1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011

ഞാന്‍ എങ്ങനെയാണ് ഉണ്ടായതെന്ന് കുഞ്ഞുങ്ങള്‍ ഒരിക്കലെങ്കിലും മാതാപിതാക്കളോടു ചോദിച്ചിട്ടുണ്ടാകും. പലതും പറഞ്ഞു നമ്മളവരെ വിശ്വസിപ്പിക്കും പിന്നെ ഇലക്കും മുള്ളിനും കേടില്ലാതെ നമ്മളവര്‍ക്ക് ചിലതൊക്കെ പറഞ്ഞു വിശദീകരിച്ചു കൊടുക്കും. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ലൈംഗികപരമായ കാര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ അല്പം മുന്നിലാണ്, പ്രത്യേകിച്ച് ചെറുപ്രായത്തില്‍ തന്നെ അച്ഛനമ്മമാര്‍ ആകുന്ന കാര്യത്തില്‍. യൂറോപ്പില്‍ തന്നെ ഏറ്റവുമധികം കൌമാരക്കാരായ കുട്ടികള്‍ ഗര്‍ഭം ധരിക്കുന്നത് ബ്രിട്ടനിലാണെന്ന കണക്കുകള്‍ ഈ അടുത്തിടയാണ് പുറത്തു വന്നതും, ഇതൊക്കെ അറിഞ്ഞിട്ടാകണം ബ്രിട്ടീഷ് ഗവണ്‍മെന്റ് 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനുള്ള തീരുമാനം കൈക്കൊണ്ടതും, എന്നാല്‍ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത് അതേത്തുടര്‍ന്ന് ഇപ്പോള്‍ ചെറുപ്രായത്തിലെ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കേണ്ടതില്ല എന്ന് ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുകയാണ്.

നിലവിലെ കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലയെന്നു സ്കൂള്‍ മിനിസ്റ്ററായ നിക്ക് ഗിബ്ബ് കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടര്‍ന്ന് കൌമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് പേടിച്ചിരുന്നു രക്ഷിതാക്കള്‍ സന്തോഷിച്ചിരിക്കുകയാണ്. യൂറോപ്പിലെ മറ്റേത്‌ രാജ്യത്തേക്കാളും 13 ശതമാനം കൂടുതലാണ്‌ ബ്രിട്ടനിലെ ടീനേജ്‌ ഗര്‍ഭധാരണം. ഇത്‌ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണെന്ന്‌ ഈയിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ചെറിയ പ്രായം മുതല്‍ ലൈംഗിക കാര്യങ്ങള്‍ പഠിപ്പിച്ചുതുടങ്ങിയാല്‍ മുതിരുമ്പോള്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ പക്വത കാണിക്കുമെന്നാണ്‌ പഠനത്തില്‍ തെളിഞ്ഞത്‌. എന്നാല്‍ ചില രക്ഷിതാക്കളുടെ നിരീക്ഷണം ഇതിനു നേര്‍വിപരീതമായിരുന്നു താനും

തുടര്‍ന്ന്‌ ഇതുസംബന്‌ധിച്ച്‌, സര്‍ക്കാരിന്റെ ആവശ്യപ്രകാരം നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ ഹെല്‍ത്ത്‌ ആന്റ്‌ ക്ലിനിക്കല്‍ എക്‌സലന്‍സ്‌ (നൈസ്‌) ഒരു പഠനിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇത്‌ എല്ലാ സ്‌കൂളുകളും പിന്തുടരണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ആണ്‍ – പെണ്‍ സൗഹൃദത്തിന്റെ സെക്‌സ്‌-ഇതര വശങ്ങള്‍ പാഠ്യഭാഗങ്ങള്‍ ചര്‍ച്ച ചെയ്യും. മദ്യപാനത്തെക്കുറിച്ചും അഞ്ചുവയസുമുതല്‍ കുട്ടികളെ ബോധവാന്മാരാക്കും. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ ആ പ്രായത്തില്‍ത്തന്നെ പഠിപ്പിക്കുന്നത്‌ വലുതാകുമ്പോള്‍ മദ്യപാനത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ കുട്ടികളെ സജ്ജരാക്കുമെന്നാണ്‌ സര്‍ക്കാരിന്റെവിശ്വാസം. ഇപ്പോള്‍ ബ്രിട്ടനിലെ 40 ശതമാനം കുട്ടികളും ലൈംഗിക കാര്യങ്ങളെപ്പറ്റി ശരിയായ അറിവുള്ളവരല്ല എന്നാണ്‌ പഠനം പറയുന്നത്‌. എന്നാല്‍ ലൈംഗിക കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ടീനേജിനു മുന്‍പുതന്നെ തയാറാക്കേണ്ടിയും വരുന്നു.

2000 ത്തില്‍ അധികം രക്ഷിതാക്കള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുകയും ഇത് ചര്‍ച്ചയ്ക്കിടയാക്കുകയും ചെയ്തിരുന്നു. എഡ്യുകേഷന്‍ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഗ്രഹാം സ്റ്റുവര്ട്ടിന് അയച്ച കത്തില്‍ നിക്ക് ഗിബ് ഇങ്ങനെ പറയുന്നു: ‘ഗവണ്‍മെന്റ് ലൈംഗിക വിദ്യാഭ്യാസ ബില്ലില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല, അതായത് ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണോ നല്കെണ്ടയോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം’. എന്തായാലും നിര്‍ബന്ധിത ലൈംഗിക വിദ്യാഭ്യാസം തുടച്ചു നീക്കുമെങ്കിലും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹമുള്ള രക്ഷിതാക്കള്‍ക്ക് അതിനുള്ള അവസരവും ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.