ഒരു ഇടവേളയ്ക്കു ശേഷം പൌണ്ട് വിലയില്‍ വീണ്ടും വര്‍ധന.76-77 രൂപയില്‍ നിന്ന പൌണ്ട് വില 80 രൂപയോടടുക്കുന്നു.ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പുകളിലെ കോണ്ഗ്രസ് പരാജയവും സ്വര്‍ണവിലയിലെ ഇടിവുമാണ് പ്രവാസികള്‍ക്ക് തുണയാവുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് താഴെപ്പറയുന്നവയാണ് പ്രധാന കാരണങ്ങള്‍
1 യുപിയിലും പഞ്ചാബിലും വീണ്ടും കോണ്‍ഗ്രസ് ഇതര സര്‍ക്കാറുകള്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മന്ദഗതിയിലാകുമെന്ന ആശങ്കയാണ് പ്രധാനകാരണം. തീര്‍ച്ചയായും ഇന്ത്യയില്‍ പണമിറക്കുമ്പോള്‍ അത് രൂപയിലായിരിക്കും. ഡോളറിനെ രൂപയിലേക്ക് മാറ്റുമ്പോള്‍ രൂപയുടെ ഡിമാന്റ് വര്‍ധിക്കും. എന്നാല്‍ ഇത്തരം നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ രൂപയെ വീണ്ടും ഡോളറിലേക്ക് മാറ്റേണ്ടി വരും. അപ്പോള്‍ രൂപയുടെ ഡിമാന്റ് കുറയും.
2 ബജറ്റില്‍ കൂടുതല്‍ ജനപ്രിയകാര്യങ്ങള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള ധനകമ്മി വീണ്ടും വര്‍ധിക്കും. നിലവില്‍ ജിഡിപിയുടെ 5.6 ശതമാനമാണ് കമ്മി. ഇത് വീണ്ടും വര്‍ധിച്ചാല്‍ പണപ്പെരുപ്പം കൂടും. സ്വാഭാവികമായും അടിസ്ഥാന നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധനവ് വരുത്തും.
3, ഉയര്‍ന്ന ബാങ്ക് നിരക്കുകള്‍ മൂലം കോര്‍പ്പറേറ്റ് വരുമാനത്തിലുണ്ടായ കുറവും രൂപയുടെ വിലയിടിവിനു കാരണമാകുന്നുണ്ട്. തീര്‍ച്ചയായും ഇത് ഓഹരി വിപണിയിലാണ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതും രൂപയില്‍ സമ്മര്‍ദ്ദമുണ്ടാക്കും.
4, ആഗോളവിപണിയില്‍ എണ്ണ വില കുതിച്ചുയരുകയാണ്. ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയില്‍ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വിലകൂടുമ്പോള്‍ സ്വാഭാവികമായും ഡോളറിനുള്ള ഡിമാന്റ് വര്‍ധിക്കും. തീര്‍ച്ചയായും ആനുപാതികമായി ആഭ്യന്തരവിപണിയിലും എണ്ണവില വര്‍ധിക്കും. എണ്ണ വില കൂടുന്നതോടെ രാജ്യത്തെ മൊത്തം സാധനങ്ങളുടെ വില കൂടും. ഭക്ഷ്യവിലപ്പെരുപ്പം കൂടും. പണപ്പെരുപ്പം കൂടിയാല്‍ അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിക്കും.
5 സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഇടിവും രൂപയ്ക്കാണ് തിരിച്ചടി നല്‍കുന്നത്. വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള തിരക്കു കൂടും. അന്താരാഷ്ട്രവിപണിയില്‍ നിന്നു സ്വര്‍ണം വാങ്ങേണ്ടത് ഡോളറില്‍ തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല