1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2012

ഹീത്രൂ എയര്‍പോര്‍ട്ടിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രി വില്യം ഹേഗ്. വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഹീത്രൂവിലെ വികസന പദ്ധതികള്‍ മറികടന്നുകൊണ്ട് നാല് റണ്‍വേകളുളള പുതിയൊരു എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാന്‍ ഗവണ്‍മെന്റ് രഹസ്യനീക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ഹേഗ്. ബ്രിട്ടനിലെ ഏറ്റവും വലുതും തിരക്കേറിയതുമായ ഹിത്രൂ എയര്‍പോര്‍ട്ടിന് പകരമായാണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്.

തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഹീത്രൂവില്‍ മൂന്നാമതൊരു റണ്‍വേ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ടോറികള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പുതിയ വിമാനത്താവളം വരുന്നതോടെ മൂന്നാമത്തെ റണ്‍വേ എന്ന വാഗ്ദാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ട് പോവുകയാണ് എന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഹേഗ് വിശദീകരണവുമായി രംഗത്ത് എത്തിയത്. ഇത് ഈ ഗവണ്‍മെന്റിന്റെയോ ഈ കൂട്ടുകക്ഷി ഭരണത്തിന്റെയോ മാത്രം ആവശ്യമല്ല. അതിനാല്‍ തീര്‍ച്ചയായും ആ വാഗ്ദാനം പാലിക്കപ്പെടുക തന്നെ ചെയ്യും. ശരിയായ തീരുമാനം എടുക്കുന്നതിന് മുന്‍പ് എല്ലാ വഴികളേ കുറിച്ചും ആലോചിക്കണമെന്നും അത്തരത്തിലൊരു ആലോചന ആയിരുന്നു പുതിയ വിമാനത്താവളമെന്നതും ഹേഗ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉടനെ പോയി ഒരു റണ്‍വേയോ വിമാനത്താവളമോ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്കാകില്ലെന്നും ഹേഗ് പറഞ്ഞു. ഇതിനൊക്കെ സമയം എടുക്കും. നിലവിലെ സാമ്പത്തിക സ്ഥിതിയും എയര്‍പോര്‍ട്ട് കപ്പാസിറ്റിയും വച്ച് നോക്കുമ്പോള്‍ ഉടനെയൊന്നും ഒരു റണ്‍വേ പണിയുക സാധ്യമല്ല. മറ്റ് പല കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ഇത് നടപ്പിലാക്കുക. ലണ്ടനിലെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന സ്ഥലങ്ങളില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം പഠനം നടത്തിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഹേഗ് ഗവണ്‍മെന്റിന്റെ നയം വ്യക്തമാക്കിയത്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലോ ബെര്‍ക്ക്‌ഷെയറിലോ വിമാനത്താവളം സ്ഥാപിക്കാനാകുമോ എന്നും കണ്‍സോര്‍ഷ്യം പരിശോധിക്കുന്നുണ്ട്.

ഇന്‍ഡിപെന്‍ഡന്റ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അനുസരിച്ച് ലണ്ടന്‍ വെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വിമാനത്താവളത്തിന് 40 ബില്യണ്‍ മുതല്‍ 60 ബില്യണ്‍ പൗണ്ട് വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലണ്ടനില്‍ നിന്ന് 30 മിനുട്ട് യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തായിരിക്കണം വിമാനത്താവളമെന്നതാണ് ഗവണ്‍മെന്റ് നോക്കുന്നത്. ലണ്ടനേയും ബര്‍മ്മിംഗ്ഹാമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രേറ്റ് വെസ്റ്റേണ്‍ മെയിന്‍ലൈന് സമീപത്ത് വിമാനത്താവളം സ്ഥാപിക്കാനുളള സാധ്യതയും കണ്‍സോര്‍ഷ്യം പരിഗണിക്കുന്നുണ്ട്.

നിലവില്‍ എയര്‍പോര്‍ട്ട് കപ്പാസിറ്റിക്കും അപ്പുറത്താണ് എയര്‍പോര്‍ട്ടുകളില്‍ അനുഭവപ്പെടുന്ന തിരക്ക്. ഇത് പരിഹരിക്കാനായി ഹീത്രൂവില്‍ മൂന്നാമതൊരു റണ്‍വേ സ്ഥാപിക്കുകയോ അല്ലങ്കില്‍ തേംസ് എസ്റ്റ്വറി എയര്‍പോര്‍ട്ട് എന്ന പേരില്‍ മൂന്നാമതൊരു എയര്‍പോര്‍ട്ട് സ്ഥാപിക്കുകയോ ചെയ്യാമെന്നായിരുന്നു ടോറികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതിയ എയര്‍പോര്‍ട്ട് സ്ഥാപിക്കാനാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് താല്‍പ്പര്യം എന്നു വന്നതോടെ രണ്ടാം തവണയും ഹിത്രൂ എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതികള്‍ക്കുളള കണ്‍ള്‍ട്ടേഷന്‍ മുടങ്ങിയത് വിവാദമായിരുന്നു. എയര്‍പോര്‍ട്ട് വിപുലീകരണത്തിന് ലിബറല്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞമാസം നടന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ പച്ചക്കൊടി കാട്ടിയിരുന്നു. പ്രധാനപ്പെട്ട ലണ്ടന്‍ എയര്‍പോര്‍ട്ടുകളിലെ തിരക്ക് ഒഴിവാക്കാനായി ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ട് ഉപയോഗിക്കു എന്ന് കാട്ടി ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പരസ്യം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.