1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

ഭിന്ന ഭാഷകള്‍ സംസാരിക്കുന്നവരും ഭിന്ന സംസ്കാരം പുലര്‍ത്തുന്നവരും ഭിന്ന മതങ്ങളില്‍ വിശ്വസിക്കുന്നവരുമാണെങ്കിലും ഇന്ത്യ എന്ന ഏകത്വത്തില്‍ പരസ്പരം സഹോദരങ്ങളാണ് നാം ഭാരതീയര്‍. നമ്മുടെ രാഷ്ട്ര നേതാക്കള്‍ എഴുതിവച്ച ഭരണഘടന മുറുകെപ്പിടിച്ച് റിപ്പബ്ലിക് ഒഫ് ഇന്ത്യന്‍ യൂണിയന്‍ നിലവില്‍ വന്നിട്ട് ഇന്ന് ഇന്ത്യന്‍ റിപ്പബ്ളിക് അറുപത്തിമൂന്നാം വയസിലേക്കു കടക്കുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയുടെയും സ്വാതന്ത്യ്രത്തിന്റെയും അര്‍ഥം കൂടുതല്‍ ഗൌരവമാര്‍ന്ന ചിന്തയ്ക്കു വിഷയമാകേണ്ടതാണ്. അറുപത്തിമൂന്നാമതു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇന്നു രാവിലെ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയരുമ്പോള്‍, ദേശീയതയുടെ മുഴുവന്‍ സത്തയും ഉള്‍ക്കൊണ്ട് നൂറ്റിയിരുപതില്‍പ്പരം കോടി ജനങ്ങള്‍ ഒരേ സമയം, ഏറ്റുവിളിക്കുന്നു, വന്ദേ മാതരം. നാട്ടു രാജാക്കന്മാരും ചക്രവര്‍ത്തിമാരും അടക്കിവാണ ഒരു പുരാതന കാലം നമുക്കുണ്ടായിരുന്നു.

പ്രജാതത്പരരായ നിരവധി ചക്രവര്‍ത്തിമാര്‍ നാടു വാണിരുന്നെങ്കിലും ഏകാധിപത്യത്തിന്‍റെ നുകത്തിന്‍ കീഴില്‍ നിശബ്ദമാക്കപ്പെട്ട ജനങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പരസ്പരം പടനയിച്ചും വെട്ടിപ്പിടിച്ചും കലഹിച്ചും കൊന്നും കൊലവിളിച്ചും ഭരണം നയിച്ചവര്‍ക്കിടയിലെ ഭിന്നത മുതലെടുത്താണ് വൈദേശികാധിപത്യം ഇവിടെ കടന്നുവന്നത്. കൊളോണിയന്‍ അധീശത്വത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തമായിരുന്നു പിന്നീട്. വിദേശാധിപത്യത്തില്‍ നിന്ന് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് വീണ്ടെടുക്കാന്‍ അനേകമനേകം ദേശസ്നേഹികളുടെ ജീവന്‍തന്നെ ബലികഴിക്കേണ്ടിവന്നു. മഹത്തായ രക്തസാക്ഷിത്വങ്ങളുടെ ഗുണഭോക്താക്കളാണ് ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ നല്ല നാളുകളില്‍ ജീവിക്കുന്ന നമ്മള്‍.

1950 ജനുവരി 26-നു ഭരണഘടന നിലവില്‍വന്നതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കായി മാറി. രാഷ്ട്രത്തിന്റെ ഘടനയും ഭരണപരവും നിയമപരവുമായ കാര്യങ്ങളും ലിഖിത രൂപത്തില്‍ അംഗീകരിക്കപ്പെട്ടതോടെ വ്യക്തമായ ചട്ടക്കൂടുള്ള ഒരു ജനാധിപത്യരാജ്യത്തിന്റെ പൂര്‍ണതയിലേക്കുള്ള ചുവടുവയ്പായി. ഭരണകൂടത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങളായ ഭരണനിര്‍വഹണ, നീതിന്യായ, നിയമനിര്‍മാണ സംവിധാനങ്ങളിലൂടെ ജനാധിപത്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും മൂലക്കല്ലുകള്‍ ദൃഢപ്പെടുത്തി. അഴിമതികളിലൂടെയും അനീതികളിലൂടെയും രാഷ്ട്രത്തിന്റെ അമൂല്യമായ സ്വാതന്ത്യ്രവും റിപ്പബ്ളിക്കിന്റെ അഭിമാനവും ചോദ്യംചെയ്യപ്പെട്ട ഒരു വര്‍ഷമാണു കടന്നുപോയത്.

സ്വാതന്ത്യ്രം അമൃതാണെന്നു വിശ്വസിക്കുന്ന നാം അതു വിഷലിപ്തമാകുന്ന നിരവധി സംഭവങ്ങളാണു കണ്ടുകൊണ്ടിരിക്കുന്നത്. നാം സ്വയം അഴിമതിക്കു വിട്ടുകൊടുക്കുന്നു. ചെറുതും വലുതുമായ അഴിമതികളിലൂടെ നാം സമൂഹഗാത്രത്തെ മുഴുവന്‍ അഴിമതിക്കറയില്‍ മുക്കുന്നു. താഴേക്കിടയിലുള്ള സര്‍ക്കാര്‍ ഓഫീസില്‍മുതല്‍ കേന്ദ്ര കാബിനറ്റില്‍ വരെ അഴിമതിയുടെ കോലങ്ങള്‍ തുള്ളുന്നു. കോര്‍പറേറ്റ് മേധാവികളും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെ ഉള്‍പ്പെട്ട അഴിമതിക്കഥകള്‍ ദിവസേന പുറത്തുവരുന്നു. ഇവരില്‍ കുറെപ്പേരെങ്കിലും ജയിലഴികള്‍ക്കുള്ളിലാവുന്നു. സ്വാതന്ത്യ്രത്തിന്റെ ദുരുപയോഗത്തിനു ലഭിക്കുന്ന ഈ ഇരുമ്പഴികള്‍ റിപ്പബ്ളിക്കിന്റെയും ഭരണഘടനയുടെയും കരുത്തു തെളിയിക്കുന്നതാണെന്നൊരു വ്യാഖ്യാനമുണ്െടങ്കിലും ആവര്‍ത്തിക്കപ്പെടുന്ന അഴിമതിക്കഥകള്‍ രാഷ്ട്രഗാത്രത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്.

രാജ്യത്തിന്റെ പ്രതിരോധത്തിനു ചുമതലയുള്ള ഉത്തരവാദപ്പെട്ട സൈനികമേധാവി നിസാരവും വ്യക്തിപരവുമായൊരു സര്‍വീസ് തര്‍ക്കത്തില്‍ കോടതിയില്‍ സര്‍ക്കാരിനെതിരേ കേസുമായി പോയ സംഭവത്തിനു റിപ്പബ്ളിക് ദിനം ആചരിക്കുന്ന ഈ മാസം നാം സാക്ഷികളായി. ജനനത്തീയതി മാറിയാല്‍ ഏതാനും മാസം കൂടുതല്‍ സര്‍വീസ് കിട്ടുമെന്നതിന്റെ പേരില്‍ രാജ്യത്തിന്റെയും സൈന്യത്തിന്റെയും കെട്ടുറപ്പിനു കോട്ടംതട്ടുന്ന നടപടികളിലേക്കു കടക്കുന്ന സേനാധിപന്‍ എന്തു ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്? തന്റെ സേനയ്ക്ക് അച്ചടക്കത്തിന്റെ പാഠം പകര്‍ന്നുനല്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും?

ജനങ്ങള്‍തന്നെ അഴിമതിക്കു കൂട്ടുനില്‍ക്കുകയും അഴിമതിക്കാരെ അംഗീകരിക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യം ഇന്ത്യയില്‍ നിലവിലുണ്ട്. സ്വന്തം സ്വാതന്ത്യ്രമാണു ജനം ഇതിലൂടെ അടിയറവയ്ക്കുന്നത്. സ്വാതന്ത്യ്രം നമ്മുടെ രാജ്യത്തു ശരിയായി വ്യാഖ്യാനിക്കപ്പെടുന്നില്ല. സമ്പന്നരുടെയും ദരിദ്രരുടെയും, ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും സ്വാതന്ത്യ്രം വ്യത്യസ്തമാണ്. ഭരണാധികാരികളും അവരോടു ചേര്‍ന്നു നില്‍ക്കുന്നവരും പ്രത്യേക സ്വാതന്ത്യ്രം അനുഭവിക്കുമ്പോള്‍ അതു ജനങ്ങളുടെ സ്വാതന്ത്യ്രമാകുന്നതെങ്ങനെയാണ്? ഇന്ത്യന്‍ റിപ്പബ്ളിക്കിലെ സ്വാതന്ത്യ്രവും ജനാധിപത്യവും ഈജിപ്തിലെയോ ഇറാനിലെയോ ഇറാക്കിലെയോ ക്യൂബയിലെയോ ചൈനയിലെയോ സ്വാതന്ത്യ്രം പോലെയല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് ഉദാത്തമായൊരു സ്വാതന്ത്യ്രമാണ്.

സ്വാതന്ത്ര്യലബ്ധിയുടെ അറുപത്തഞ്ചാണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകത്തിനു തന്നെ മാതൃകയാണ് നമ്മുടെ ജനാധിപത്യം. എന്നാല്‍, ജനാധിപത്യ ഭാരതം നേരിടുന്ന വെല്ലുവിളികള്‍ തീര്‍ച്ചയായും നിസാരമല്ല. പരിപക്വമായ ജനാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പില്‍ സ്ത്രീ ശാക്തീകരണമടക്കം പലതും ഇനിയും നമുക്കു നേടാനുണ്ട്. ഈ സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ഇന്നലെ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനസംഖ്യയുടെ നേര്‍പകുതിയോളം വരും സ്ത്രീകളുടെ എണ്ണം. എന്നാല്‍, രാഷ്ട്ര നിര്‍മാണത്തില്‍ ഇന്നും സ്ത്രീകളുടെ പങ്ക് പരിമിതം. വര്‍ഗവിവേചനം അനുവദിക്കുന്നില്ല, നമ്മുടെ ഭരണ ഘടന. എങ്കിലും രാജ്യമെമ്പാടും എല്ലാ മേഖലകളിലും വിവേചനം അനുഭവിക്കുന്നുണ്ട് സ്ത്രീകള്‍. സ്ത്രീധനം, പെണ്‍ ഭ്രൂണഹത്യ, വേതന അസമത്വം എന്നിങ്ങനെ വേരോടെ പിഴുതെറിയപ്പെടേണ്ട അനീതികള്‍ പലതും ഇന്നും നിയമത്തെ വെല്ലുവിളിച്ച് നിലനില്‍ക്കുന്നുണ്ട് നമ്മുടെ നാട്ടില്‍.

വീഴ്ചകളെയും കോട്ടങ്ങളെയും ആശങ്കകളോടെ കാണുമ്പോഴും ഇന്ത്യന്‍ റിപ്പബ്ളിക് ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാനേറെയുണ്ട്. ഇക്കാലമത്രയും ഈ ജനാധിപത്യത്തെ പരിരക്ഷിക്കാനായതില്‍, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു ചില പരിഹാരങ്ങള്‍ കണ്െടത്താന്‍ കഴിഞ്ഞതില്‍, തോട്ടികളുടെയും റിക്ഷാക്കാരുടെയും നാടെന്നു വിളിച്ചധിക്ഷേപിച്ചവരെക്കൊണ്ടുതന്നെ ലോകത്തിലെ വന്‍ശക്തിയാകുന്ന രാഷ്ട്രം എന്നു പറയിപ്പിക്കാനായതില്‍, നമുക്കഭിമാനിക്കാം. മനുഷ്യവിഭവശേഷി വലിയ കരുത്താണെന്നു ഇന്ത്യയും ചൈനയും ലോകത്തെ കാണിച്ചുകൊടുക്കുമ്പോള്‍ മാല്‍ത്തൂസിയന്‍ സിദ്ധാന്തങ്ങള്‍ ഉടഞ്ഞുവീഴുന്നതുപോലെ ലോകത്തിനു മുന്നില്‍ നമുക്ക് ഇനിയും പല അത്ഭുതങ്ങളും കാട്ടിക്കൊടുക്കേണ്ടതുണ്ട്. അതിനുള്ള ശക്തിയാര്‍ജിക്കണമെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അടിത്തറ കൂടുതല്‍ ശക്തമാകണം. ആ ശക്തി ജനങ്ങളുടെ ഐക്യത്തിലും ഫെഡറലിസത്തിന്റെ ഇഴയടുപ്പത്തിലും പുരോഗതിയുടെ ഗതിവേഗത്തിലുമാണു നിശ്ചയിക്കപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.