1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

സര്‍ഗ്ഗവേദി യു.കെ. ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററില്‍ നടത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ പരിപാടിയില്‍ കുച്ചിപ്പുടി അവതരിപ്പിക്കുന്നത് ലെസ്റ്ററില്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ആന്ധ്രാ സ്വദേശി ചിത്രാ സുരേഷ്.

കലാ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ തെന്നിന്ത്യയുടെ സംസ്‌കാരം ശ്വസിച്ചു വളര്‍ന്ന പെണ്‍കുട്ടിക്ക് സംഗീതത്തോടും നൃത്തത്തോടും അഭിവാഞ്ച തോന്നിയതില്‍ തെല്ലും അതിശയോക്തിയില്ല. ആന്ധ്ര പ്രദേശില്‍ തന്റെ കുടുംബാംഗങ്ങള്‍ മുഴുവന്റെയും, പ്രത്യേകിച്ചും അമ്മയുടെ പ്രോത്സാഹനം കൂടി ആയപ്പോള്‍ ആ എട്ടു വയസ്സുകാരിക്ക് അത് നൃത്തചുവടുകള്‍ അഭ്യസിക്കുന്നതിലേയ്ക്കുള്ള വഴി തുറക്കല്‍ ആയി.

പി.ബി.കൃഷ്ണ ഭാരതി എന്ന ആദ്യ ഗുരുവില്‍ നിന്ന് നൃത്തത്തിന്റെ ബാലപാഠം ഹൃദിസ്ഥമാക്കിയ ചിത്ര ഡോ.ശോഭാ നായിഡു, ഡോ.ജൊന്നലഗഡ അനുരാധ, പശുമര്‍ത്തി രാമലിംഗ ശാസ്ത്രി, ഡോ. സ്വപ്നാ സുന്ദരി, പശുമര്‍ത്തി വെങ്കിടേശ്വര ശര്‍മ്മ തുടങ്ങിയ ഗുരുക്കന്മാരിലൂടെ നടന വൈഭവത്തിന്റെ ചവിട്ടുപടികള്‍ ഒന്നൊന്നായി കയറുകയായിരുന്നു.

ഗുരുകുല വിദ്യാഭ്യാസം പിന്നിട്ട് തെലുങ്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഏ. തെലുങ്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഫില്‍ എന്നീ യോഗ്യതകള്‍ നേടിയ ചിത്ര പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കലേതര വിഭാഗത്തില്‍ എം.ബി.ഏ ബിരുദവും കരസ്ഥമാക്കി.

ഹൈദരാബാദ് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ് ആയ ചിത്ര കൊച്ചിയില്‍ നടന്ന ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ദുബായില്‍ നടന്ന വേള്‍ഡ് തെലുങ്ക് കോണ്‍ഫറന്‍സ് ആണ് ഇന്ത്യയ്ക്ക് വെളിയില്‍ ആദ്യമായി ചെയ്തത്.യു.കെ.യില്‍ ലണ്ടന്‍, കവന്‍ട്രി, ബോസ്റ്റണ്‍,ബിര്‍മിംഗ്ഹാം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നൃത്തരൂപം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രാചീനകാലം മുതല്‍ തുടരുന്ന ഗുരുശിഷ്യ പരമ്പരയുടെ തുടര്‍ച്ചയിലൂടെ സമ്പുഷ്ടമായ നമ്മുടെ കലാ പൈതൃകം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന ഈ നര്‍ത്തകി പൂര്‍വ്വ ഗുരുക്കളിലൂടെ തനിക്ക് ലഭിച്ച വിദ്യയുടെ വെളിച്ചം വരും തലമുറകളിലേയ്ക്ക് പകരുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.

യു.കെ.യില്‍ 2007 ല്‍ വന്ന ചിത്ര ബോസ്റ്റണില്‍ ആയിരുന്നു ഡാന്‍സ് ക്ലാസ് ആരംഭിച്ചത്. പിന്നീട് 2010 ല്‍ ലെസ്റ്ററിലെയ്ക്ക് മാറി. ‘പ്രണമ്യ ആര്‍ട്‌സ് അക്കാദമി’ എന്ന പേരില്‍ ലെസ്റ്ററില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു.

ഭരതനാട്യത്തോടൊപ്പം കുച്ചിപ്പുടിക്കും ഇവിടെ ഒരു പാഠ്യപദ്ധതി ഉണ്ടാക്കി എടുക്കാനുള്ള പരിശ്രമത്തിലാണ് ചിത്ര. സമാന ചിന്താഗതിയുള്ള നൃത്താധ്യാപകരെ കണ്ടെത്തി എന്നെങ്കിലും തന്റെ സ്വപ്നം പൂവണിയും എന്ന വിശ്വാസത്തിലാണ് ഈ നൃത്താധ്യാപിക. ഓരോ കലാസ്വാദകരെയും ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററിലേയ്ക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സ്ഥലം : സ്റ്റോണ്‍ ഹില്‍ ഹൈ സ്‌കൂള്‍, സ്റ്റോണ്‍ ഹില്‍ അവന്യൂ, ലെസ്റ്റര്‍, എല്‍ഇ4 4ജെജി. സമയം:വൈകിട്ട് നാല് മുതല്‍ ഏഴു വരെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.