നോര്‍വ്വെയുടെ തീരങ്ങളില്‍ കഴിഞ്ഞ ദിവസം ഒരു അത്ഭുതസംഭവമുണ്ടായി. അത്ഭുതസംഭവമെന്നാണോ വിളിക്കേണ്ടത് എന്ന് ചോദിച്ചാല്‍ പ്രശ്നമാണ്. എന്തായാലും നല്ല നാറ്റത്തോടെ സംഭവം നാട്ടുകാരും മറുനാട്ടുകാരും അറിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലോ..? കാര്യം വേറൊന്നുമല്ല. നോര്‍വ്വെയുടെ കടല്‍ത്തീരത്ത് ഇരുപത് ടണ്‍ മത്തി ചത്തടിഞ്ഞു. ഒരു കിലോ മത്തി മേടിച്ചിട്ട് കറിവെയ്ക്കാതെ വീട്ടില്‍ വെച്ചിരുന്നാലത്തെ മണം നന്നായി അറിയാവുന്ന മലയാളികള്‍ക്ക് നോര്‍വ്വെകാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ നന്നായി ബോധ്യപ്പെട്ടു കാണുമല്ലോ..? എന്തായാലും സംഗതി ഇത്തിരി പ്രശ്നമാണ് എന്ന് തന്നെയാണ് എന്നാല്‍ നോര്‍വ്വെയിലെ ഗവേഷകര്‍ പറയുന്നത്.
ഇതിനെ സാധാരണഗതിയിലുള്ള ഒരു സംഭവമായി കാണാന്‍ സാധിക്കില്ല എന്നാണ് കടല്‍ സംബന്ധമായ ഗവേഷണങ്ങള്‍ നടത്തുന്ന നോര്‍വ്വെയിലെ സ്ഥാപനം വെളിപ്പെടുത്തുന്നത്. ഡിസംബര്‍ അവസാനത്തോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പലപ്പോഴും നോര്‍വ്വെയുടെ തീരത്ത് മീനുകള്‍ അടിഞ്ഞുകൂടിയ സംഭവങ്ങളുണ്ടെങ്കിലും ഇത്രയും മീനുകള്‍ അടിഞ്ഞുകൂടിയ സംഭവം ഇതാദ്യമാണെന്ന് ഗവേഷണസംഘങ്ങള്‍ വെളിപ്പെടുത്തി.
നല്ല ചാകര വന്ന് കയറിയത് ഇങ്ങനെയായി പോയതിന്റെ വിഷമത്തിലാണ് നോര്‍വ്വെയിലെ മീന്‍ പിടുത്തക്കാര്‍. എന്നാല്‍ ഈ ഭാഗത്ത് ഉയര്‍ന്ന സ്ഥലത്തുനിന്നും നദി കടലിലേക്ക് പതിക്കുന്നുണ്ട്. അതിനിടയില്‍പ്പെട്ടാണ് ഇത്രയും മീനുകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ ന്യൂ ഇയര്‍ ദിവസങ്ങളില്‍ അമേരിക്കയുടെ തീരങ്ങളില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തടിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇതും സംഭവിച്ചിരിക്കുന്നത് എന്നതുകൊണ്ട് മറ്റെന്തങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല