം.
മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിലെ മന്ത്രിമാരെ തീരുമാനിക്കാന്‍ ജാതിയും സമുദായവും മുഖ്യമാനദണ്‌ഡമാക്കിയത് ഭരണത്തിലും പ്രകടമായിത്തുടര്‍ന്നു. മന്ത്രിമാര്‍ ഒക്കെത്തന്നെ ജാതിയുടേയും മതത്തിന്റേയും ലേബലിലാണ് എന്നത് മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്തു മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളേയും അനിയന്ത്രിതമായി തൃപ്‌തിപ്പെടുത്തിയും, അവരുടെ വിഴിവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും മാത്രമേ ഉമ്മന്‍ചാണ്ടിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ വിഎസിന് സംഭവിച്ചത് പോലൊരു ഒറ്റപ്പെടല്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്കും ഉണ്ടാകാം.
നൂല്‍പാലത്തില്‍ കൂടി സഞ്ചരിക്കുന്ന ഇപ്പോഴത്തെ യു ഡി എഫ് മന്ത്രിസഭ നിലനിര്‍ത്തണമെങ്കില്‍ എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും ലീഗിന്റെയും കേരള കൊണ്ഗ്രസിന്റെയും കാലു പിടിക്കാതെ ഉമ്മന്‍ ചാണ്ടിക്ക് വേറെ രക്ഷയില്ല.
അഞ്ചാം മന്ത്രിയും സമുദായവും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സമുദായത്തില്‍ നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തു പങ്കാണ് ഉള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്‍ അധികം ചിന്തിക്കാന്‍ ഒന്നും ഇല്ല. സമുദായങ്ങളുടേത് ‘വിലപേശല്‍’ രാഷ്ട്രീയം മാത്രമാണ് എന്നു മനസിലാക്കാന്‍ പത്രം പോലും വായിക്കേണ്ട കാര്യം ഇല്ല. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എങ്ങനെ മുസ്ലിംസമുദായത്തിന് അവകാശപ്പെടാന്‍ കഴിയുന്നു? മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം മാത്രമല്ല ഓരോ മന്ത്രിസ്ഥാനവും എങ്ങനെ ജാതിയുടേയും സമുദായത്തിന്റേയും അക്കൌണ്ടിലേക്ക് പോകും? ജനങ്ങള്‍ ഇവരെ തിരഞ്ഞെടുക്കുന്നത് ഒരു ജാതിയുടെയും അടിസ്ഥാനത്തില്‍ അല്ലാത്തിടത്തോളം കാലം ഒരു മന്ത്രിസ്ഥാനവും അല്ലങ്കില്‍ തിരഞ്ഞെടുപ്പിലൂടെ നേടുന്ന ഒരു സ്ഥാനവും ഒരു ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ആവുന്നില്ല… ഒരു പ്രത്യേക മതത്തില്‍ പെട്ടവര്‍ മാത്രമല്ല വിജയിക്കുന്നവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാവുക. അവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്.
രാഷ്‌ട്രീയത്തില്‍ സ്വന്തമായി സമുദായ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി സ്വന്തമായി തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സമുദായ സംഘടനയാണ് എന്‍എസ്‌എസ്. നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) എന്നപേരില്‍ 1972 ല്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിക്ക് അകാലചരമം അടയാനായിരുന്നു വിധി. (എന്‍എസ്‌എസിന്റെ അനുഭവം ഇരുത്തി ചിന്തിപ്പിച്ചതുകൊണ്ടായിരിക്കണം എസ്‌എന്‍ഡിപി സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി എന്ന ചിന്തയില്‍ നിന്ന് ഇടയ്ക്ക് പിന്മാറിയത്.). എന്‍ഡിപി എപ്പോഴും കോണ്‍ഗ്രസിനോടപ്പം തന്നെ ആയിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ നിരവധി സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
സമുദായ/മത നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന തിരഞ്ഞെടുപ്പ് പിന്തുണ ആ മതത്തില്‍/സമുദായത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ഉണ്ടാവും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??? സമുദായത്തിലെ/മതത്തിലെ ഒരു അഞ്ച് ശതമാനം ആളുകള്‍ പോലും സമുദായ/മത നേതാക്കളുടെ ആഹ്വാനം ഇന്ന് അനുസരിക്കില്ല. പിന്നെ എന്തിനാണ് സമുദായ നേതാക്കളുടെ ജ്വല്പന്നങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ ചെവി കൊടുക്കുന്നത്???? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയാണ് സമുദായ/മതനേതാക്കള്‍ ‘ക്ഷ’ വരപ്പിക്കുന്നത്. അതിനൊക്കെ തുള്ളാന്‍ കോണ്‍ഗ്രസിനു മടിയും ഇല്ല. കാരണം അണികളേക്കാള്‍ നേതാക്കന്മാരുള്ള കോണ്‍ഗ്രസില്‍ നേതാവാകാനുള്ള യോഗ്യതയും മത/സമുദായ പിന്തുണയും ആണല്ലോ? എന്ന് കേരളത്തില്‍ യുഡീഫ് അധികാരത്തില്‍ വന്നാലും അന്നെല്ലാം സമുദായ/മത നേതാക്കള്‍ തങ്ങളുടെ അവകാശ രാഷ്ട്രീയം പുറത്തെടുക്കും.
തിരഞ്ഞെടുപ്പ് സമയത്ത് കേള്‍ക്കുന്ന അനൌണ്‍സ്മെന്റില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യുന്നത് ജനാധിപത്യവിശ്വാസികളെയാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ മതവിശ്വാസികളയോ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യാറില്ല. പിന്നെങ്ങനെയാണ് ജനാധിപത്യവിശ്വാസികള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി മന്ത്രിസ്ഥാനത്തോ മറ്റ് സ്ഥാനത്തോ എത്തുമ്പോള്‍ മതവും സമുദായവും എണ്ണത്തില്‍ വരികയും സമുദായ സംതുലനാവസ്ഥ എന്ന ഒരു ‘അവസ്ഥ’ ഉണ്ടാവുകയും ചെയ്യുന്നത്. മത/സമുദായ സംതുലനാവസ്ഥയെ ബാധിക്കാതെ ഒരു ജനാധിപത്യവിശ്വാസിയായ ഒരാള്‍ യുഡിഎഫ് ഭരണത്തില്‍ എന്നെങ്കിലും മന്ത്രിസ്ഥാനത്ത് എത്തുമോ????
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല