ഒരു വര്‍ഷം കൂടി ചരിത്രത്തിലേക്ക് പിന്‍വാങ്ങുകയാണ്. 2011 ലോകത്തോടു പറഞ്ഞതും പറയാന്‍ ബാക്കിവച്ചതും എന്തായിരുന്നു? ഓര്‍മ്മയുടെ കലണ്ടര്‍ താളുകള്‍ മറിയുമ്പോള്‍ 2011നെ അവിസ്മരണീയമാക്കുന്ന നിരവധി നിമിഷങ്ങള്‍ കടന്നുവരും. ആഹ്ലാദ നിമിഷങ്ങള്‍ അനവധിയുണ്ട്, പക്ഷേ വിടപറഞ്ഞവരും വേട്ടയാടിയവരും വിറങ്ങലിച്ച് നിന്നവരുമെല്ലാം 2011ന്റെ അവശേഷിപ്പുകളായുണ്ട്. ലോകം കണ്ട അഞ്ച് സുപ്രധാന സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം.
1. ബിന്‍ ലാദനെന്ന ഭീകരതയെ വേട്ടയാടി കൊന്ന വര്‍ഷം
യു എസിന്റെ ചാരക്കണ്ണുകളെ വര്‍ഷങ്ങളോളം കബളിപ്പിച്ചു നടന്ന ഒസാമ ബിന്‍ ലാദനെ യുഎസ് സൈനികര്‍ വധിച്ചത് 2011 മെയ് രണ്ടിനായിരുന്നു. പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളികേന്ദ്രത്തില്‍ വച്ചാണ് ഭീകരതയുടെ പര്യായമായ ലാദന് കൊല്ലപ്പെട്ടത്. പത്ത് വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ‘ഓപ്പറേഷന് നെപ്റ്റ്യൂണ്‍ സ്പിയര്‍‘ എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെ ലാദനെ ഇല്ലാതാക്കിയത്. 1998ലെ യുഎസ് എംബസി ആക്രമണം, 2001 സെപ്തംബര്‍ 11ന്
നടന്ന ഭീകരാക്രമണം എന്നിവയുടെ മുഖ്യസൂത്രധാരന്‍ ലാദനാണെന്നാണ് കരുതപ്പെടുന്നത്.
ഭീകരവിരുദ്ധ യുദ്ധത്തില്‍ ഇതേവരെയുണ്ടാക്കിയതില് വച്ച് ഏറ്റവും വലിയ നേട്ടം എന്നാണ് അമേരിക്ക ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
2. സ്വേച്ഛാധിപതി ഗദ്ദാഫിയുടെ വധം
നാല്പത്തിയൊന്ന് വര്‍ഷം ലിബിയയെ അടക്കിവാണ ആ സ്വേച്ഛാധിപതി അനിവാര്യമായ മരണം ഏറ്റുവാങ്ങുകയായിരുന്നു. അടക്കിപ്പിടിച്ച നിലവിളികള്‍ക്കൊടുവില്‍, സങ്കടക്കടലിന്റെ അക്കരെ നിന്ന് അറബ് ജനത കണ്ടെടുത്ത വസന്തകാലമാണ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ കൊലയിലേക്ക് നയിച്ചത്. അറബ് വസന്തത്തിന്റെ ഭാഗമായി പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അഴുക്കുചാലില്‍ ഒളിച്ചിരുന്നും, വിശപ്പടക്കാനായി എച്ചില് പാത്രങ്ങള്‍ തേടി അലഞ്ഞും ഗദ്ദാഫി നാളുകള്‍ തള്ളി നീക്കി. എന്നാല്‍ ഒക്ടോബര്‍ 20ന് ജന്മനാടായ സിര്‍ത്തില്‍ വച്ച് വിമതസൈന്യം ഗദ്ദാഫിയെ പിടികൂടി വധിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച അറബ് നേതാവായിരുന്നു ഗദ്ദാഫി(1969-2011)
അടിച്ചമര്‍ത്തലിന്റെ കോട്ടവാതില്‍ തകര്‍ത്ത് ജനക്കൂട്ടം തെരുവിലിറങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. ഈജിപ്റ്റ്, ടുണീഷ്യ, യമന്‍, സിറിയ, ബഹ്റിന്, കുവൈറ്റ്, മൌറിത്താനിയ, ലെബനന്, ഒമാന്‍, ജോര്‍ദാന്‍, സുഡാന്, സൌദി അറേബ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.
3. ജപ്പാനിലെ ഭൂചലനങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ജപ്പാന്, ഭൂചലനത്തില്‍ തകര്‍ന്നുവീഴുന്നത് കണ്ടാണ് മാര്‍ച്ച് 11ന് ലോകം ഉണര്‍ന്നത്. റിക്ടര്‍ സ്കെയില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മിയാഗി തീരത്തേക്ക് ആര്‍ത്തലച്ചെത്തിയ സുനാമിത്തിരകള്‍ ആ രാജ്യത്തെ തകര്‍ത്തെറിയുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു അത്. ഭൂചലനവും സുനാമിയും ഫുക്കുഷിമ ആണവനിലയത്തിനേല്പ്പിച്ച കേടുപാടുകള്‍ ജപ്പാനെ മാത്രമല്ല ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി. 300 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ജപ്പാനുണ്ടായത്. 20,000 പേരാണ് ദുരന്തത്തില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്.
തിരകള്‍ തീരപ്രദേശത്തെ വിഴുങ്ങുന്നതിന്റെയും വാഹനങ്ങള്‍ ഒഴുകി നടക്കുന്നതിന്റെയും ദൃശ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ അപ്രതീക്ഷിതമായി ശ്രദ്ധയില്‍ പെട്ട ഒരു ദൃശ്യം: ജലം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ജനാലയില്‍ നിന്ന് ഒരു വെള്ളത്തുണി വീശിപ്പറക്കുന്നു! ആരോ സഹായം അപേക്ഷിക്കുന്ന ആ ദൃശ്യം എങ്ങനെ മറക്കും?
4. ബ്രിട്ടനിലെ മിന്നുകെട്ടിന് ലോകം സാക്ഷി
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നു വില്യം രാജകുമാരന്റെ വിവാഹം. ബ്രിട്ടനിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മൂത്ത മകന് വില്യം രാജകുമാരനും ഒരു മധ്യവര്ഗകുടുംബാംഗമായ കേറ്റ് എലിസബത്ത് മിഡില്‍ടണും ഏപ്രില്‍ 29നാണ് വിവാഹിതരായത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബേയിലായിരുന്നു മിന്നുകെട്ട്. 1981ലെ ചാള്‍സ് – ഡയാന വിവാഹത്തിന് ശേഷം ഇംഗ്ലണ്ട് ജനത കണ്ട പ്രൌഢഗംഭീരമായ ചടങ്ങായിരുന്നു അത്. 420 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നടത്തിയ വിവാഹം ലോകം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്തു.
5. ലോകത്തിന്റെ ഭാവി കാണിച്ചു തന്ന ആപ്പിള്‍ സ്ഥാപകന്‍ വിട
അസ്തമയത്തിന് മുമ്പ് ചെയ്തു തീര്‍ക്കാനുള്ളതെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ മരണം പകരം വയ്ക്കാനാവാത്ത നഷ്ടമാണെന്ന് ലോകം ഒരേ സ്വരത്തില്‍ സമ്മതിച്ചു. സാങ്കേതിക ലോകത്ത് വിപ്ലവപര്വം രചിച്ച ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ്(56) ഒക്ടോബര്‍ അഞ്ചിനാണ് വിടപറഞ്ഞത്.
സ്റ്റീവ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പിടിയിലായത് 2004ലായിരുന്നു. പക്ഷേ, അദ്ദേഹം തളര്‍ന്നില്ല. ആപ്പിളിന്റെ ഏറ്റവും സ്വീകാര്യമായ രണ്ട് ഉപകരണങ്ങളായ ഐഫോണും ഐപാഡും അതിന് ശേഷമാണ് പുറത്തു വന്നത്.
ദത്തുപുത്രനായാണ് സ്റ്റീവ് ജോബ്സ് വളര്‍ന്നത്. 1970ലാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്. പക്ഷേ 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തായി. 1997ല്‍ കമ്പനി മേധാവിയായി അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തി. ഓരോ ദിവസവും അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തത്വം.
എന്നും രാത്രി കിടപ്പറയിലേക്ക് പോകുമ്പോള്‍ ആ ദിവസം അത്ഭുതകരമായ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുവോ എന്ന് ആത്മാന്വേഷണം നടത്തിയതിന് ശേഷമേ അദ്ദേഹം ഉറങ്ങുമായിരുന്നുള്ളൂ. ഒടുവില്‍ ലോകത്തിന്റെ ഭാവി തന്നെ മാറ്റിയെഴുതി അദ്ദേഹം അന്ത്യനിദ്ര പൂകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല