1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

സൌദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ നൂറുകണക്കിനു നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. നവംബര്‍ 11-നു മുമ്പു പിരിഞ്ഞുപോകണമെന്നു വ്യക്തമാക്കുന്ന ടെര്‍മിനേഷന്‍ നോട്ടീസ് നഴ്സുമാര്‍ക്കു നല്‍കി. നോട്ടീസ് ലഭിച്ചവരില്‍ 173 പേരും മലയാളികളാണ്.

തദ്ദേശീയരായ നഴ്സുമാര്‍ക്ക് അവസരമൊരുക്കാനാണു പിരിച്ചുവിടലെന്നാണ് അധികൃതരുടെ വിശദീകരണം. സൌദിയില്‍ ഇറാക്ക് അതിര്‍ത്തിക്കു സമീപത്തെ അറാറിലെ മിനിസ്ട്രി ആശുപത്രിയില്‍ ആകെ 210 പേര്‍ക്കാണു പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കു മറ്റു സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടു യാതൊരുവിധ സൂചനകളും നോട്ടീസിലില്ല.

അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരാണ് ജോലി നഷ്ടപ്പെടുന്ന മലയാളികളില്‍ പലരും. ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍ സ്വദേശികളും പിരിച്ചുവിടപ്പെടുന്നവരിലുണ്ട്. നോട്ടീസ് ലഭിച്ച പലരും ഇപ്പോള്‍ അവധിക്കു നാട്ടിലാണ്. തിരിച്ചു ചെല്ലുമ്പോള്‍ ജോലിയുണ്ടാകില്ലെന്ന ആശങ്കയിലാണ് ഇവര്‍.

രണ്ടു മാസം മുമ്പ് ആരോഗ്യമന്ത്രാലയത്തിനു കീഴിലെ മറ്റൊരു ആശുപത്രിയില്‍ എട്ടു നഴ്സുമാര്‍ക്കു പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രവാസി മന്ത്രാലയം ഇടപെട്ടതിനെത്തുടര്‍ന്നു ഇവര്‍ക്കു മറ്റൊരു സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ അധികൃതര്‍ തയാറായി. ഇതുപോലെ അറാറയിലെ ആശുപത്രിയില്‍ നിന്നു പിരിഞ്ഞുപോകാന്‍ നോട്ടീസ് ലഭിച്ചവരുടെ കാര്യത്തിലും പ്രവാസികാര്യ മന്ത്രിയുള്‍പ്പടെയുള്ളവരുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണു മലയാളി നഴ്സുമാരുടെ പ്രതീക്ഷ.

സൌദി തലസ്ഥാനമായ റിയാദില്‍ നിന്ന് 600 കിലോമീറ്റര്‍ മാറിയാണ് അറാര്‍. റിയാദ്, ജിദ്ദ പോലുള്ള വലിയ നഗരങ്ങളെക്കാള്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യാനാണ് പ്രദേശവാസികള്‍ കൂടുതലും ആഗ്രഹിക്കുന്നതത്രെ.

സൌദിയില്‍ തദ്ദേശീയരായ നഴ്സുമാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വിദേശികളെ തങ്ങളുടെ ആശുപത്രികളില്‍ നിന്നു പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കുന്നത്.

നഴ്സുമാര്‍ക്കു പുറമേ ഐടി, സാങ്കേതിക, നിര്‍മാണ തൊഴില്‍ മേഖലകളില്‍ നിന്നും വിദേശികളെ പടിപടിയായി പറഞ്ഞയക്കാനും സൌദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ഈ പ്രവണത പടരുമെന്ന ആശങ്കയും ശക്തമാ യിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.