1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

ലണ്ടന്‍ : യൂറോയെ രക്ഷിക്കാന്‍ ജര്‍മ്മിനി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സും ഇറ്റലിയും ആവശ്യപ്പെട്ടു. യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ജര്‍മ്മിനിയുടെ ഇടപെടല്‍ യൂറോയെ രക്ഷിക്കാന്‍ അനിവാര്യമാണന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടും ആവശ്യപ്പെട്ടത്. 1999ല്‍ പതിനേഴ് രാജ്യങ്ങളുടേയും സിംഗിള്‍ കറന്‍സിയായി യൂറോയെ അംഗീകരിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യങ്ങളിലെ തൊഴിലില്ലായ്മ ഇത്ര ഉയരത്തിലെത്തുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്ന് കടം വാങ്ങി നിലനില്‍ക്കുന്ന യൂറോ അംഗങ്ങളെ രക്ഷിക്കാന്‍ ജര്‍മ്മിനിയുടെ ഇടപെടല്‍ ആവശ്യമാണന്നും ഇരുവരും ചൂണ്ടിക്കാട്ടി. റോമുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു നേതാക്കളും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഗ്രീക്കിനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ട്രോയ്ക ഗ്രൂപ്പുമായി നടത്തിവരുന്ന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം ഇനിയും വൈകുമെന്ന വാര്‍ത്തകള്‍ വന്നശേഷമാണ് ഇറ്റലിയും ഫ്രാന്‍സും ജര്‍മ്മിനിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഗ്രീക്കിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ 11.5 ബില്യണ്‍ യൂറോയുടെ വായ്പ അനുവദിക്കണമെന്നാണ് ഗ്രീക്കിന്റെ ആവശ്യം. ഇതിനായി നിലവിലെ വായ്പാ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന ആതന്‍സിലെ പുതിയ സഖ്യകക്ഷി ഗവണ്‍മെന്റിന്റെ ആവശ്യം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB), യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന ട്രോയ്ക ഗ്രുപ്പ് കഴിഞ്ഞദിവസം നിരസിച്ചിരുന്നു. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ ആഗസ്റ്റ് 20ഓടെ രാജ്യത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാനുളള പണം പോലും ട്രഷറിയില്‍ ഇല്ലാതാകുമെന്ന് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുറോയെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉറപ്പ് നല്‍കുമ്പോഴും അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്‌പെയിനിനേയും ഇറ്റലിയേയും വിട്ട് കൂടുതല്‍ സുരക്ഷിതമായ ജര്‍മ്മിനിയിലും അയര്‍ലണ്ടിലും നിക്ഷേപം നടത്താന്‍ തുനിഞ്ഞതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്. യൂറോയെ രക്ഷിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനായി ബുധനാഴ്ച ഇസിബി നിര്‍ണ്ണായക യോഗം ചേരാനിരിക്കുകയാണ്. പ്രതിസന്ധിയില്‍ പെട്ട യൂറോ രാജ്യങ്ങളെ രക്ഷിക്കാനായി പലിശനിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിക്കുമെന്ന ഇസിബി പ്രസിഡന്റ് മരിയോ ഡ്രാഗ്ഗിയുടെ വാഗ്ദാനമാണ് കഴിഞ്ഞ ഒരാഴ്ചയായി യൂറോപ്യന്‍ സാമ്പത്തിക രംഗത്തിന് പ്രതീക്ഷ നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.