1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

2011 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ 385 കുഞ്ഞുങ്ങള്‍ മരിച്ചതായി വിവരാവകാശ രേഖ. 2011 ഏപ്രില്‍ നാലു മുതല്‍ ഈ വര്‍ഷം ഏപ്രില്‍ നാലുവരെ 192 കുട്ടികള്‍ക്ക് അണുബാധയുണ്ടായെന്നും റിപ്പോര്‍ട്ട്.

വിവരാവകാശരേഖ പ്രകാരം 2011 ഏപ്രില്‍ 4 മുതല്‍ 2012 ഏപ്രില്‍ 4 വരെയായി ഇന്‍ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 217 നവജാത ശിശുക്കളാണ് മരിച്ചത്. ഔട്ട്‌ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 168 കുട്ടികളും ഈ കാലയളവില്‍ മരിച്ചെന്നാണ് രേഖ വ്യക്തമാക്കുന്നത്. പൊതുപ്രവര്‍ത്തകനായ പി.കെ.രാജീവിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

എന്നാല്‍, റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിഷേധിച്ചു. ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ മാധ്യമങ്ങള്‍ക്ക് അവ്യക്തമായ വിവരങ്ങള്‍ നല്‍കുകയാണെന്നു മന്ത്രി. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ അവ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

വിവരാവകാശ നിയമപ്രകാരം അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു വര്‍ഷം പതിനായിരത്തിലേറെ പ്രസവങ്ങള്‍ നടക്കുന്ന ആസ്പത്രിയാണ് എസ്.എ.ടി. ഇവിടെ സര്‍ക്കാരാസ്പത്രികളേയും മറ്റ് സ്വകാര്യ ആസ്പത്രികളെയും അപേക്ഷിച്ച് ശിശുമരണനിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു. ആസ്പത്രിയെ സംബന്ധിക്കുന്ന തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആശുപത്രിയിലെ അണുബാധയെക്കുറിച്ചും വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ചും ആശുപത്രി വികസന സമിതിയും കേരള മഹിളാ സംഘവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ടും പരാതിയും നല്‍കിയിരുന്നു. എസ്എടിയിലെ മൈക്രോ ബയോളജി ലാബില്‍ രക്തം കള്‍ച്ചര്‍ ചെയ്യാന്‍ കൊണ്ടുവന്നതില്‍ നിന്നാണ് അണുബാധ സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവജാത ശിശുക്കള്‍ മരിക്കാനിടയായതിനെപ്പറ്റി വിശകലനംചെയ്യാന്‍ തിങ്കളാഴ്ച ആസ്പത്രി സൂപ്രണ്ട് ഡോ.എലിസബത്ത് കെ.ഇ. വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.