1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012

കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍മ്മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ സ്ട്രീറ്റിലുണ്ടായ കലാപത്തില്‍ മൂന്ന് പാകിസ്ഥാനി വംശജര്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിട്ടു. മതിയായ തെളിവുകളില്ലാതെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോടതി കണ്ടെത്തി. കലാപത്തിനിടയ്ക്ക് തെരുവില്‍ തടിച്ചുകൂടിയ ഏഷ്യന്‍ വംശജരുടെ നേര്‍ക്ക് പ്രതികള്‍ കാര്‍ ഓടിച്ച് കയറ്റി മൂന്ന് പേരെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഒന്നിന് പിറകെ ഒന്നായി മൂന്ന് കാറുകളാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ച് കയറ്റിയത്. സംഭവത്തില്‍ സഹോദരന്‍മാരായ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയതു.

എന്നാല്‍ ഇത് വെറുമൊരു ആക്‌സിഡന്റായിരുന്നുവെന്ന് പ്രതി ഭാഗം വാദിച്ചു. മുന്നില്‍ പോയ കാറി്‌ന് സംഭവിച്ച് പാളിച്ചയാണ് പിന്നാലെ വന്ന് കാറുകളും ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറാന്‍ കാരണമായത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് മരിച്ചവരെ നേരിട്ട് അറിയാമായിരുന്നതും മനപൂര്‍വ്വമുളള കൊലയല്ലന്ന് തെളിയിക്കാന്‍ പ്രതിഭാഗം ഉപയോഗിച്ചു. സംഭവത്തിന് നിരവധി ദൃക്‌സാക്ഷികളുണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥന്‍ ആരില്‍ നിന്നും തെളിവുകള്‍ സ്വീകരിക്കാതെ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയതായി കോടതി കണ്ടത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്റണി ടാഗിനോട് ഈ പിഴവിന് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

മനപൂര്‍വ്വം കാര്‍ ഇടിപ്പിച്ചതല്ലന്ന് തെളിയിക്കാന്‍ മതിയായ തെളിവുണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അതൊന്നും കണക്കിലെടുത്തില്ലെന്നും പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയെന്നും ഇത്തരം സാഹചര്യത്തില്‍ സത്യസന്ധമായൊരു വിചാരണ നടത്താന്‍ സാധിക്കില്ലെന്നുമുളള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ അന്വേഷണോദ്യോഗസ്ഥന് പിഴവ് സംഭവിച്ചെന്നുളള കോടതിയുടെ കണ്ടത്തല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് നിഷേധിച്ചു. നിലവില്‍ കേസ് അന്വേഷിക്കാനുളള ചുമതല ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന് കൈമാറി. എന്നാല്‍ ആന്റ്ണി ടാഗിനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

റെയാന്‍ ഗുഡ്‌വിന്‍(21), ഷോണ്‍ ഫഌന്‍ (26), ജുവാന്‍ റൂസ് ഗാവിര(31),ജോഷ്വ റൊണാള്‍ഡ് (27), എവര്‍ട്ടണ്‍ ഗ്രഹാം (30), ആഡം കിംഗ്(24), ഇയാന്‍ ബെക്ക്‌ഫോര്‍ഡ്(30), ആരോണ്‍ പാര്‍്ക്കിന്‍സ്(18) എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. സംഭവിച്ചത് ഒരു അപകടമായിരുന്നുവെന്നും അത് അംഗീകരിക്കാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ തയ്യാറാകണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കോടതി ആവശ്യപ്പെട്ടു. പ്രതികളെ വെറുതേ വിട്ടതിനെ തുടര്‍ന്ന് ബര്‍മ്മിംഗ്ഹാമില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുറത്ത് വന്ന പ്രതികള്‍ ഷാംപെയന്‍ പൊട്ടിച്ച് ആഹ്ലാദം പങ്കുവെച്ചു. കോടതിയുടെ വിധി അംഗീകരിക്കുന്നതായും തന്റെ സമൂഹത്തിന്റെ സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മരിച്ചവരുടെ പിതാവായ താരിഖ് ജഹാന്‍ പറഞ്ഞു. ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ പ്രതികളുടെ കാര്‍ കയറിയാണ് താരിഖ് ജഹാന്റെ മക്കളായ ഹാരൂണ്‍ ജഹാന്‍, ഷസാദ് അലി, അബ്ദുള്‍ മുസാവിര്‍ എന്നിവര്‍ മരിക്കുന്നത്. മക്കള്‍ മരിച്ച സമയത്തും കലാപം തടയാന്‍ താരിഖ ് നടത്തിയ ശ്രമങ്ങളെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.