1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

സൌദി അറേബ്യയിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍നിന്ന് വിദേശ നഴ്സുമാരെ പൂര്‍ണമായും ഒഴിവാക്കാന്‍ നടപടി തുടങ്ങി. അല്‍ജൂഫ് മേഖലയില്‍ ചെറിയ തോതില്‍ ആരംഭിച്ച പിരിച്ചുവിടല്‍ രാജ്യം മുഴുവന്‍ നടപ്പാകുമെന്ന നഴ്സുമാരുടെ ആശങ്ക ശരിവയ്ക്കുംവിധമാണ് പുതിയ നീക്കം. പത്തു വര്‍ഷത്തിലധികം സേവനമുള്ള വിദേശ നഴ്സുമാരെയാണ് ജോലിയില്‍നിന്ന് നീക്കംചെയ്യാന്‍ സൌദി ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. പകരം സ്വദേശി വനിതകളെ നിയമിക്കും.

കീമോ ഡയാലിസിസ്, ഐസിയു, കാഷ്വല്‍റ്റി വിഭാഗങ്ങളില്‍ പരിചയ സമ്പന്നരെ തല്‍ക്കാലം നിലനിര്‍ത്തുമെന്നറിയുന്നു. ഇവിടെ സ്വദേശികള്‍ക്കു പരിചയസമ്പത്താകുന്ന മുറയ്ക്കായിരിക്കും മറ്റുള്ളവരെ നീക്കുന്നത്. വിദൂര സ്ഥലങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തല്‍ക്കാലം സ്വദേശിവല്‍ക്കരണം നടപ്പാക്കില്ല. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 300 സീനിയര്‍ നഴ്സിങ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ഉദ്ദേശ്യം.

നിലവില്‍ അല്‍ജൂഫ് മേഖലയില്‍ ഒട്ടേറെ നഴ്സുമാര്‍ക്ക് ജോലിയില്‍നിന്നു പിരിഞ്ഞുപോകാനുള്ള സ്റ്റോപ്പ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മറ്റിടങ്ങളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് പിരിച്ചുവിടുകയെന്നാണു സൂചനയെങ്കിലും ഇവിടെ ഒരു വര്‍ഷംപോലും തികയാത്തവര്‍ പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഏതാനും പേര്‍ നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു.

സൌദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും ഇന്ത്യക്കാരടക്കം ഒട്ടേറെ വിദേശ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളെക്കാള്‍ മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണു സൌദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യാന്‍ വിദേശ നഴ്സുമാരെ ആകര്‍ഷിക്കുന്നത്. ഇന്ത്യക്കാരില്‍ മലയാളി നഴ്സുമാരാണ് കൂടുതല്‍. എന്നാല്‍ വിദേശികളില്‍ ഫിലിപ്പിനോകളാണ് നഴ്സുമാരായി ജോലി ചെയ്യുന്നവരില്‍ എണ്ണത്തില്‍ കൂടുതല്‍. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലിചെയ്യുന്ന നഴ്സുമാരുടെ മൊത്തം കണക്കെടുത്താല്‍ 90 ശതമാനവും ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.