മറവി ഒരു പകര്‍ച്ചവ്യാധി അല്ലെന്ന് നമുക്കെല്ലാം അറിയാം, എങ്കിലും ഒരു സമൂഹത്തെ മുഴുവന്‍ മറവി ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഒരു പകര്‍ച്ചവ്യാധിയായി കാണുന്നതില്‍ എന്താണ് തെറ്റ്? ബ്രിട്ടനാണ് മറവി രോഗികളുടെ രാജ്യമായിരിക്കുന്നത്, അതുകൊണ്ട് തന്നെ ബ്രിട്ടനിലെ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ‘നിങ്ങളുടെ പേര് എന്തായിരുന്നു?’ എന്നെങ്ങാനും ചോദിച്ചാല്‍ അതിശയിക്കാനൊന്നും നില്‍ക്കണ്ട അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട കാര്യങ്ങളാണ് ദിവസവും അവര്‍ മറന്നുപോകുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് തിരക്കുപിടിച്ച ജീവിത ശൈലി ബ്രിട്ടീഷുകാരെ മറവി രോഗികളാക്കി തീര്‍ത്തിരിക്കുന്ന കാര്യം വെളിച്ചത്തു കൊണ്ട് വന്നിരിക്കുന്നത്. എന്തായാലും സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ബ്രിട്ടനില്‍ താമസിക്കുന്ന നമുക്കും മറവി രോഗം പിടിപെട്ടിട്ടുണ്ടാകാം.
ആരെങ്കിലും തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് തിരിച്ചു വിളിക്കാതിരിക്കുക, ഇ മെയിലിനു മറുപടി നല്‍കാന്‍ മറക്കുക തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന മറവിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ അതിശയിപ്പിക്കുന്ന മറവിയെന്ന് പറയുന്നത് തങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരുടെയും പഠിക്കുന്നവരുടെയും പേരുകളും പ്രിന്ററില്‍ നിന്നും പേപ്പര്‍ എടുക്കാന്‍ മറക്കുക എന്നിവയാണ്. മറ്റൊരു പ്രധാന മറവി പൊതിഞ്ഞു വെച്ച ഭക്ഷണം പോലും എടുക്കാതെ ഓഫീസില്‍ പോകുകയെന്നാണ്, ഇത്തരക്കാര്‍ വിശക്കുമ്പോളാണത്രേ പലപ്പോഴും ഭക്ഷണമെടുക്കാന്‍ മറന്ന കാര്യം ഓര്‍ക്കുന്നത് പോലും!
സര്‍വ്വെയ്ക്ക് വിധേയരായവരില്‍ ഭൂരിപക്ഷവും പഴി ചാരുന്നത് തങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ജോലി സ്ഥലത്തെ തിരക്കാണ് ഈ മറവികള്‍ക്കെല്ലാം കാരണമെന്നാണ്. കാല്‍ഭാഗം ആളുകളും പറയുന്നത് അവര്‍ക്ക് ഒരു ദിവസം ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ അനവധിയാനെന്നാണ് അതേസമയം 5 ശതമാനം ആളുകള്‍ക്കും ഇതൊന്നും ഓര്‍ക്കാന്‍ സമയമില്ലെന്നും പറയുന്നു. പ്രായമാകുന്നതനുസരിച്ചു കൂടെ കൂടെ ചെറിയ കാര്യങ്ങള്‍ മറന്നു പോകുന്നത് കൂടുന്നുണ്ടെന്നു സര്‍വ്വെയ്ക്ക് വിധേയരായവര്‍ പറഞ്ഞു. ആധുനിക ലോകത്തെ ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാളും ഏറ്റവും പ്രധാനപ്പെട്ട പാസ്വേര്‍ഡുകള്‍ ദിവസവും മറന്നു പോകുന്നവരാണ്. മൂന്നില്‍ ഒരാള്‍ അവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വരെ മറക്കുന്നുണ്ട്. മറ്റൊരു കാര്യം 12 ശതമാനം പേരും വീക്കെന്‍ഡില്‍ അലാറം ഓഫാക്കാന്‍ മറക്കുന്നത് മൂലം സാധാരണ എഴുന്നേല്‍ക്കുന്ന സമയത്ത് തന്നെ എണീക്കാറുണ്ടെന്നും വ്യക്തമാക്കുന്നു. പത്തില്‍ ഏഴ് പേരും പറയുന്നത് തങ്ങള്‍ക്കു ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി വെക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇനിയുമുണ്ട് ഏറ്റവും ലളിതമായ എന്നാല്‍ ഏറ്റവും പ്രധാനപ്പെട മറവികള്‍, ഇതില്‍ പ്രധാനപ്പെട്ടത് അലക്കിയ വസ്ത്രം വാഷിംഗ്മെഷീനില്‍ നിന്നും എടുക്കാന്‍ മറക്കുക, മാലിന്യങ്ങള്‍ പുറംതള്ളാന്‍ മറക്കുക എന്നിവയും ഉള്‍പ്പെടുന്നു.
പ്രായപൂര്‍ത്തിയായ 2000 ആളുകളില്‍ അവറി ഓഫീസ് ആണ്ട് കണ്‍സ്യൂമര്‍ പ്രൊഡക്ട്ടാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വെയ്ക്ക് നേതൃത്വം നല്‍കിയ ഗ്രെഗ് കോര്‍ബെറ്റ് പറയുന്നത് തിരക്കുപിടിച്ച ജീവിതം മൂലം ജനങ്ങള്‍ ഏറ്റവും ബെസിക്കായ പല കാര്യങ്ങളും മറക്കുന്നുന്ടെന്നാണ്. വീട്ടിലും ജോലി സ്ഥലത്തും ഈ മറവി സര്‍വ സാധാരമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ആരെങ്കിലും നമ്മുടെ ബര്‍ത്ത് ഡേ മറന്നെന്നോ മറ്റോ കരുതി പരിഭവിക്കാന്‍ നില്‍ക്കണ്ട, ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ മറവി സര്‍വ സാധാരണമാണെന്നു കരുതി സമാധാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല