1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

കെ. നാരായണന്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.കെ മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ സംഗീത ഓഫ് ദി യു.കെയുടെ ഏറ്റവും പുതിയ സംരംഭമായ ‘സ്‌നേഹ സാമ്രാജ്യം’ അരങ്ങിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക ജനതയെ സ്വജീവിത നിര്‍വഹണത്തിലൂടെ കൈത്തിരി വെട്ടം കൊണ്ട് നയിച്ച യേശു ദേവന്‍ നല്കിയ സന്ദേശം നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഉതകും വണ്ണം കലാ രൂപമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന നാടകം ‘സ്‌നേഹസാമ്രാജ്യം'(The Kingdom  Of  Love ) ഏപ്രില്‍ ആറാം തീയതി തിങ്കളാഴ്ച (On Monday 06/04/2015 @5 pm) വൈകിട്ട് ക്രോയ്‌ഡോണ്‍ ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ഹാളില്‍ വച്ചു പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുമ്പോള്‍ യു.കെ മലയാളികള്‍ക്ക് ലഭിക്കുന്നത് യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തിക്കൊണ്ടും,നാടകീയതക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുമുള്ള യേശു ദേവന്റെ കഥ പറയുന്ന ആദ്യത്തെ നാടകമായിരിക്കും.

ഒരു മനുഷ്യായുസ് മുഴുവന്‍ മാനവ രാശിയുടെ നന്മക്കായ് മാറ്റി വച്ചു  തന്റെ  ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചു്, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃകയായി മാറിയ യേശു ദേവന്റെ യാതനാ പൂര്‍ണമായ ജീവിതം ആധുനിക സാങ്കേതിക വിദ്യയിലൂടെയും,നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയും പുനരാവിഷ്‌കരിക്കാനുള്ള എളിയ ശ്രമം  നടത്തുകയാണ് സംഗീത ഓഫ് ദി യു.കെ.മലയാളത്തില്‍ ബൈബിള്‍ നാടകങ്ങള്‍ ഇതിനു മുന്‍പും യു.കെയില്‍ അവതരിക്കപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ സഹിക്കേണ്ടി വന്ന കൊടും ക്രൂരതകളെ ദൈവഹിതം എന്ന് വിളിച്ചു പുഞ്ചിരിയോടെ,സാന്ത്വനത്തോടെ ഏറ്റു വാങ്ങിയ യേശു ദേവന്റെ കഥ പറയുന്ന ആദ്യത്തെ നാടകമാണ് ‘സ്‌നേഹസാമ്രാജ്യം’.

സംഗീതക്ക് വേണ്ടി മുഹാദ് വെമ്പായം രചനയും,അഭിലാഷ്,നാരായണന്‍,വിജയകുമാര്‍ എന്നിവര്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘സ്‌നേഹസാമ്രാജ്യ’ത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളിലൂടെയും,ടെലി വിഷന്‍ സീരിയലുകളിലൂടെയും പ്രശസ്ഥനായ സുരേഷ് പൌര്‍ണമി,യു.കെയിലെ വിവിധ സംഘടനകളുടെ നാടകങ്ങളില്‍ വ്യത്യസ്തമായ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന എസ്.വിജയകുമാര്‍,പവിത്രന്‍ ദാമോദരന്‍,അജിത് പിള്ള,ബ്രൂണോ വില്‍ഫ്രെഡ്, മധു പിള്ള,വത്സമ്മ ജോണ്‍സന്‍,ഷിന്‍സി ഷിബു,കാര്‍ത്തിക പ്രതാപ്,സുദര്‍ശനന്‍ കുട്ടപ്പന്‍,വല്‌സന്‍ കൃഷ്ണന്‍,സന്ദീപ് സുന്ദരേശന്‍,ജോയ് മാധവന്‍,ജെറി വര്‍ഗീസ്,മുരളി പിള്ള എന്നിവര്‍ക്കൊപ്പം ബാല താരങ്ങളായ പാര്‍വതി അഭിലാഷ്,അര്‍ജുന്‍ ജോയ്,കര്‍ണാ ജോയ് തുടങ്ങിയവര്‍ വേഷമിടുന്നു.
ഈസ്റ്റര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാടകത്തിനു പുറമേ സ്വര മാധുരിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായകന്‍ ബിജു നാരായണനും,ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ  പ്രശസ്ഥയായ വാണി ജയറാമും അവതരിപ്പിക്കുന്ന ഗാന മേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
സമാധാനത്തിന്റെയും,സന്തോഷത്തിന്റെയും സന്ദേശങ്ങള്‍ കൈമാറി ഈ വര്‍ഷത്തെ ഈസ്റ്റര്‍ അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ നാടകാസ്വാദകരും,സംഗീത പ്രേമികളുമായ  എല്ലാപേരേയും സംഗീത ഓഫ് ദി യു.കെ സഹര്‍ഷം സ്വാഗതം ചെയ്തു കൊള്ളുന്നു.
പ്രവേശനം പാസ് മൂലം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.