ഷഫീലയെ മാതാപിതാക്കള്‍ ക്യാരിബാഗുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു വെന്ന് സഹോദരി അലീഷ കോടതിയില്‍ മൊഴി നല്‍കി. ഷഫീലയ്ക്ക് രഹസ്യബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ദിവസവും അവളെ പീഡിപ്പിക്കുമായിരുന്നു എന്നും മരിച്ച ദിവസം ഷഫീല ബൂട്ടുകള്‍ ധരിച്ചിരുന്നെന്നും അലീഷ പറഞ്ഞു. മരിക്കുന്ന ദിവസം മുടിയില്‍ ചുവന്ന ഡൈ പുരട്ടിയിരുന്നതായും അലീഷ വ്യക്തമാക്കി. പാശ്ചാത്യജീവിത ശൈലി പിന്തുടര്‍ന്ന ഷഫീല മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമെന്നും അലീഷ അറിയിച്ചു.
മൂത്തമകള്‍ കുടുംബത്തിന് അപമാനം വരുത്തിവച്ചതായി മാതാപിതാക്കള്‍ കരുതിയിരുന്നതായും അലീഷ സമ്മതിച്ചു.
ഇന്നലെ കോടതിയില്‍ നടന്ന വിസ്താരത്തില്‍ പ്രതികളായ ഇഫ്തിക്കര്‍ അഹമ്മദും ഭാര്യ ഫര്‍സാനയും ഞെട്ടലോടെയാണ് ഇളയപുത്രി അലീഷയുടെ മൊഴി കേട്ടത്. ഇതോടെ ഷഫീലയുടെ കൊലപാതകത്തില്‍ മാതാപിതാക്കളുടെ പങ്ക് വ്യക്തമായി.
എന്നാല്‍ സഹോദരിയുടെ കൊലപാതകത്തിന് അലീഷ ദൃക്‌സാക്ഷിയാണോ എന്ന ചോദ്യത്തിന് അലീഷ വ്യക്തമായ ഉത്തരം നല്‍കിയില്ല. പ്ലാസ്റ്റിക് ക്യാരിബാഗ് മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ഷഫീലയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും കൂടി ഷഫീലയുടെ മുതദേഹം വലിയ കവറിലാക്കി. പിതാവ് പിന്നീട് ഇതുമായി കാറിലെങ്ങോട്ടോപോകുന്നതു കണ്ടു- അലീഷ പറഞ്ഞു. മരിക്കുന്ന ദിവസം ഫര്‍സാന ഷഫീലയെ ജോലിസ്ഥലത്തുനിന്നും കൂട്ടികൊണ്ട് വരികയായിരുന്നു.
മാതാപിതാക്കളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് ജീവിക്കുന്നില്ലന്ന് പറഞ്ഞ് ഷഫീലക്ക് ദിവസവും മര്‍ദ്ദനമേല്‍ക്കുമായിരുന്നു. ബ്രിട്ടീഷുകാരായ ആണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന പണം പിന്‍വലിക്കുകയും ചെയ്തു. വിവാഹത്തിന് തൊട്ട് മുന്‍പ് വരെ ഷഫീലക്ക് അതിനെ കുറിച്ച് ഒരു സൂചനയും നല്‍കിയില്ല. ബ്രിട്ടനില്‍ നിന്ന കൊണ്ടുപോയത് അമ്മ എന്തോ ലഹരി വസ്തു നല്‍കിയിട്ടാണ്. തുടര്‍ന്നാണ് ഷഫീല ബ്ലീച്ച് കുടിക്കുന്നത് – അലീഷ പറഞ്ഞു.
സഹോദരിയുടെ മരണത്തെ പറ്റി അലീഷ കൂട്ടുകാരുടെ അടുത്ത് പറഞ്ഞെങ്കിലും പിന്നീട് അത് നിക്ഷേധിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവിനേയും സഹോദരങ്ങളേയും കെട്ടിയിട്ട് സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ അലീഷയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷണകുറ്റത്തിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല