സ്വന്തം ലേഖകന്‍: യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി, ഒരു വെടിക്ക് രണ്ടു പക്ഷിയുമായി ട്രംപ്. വിവാദത്തില്‍ കത്തിനില്‍ക്കുന്ന മെക്‌സിക്കന്‍ അതിര്‍ത്തിയിലെ വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രത്തിന് വേദിയായത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും ഇല്ലാതാക്കന്‍ സോളാര്‍ പാനല്‍ കൊണ്ടുള്ള വേലിയാണ് ട്രംപിന്റെ പുതിയ തന്ത്രം.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരേ സമയം വേലിയായും വൈദ്യുതിയായും ഉപയോഗിക്കാന്‍ കഴിയുന്ന സുരക്ഷാ മതിലാണ് ട്രംപ് ഭരണകൂടം വിഭാവനം ചെയ്യുന്നത്. ഒരേ സമയം ഇതില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കാനും ഒപ്പം നിര്‍മ്മാണ ചെലവ് കുറയ്ക്കാനും കഴിയും. ഇയോവയിലെ സെഡാര്‍ റാപിഡ്‌സിലെ യോഗത്തില്‍ സംസാരിക്കവെയാണ് ട്രംപ് തന്റെ ആശയം പങ്കുവെച്ചത്.
”അതിര്‍ത്തി കടന്നുവരുന്ന മയക്കുമരുന്നിനെ തടയേണ്ടതുണ്ട്. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു കാര്യം നിങ്ങളോട് പറയാം. തെക്കന്‍ അതിര്‍ത്തിയില്‍ സൂര്യന്റെ നല്ല സാന്നിദ്ധ്യമുണ്ട്. ചൂടും ആവശ്യത്തിനുണ്ട്. ഇവിടെ നമുക്കൊരു സോളാര്‍ വേലി കെട്ടാം. അത് ഊര്‍ജ്ജം നിര്‍മ്മിക്കുകയും അതിന്റെ ചെലവ് വഹിക്കുകയും ചെയ്യും. ഇതിലൂടെ ഇവിടെ മതില്‍ നിര്‍മ്മിക്കുന്ന മെക്‌സിക്കോയുടെ ചെലവ് കുറയ്ക്കാനുമാകും. ഇക്കാര്യം ചിന്തിച്ചു നോക്കുക. ഭീത്തിക്ക് എത്ര ഉയരം കൂടുന്നോ അത്രയും മൂല്യം കൂടും,’ ട്രംപ് പറഞ്ഞു.
അതിര്‍ത്തിയില്‍ ഭിത്തി നിര്‍മ്മിക്കാനുള്ള തീരുമാനവുമായി മാസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ ഭരണകൂടം ശക്തമായി മുന്നോട്ടു നീങ്ങിയത്. ഈ വേലിയ്കായി സോളാര്‍ പാനല്‍ ഉപയോഗിക്കാമെന്ന ആശയവുമായി ലാസ് വെഗാസിലെ ഒരു ബിസിനസുകാരന്‍ ടോം ഗ്‌ളീസണ്‍ ടെന്‍ഡര്‍ വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നെങ്കിലും ട്രംപ് ഭരണകൂടം മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഭിത്തി നിര്‍മ്മാണത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയെന്നും നടത്തിയിട്ടില്ല. ഡമോക്രാറ്റുകളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും വന്‍ ചെലവു വരുന്ന പദ്ധതിക്കെതിരെ യുഎസ് കോണ്‍ഗ്രസ് മുഖം തിരിക്കുകയാണ്. നിലവില്‍ അതിര്‍ത്തി യിലെ ചില ഭാഗങ്ങളിലെ വേലിയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള പണം മാത്രമാണ് കോണ്‍ഗ്രസ് അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല