1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

ചില മനുഷ്യര്‍ മെഴുകുതിരികളെ പോലെയാണ് സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചമാകും, സിസ്റ്റര്‍ വല്‍സ ജോണിനെ ആയിരം മെഴുകി തിരികളെ തന്നിലാവാഹിച്ച ഒരു നക്ഷത്രമായി കാണേണ്ടതാണ് നാം. എറണാകുളം തൃക്കാക്കര മലമേല്‍ വീട്ടില്‍ ജോണിന്റെയും എലിസബത്തിന്റെയും മകള്‍ വല്‍സ ജോണ്‍ പ്രേഷിത വൃത്തിയിലൂടെ ജീവിതം കൊടുത്ത ആദിവാസി ഗ്രാമത്തില്‍ ഇന്നും ആ കെടാവിളക്ക് കത്തുന്നു, ഗ്രാമീണരുടെ നെഞ്ചില്‍. ഖനിയില്‍ നിന്നുള്ള കല്‍ക്കരി വീണു ഗ്രാമത്തിലെ റോഡുകളെല്ലാം കറുത്തുകിടക്കുന്നുവെങ്കില്‍ അവിടത്തെ കറുത്ത മനുഷ്യരുടെ മനസിലെല്ലാം സിസ്റ്റര്‍ വല്‍സ ജോണ്‍ കൊളുത്തിയ വിളക്കിന്റെ വെളിച്ചമുണ്ട്.

എന്നും സിസ്റ്റര്‍ക്ക് കാവലായി അമ്പും വില്ലുമായി നൂറുകണക്കിന് ആദിവാസികള്‍ മരത്തിന്റെ മുകളിലും മറവിലും അവര്‍ പതുങ്ങിനില്‍ക്കുകായും ചെയ്യുമായിരുന്നു, എന്നിട്ടും ഗ്രാമീണരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി അവരത് ചെയ്തു. വല്‍സ ജോണെന്ന ഒരു ഗ്രാമത്തിന്റെ പ്രതീക്ഷ അവര്‍ ഇല്ലാതാക്കി. വല്‍സ ജോണിനെതിരെ എപ്പോഴും ആക്രമണം പ്രതീക്ഷിക്കുന്ന അവര്‍ പ്രിയപ്പെട്ട ദീദിക്കൊരുക്കിയ സുരക്ഷാ സംവിധാനം നോക്കി നില്‍ക്കേണ്ടിയും വന്നു. ജീവിച്ചിരിക്കുമ്പോള്‍ അവരെ കാണുകയോ കേള്‍ക്കുകയോ സഹായിക്കുകയോ ചെയ്യാതിരുന്ന പൊതുസമൂഹവും മാധ്യമങ്ങളും അവരുടെ മരണം ബാക്കി വെച്ച വെളിച്ചത്തിലെങ്കിലും സിസ്റ്റര്‍ ആര്‍ക്കായി ജീവിച്ചു മരിച്ചുവോ അവര്‍ക്കായി നില കൊള്ളേണ്ടിയിരിക്കുന്നു.

ആദിവാസികളുടെ കൂടെ അവരുടെ വേഷത്തില്‍ അവരില്‍ ഒരാളായി ജീവിക്കുകയായിരുന്നു സിസ്റ്ററും. സ്ത്രീകള്‍ ജോലിയെടുക്കുകയും പുരുഷന്മാര്‍ മദ്യപിച്ചു വീട്ടിലുറങ്ങുകയും ചെയ്തു ശീലമുള്ള സാന്താള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആണുങ്ങളും പെണ്ണുങ്ങളും സിസ്റ്റരുടെ സ്നേഹം അനുഭവിച്ചവരാണ്. ഈ ആദിവാസി സേനയുടെ നേതാവ് പൈസല്‍ മേമ്രാം എന്നാ ആളാണ്‌. പ്രേഷിത വൃത്തിയുമായി ഈ നാട്ടിലെത്തിയ ഒരു സാധാരണ സ്ത്രീ ഒരു പ്രദേശത്തിന്റെയാകെ വെളിച്ചമായി മാറിയതെങ്ങനെ? കഠിനമായ പരീക്ഷണ ഘട്ടങ്ങളും വെല്ലുവിളികളും അതിജീവിച്ചെത്തിയ ഒരു വിജയകഥയാണത്.

ഒരു വ്യാഴവട്ടം മുന്‍പായിരുന്നു ‘ജീവന്‍ പോയാലും സ്ഥലം തരില്ല’ ഖനി മാഫിയയ്ക്കു തീറെഴുതി സ്വന്തം മണ്ണില്‍ നിന്നു കുടിയിറങ്ങേണ്ടിവരുന്ന ആദിവാസി ജനതയുടെ ഹൃദയനൊമ്പരങ്ങളില്‍ തൊട്ടു വല്‍സ ജോണ്‍ എന്ന സന്യാസിനി ഈ മുദ്രാവാക്യം മുഴക്കിയത്, അതോടെ ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ അമടപാട ബ്ലോക്കിലെ പച്ചുവാഡ ഗ്രാമത്തില്‍ മാറ്റത്തിന്റെ അലയടികള്‍ ഉയര്‍ന്നു, കോടികളുടെ കിലുക്കം മാത്രം കേട്ടുശീലിച്ച ഖനി മുതലാളിമാരും അവര്‍ക്കു തുണ നിന്ന ഭരണനേതൃത്വവും ആദിവാസികളുടെ ആവശ്യത്തിനു മുന്നില്‍ തോറ്റു തുന്നം പാടി.

‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ അംഗമായി പഞ്ചാബിലെ അമൃത്സറിലെത്തിയ വല്‍സ ജോണ്‍ അവിടത്തെ വിദ്യാഭ്യാസത്തിനു ശേഷമാണ് അധ്യാപനത്തിലേക്കും പ്രേഷിത വൃത്തിയിലേക്കും തിരിഞ്ഞത്. പഞ്ചാബിലെയും ഹിമാചലിലെയും ആദിവാസി മേഖലകളില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനം. എങ്കിലും പാക്കൂര്‍ ജില്ലയിലെ ജിയാപാനിയിലെ കോണ്‍വന്റ് സ്കൂളില്‍ അധ്യാപികയായതു വല്‍സ ജോണിന്റെ ജീവിത നിയോഗം മാറ്റിക്കുറിച്ചു. സ്കൂള്‍ സമയം കഴിയുമ്പോള്‍ സൈക്കിളില്‍ ആദിവാസി ഗ്രാമങ്ങളിലേക്ക് അവര്‍ യാത്രചെയ്തു. മദ്യപാനത്തിലും രോഗപീഡയിലും ആദിവാസികള്‍ നശിക്കുന്നത് അവര്‍ നേരില്‍ക്കണ്ടു. അവരുടെ ജീവിതത്തില്‍ ഒരു തൂവല്‍ സ്പര്‍ശമായി.

ഇതിനിടെ 1998ല്‍ പച്ചുവാഡ ഗ്രാമത്തില്‍ കല്‍ക്കരി ഖനനത്തിന് ഈസ്റ്റേണ്‍ മിനറല്‍ ട്രേഡിങ് ഏജന്‍സിയെന്ന സ്വകാര്യ കമ്പനിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പഞ്ചാബ് വൈദ്യുതി വകുപ്പിനു വേണ്ടിയാണു ഖനനം. 6733 ഹെക്ടര്‍ ആദിവാസി ഭൂമി വിട്ടുകൊടുക്കണം. വികസനത്തിന്റെ വിത്തുവീഴുന്നിടത്തെല്ലാം ചൂഷണത്തിന്റെ ആദ്യ ഇരകളാവേണ്ടി വരുന്ന ആദിവാസികളുടെ കിടപ്പാടം പോലും അന്യാധീനപ്പെടുമെന്നു വല്‍സ ജോണിനു മനസ്സിലായി. അവര്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ജീവന്‍ പോയാലും ഭൂമി തരില്ലെന്ന മുദ്രാവാക്യം അവിടെ ഉയര്‍ന്നു. രാജ്മഹല്‍ പഹാഡ് ബചാവോ ആന്തോളന്‍ എന്ന സംഘനയ്ക്കു രൂപംകൊടുത്തു.

അതിഭീകരമായിരുന്നു പ്രതികരണം. ഖനി മാഫിയയുടെ ഗുണ്ടകള്‍ ആദിവാസി ഗ്രാമങ്ങളില്‍ തേര്‍വാഴ്ച നടത്തി. പലരും ആശുപത്രിയിലായി. ആദിവാസികള്‍ക്കൊപ്പം വല്‍സ ജോണ്‍ കാട്ടിലേക്കോടി. വനത്തിലെ വിഭവങ്ങളും കാട്ടരുവിയിലെ വെള്ളവും അവരുടെ ജീവന്‍ നിലനിര്‍ത്തി. അടിക്കാടു തെളിച്ച വെറുംനിലത്തു രാത്രിയുറങ്ങി. വല്‍സ ജോണിനെതിരെ മാത്രം വിവിധ കോടതികളില്‍ ഇതിനിടെയെത്തിയതു 14 ക്രിമിനല്‍ കേസുകള്‍. 15 ദിവസത്തെ ഒളിവു വാസത്തിനു ശേഷം വല്‍സ ജോണ്‍ കാടിനു പുറത്തിറങ്ങിയതു നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു. എന്തിനും പോന്ന ആദിവാസി സേന അവര്‍ക്കു തുണ നിന്നു.

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കോടതിയിലേക്ക് നെങ്ങി, റാഞ്ചിയില്‍ പത്രപ്രവര്‍ത്തകനായ കോട്ടയം കടുത്തുരുത്തി സ്വദേശി ഷാജി എം. ജോസഫ് നിയമനടപടികള്‍ക്കു പിന്തുണ നല്‍കി. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും വിധി ഖനനക്കാര്‍ക്ക് അനുകൂലമായിരുന്നു. പൊതുസമൂഹത്തിനു ഗുണകരമാവുന്നതിനു തടസ്സം നില്‍ക്കാന്‍ പാടില്ലെന്നു കോടതി വിധിച്ചു. സുപ്രീം കോടതിയിലായി പോരാട്ടം. സാന്താള്‍ പര്‍ഗാന ആക്ട് അനുസരിച്ചു ഭൂമി കൈമാറ്റത്തിനു നിയമസാധുതയില്ലെന്ന കണ്ടെത്തല്‍ ഖനനക്കാര്‍ക്കു വെള്ളിടിയായി. അനുരഞ്ജന വാഗ്ദാനവുമായി അവര്‍ സമരസമിതിയെ സമീപിച്ചു.

വികസനം തടസ്സപ്പെടുത്താതെയും ആദിവാസികള്‍ക്കു ഗുണം കിട്ടുന്ന തരത്തിലും കരാറിനു വഴിയൊരുങ്ങി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനും കോട്ടയം സ്വദേശിയുമായ ജോസ് ജെ. ചെരുവില്‍ 15 ദിവസം പച്ചുവാഡയില്‍ താമസിച്ചാണു കമ്പനി അധികൃതരുമായി വാദം നടത്തി കരാറിനു രൂപംകൊടുത്തത്.

കമ്പനിയുടെ ലാഭവീതത്തില്‍ നിശ്ചിത ശതമാനം ആദിവാസികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കണമെന്ന വിപ്ലവകരമായ നിര്‍ദേശം കരാറിന്റെ ഭാഗമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്തു പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര പാക്കേജില്‍ ഇൌ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ പോകുന്നതേയുള്ളൂവെന്നോര്‍ക്കണം. ഏറ്റെടുക്കുന്ന ഭൂമിക്കു വിപണിവില, ഖനിയില്‍ തൊഴില്‍, കൃഷിനഷ്ടത്തിനു പരിഹാരമായി വര്‍ഷം ഒരേക്കറിന് 6000 രൂപ തുടങ്ങിയ നിബന്ധനകള്‍ക്കും കമ്പനി വഴങ്ങി. കൂടാതെ സ്കൂള്‍, ആശുപത്രി, വായനശാല, ആംബുലന്‍സ് തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തണം. ഇതില്‍ ആദിവാസികള്‍ക്കു സൌജന്യ സേവനം ലഭ്യമാക്കണം.

കൂടാതെ ഖനനം കഴിയുന്ന ഭൂമി നികത്തി, ഒരുവര്‍ഷം കമ്പനി തന്നെ കൃഷിചെയ്തു യോഗ്യമാക്കിയ ശേഷം ഉടമകള്‍ക്കു കൈമാറണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. ഭൂമി നഷ്ടമായതിന്റെ പേരില്‍ ജനങ്ങള്‍ സിംഗൂരിലും നന്ദിഗ്രാമിലും സമരം നടത്തേണ്ടി വന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു വല്‍സ ജോണിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ വിജയം കണ്ടത്!

പുനരധിവസിപ്പിക്കപ്പെട്ട സ്ഥലത്തു കോണ്‍ക്രീറ്റ് വീടുകളിലേക്ക് ആദിവാസികള്‍ മാറിത്താമസിച്ചപ്പോഴും പണ്ടു നിര്‍മിച്ച കുടിലില്‍ തന്നെയായിരുന്നു വല്‍സ ജോണ്‍ താമസിച്ചിരുന്നത്. രാത്രിയുടെ മറവില്‍, സുരക്ഷയുടെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് അക്രമികള്‍ ആ കുടിലിനുള്ളിലെ ‘വിളക്കു തല്ലിക്കെടുത്തി. എങ്കിലും അവര്‍ കൊളുത്തിയ മാറ്റത്തിന്റെ കെടാവിളക്ക് ആദിവാസി ജീവിതങ്ങള്‍ക്ക് എക്കാലവും വഴികാട്ടും എന്നതില്‍ സംശയമില്ല. അവര്‍ തുടങ്ങിവെച്ച ആ മാറ്റത്തിന് പിന്തുണയുമായി നമുക്കും ഒന്ന് ചേരാം..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.