1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

സൌമ്യവധക്കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം ലക്ഷങ്ങള്‍ ഒഴുക്കുന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ സാധുത സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ കോടതിയില്‍ നടക്കുന്നത്. സൌമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ലി വാസുവല്ലെന്നും താനാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിലെ അംഗമായ ഡോക്ടര്‍ ഉന്‍മേഷ് മൊഴി നല്‍കിയത്.

എന്നാല്‍ പ്രതിഭാഗത്തില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ഉന്‍മേഷ് ഇത്തരമൊരു മൊഴി കോടതിയില്‍ നല്‍കിയതെന്നാണ് സൂചന. സൌമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് താനാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോ. ഷെര്‍ളി വാസു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ സാക്ഷിയായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ഉന്‍മേഷ് നല്‍കിയ മൊഴി കളവാണെന്നും ഡോ.ഷെര്‍ളി വെളിപ്പെടുത്തിയിരുന്നു. ഉന്‍മേഷിന്റെ കള്ളമൊഴിക്കു പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഫോറന്‍സിക് വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോ.ഷെര്‍ളി ആരോപിച്ചിരുന്നു.

സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ.ഉന്‍മേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയതിന് പിന്നില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കേസ് നടത്തുന്ന ക്രിസ്ത്യന്‍ സംഘടനയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. നേരത്തെ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ നല്‍കി മികച്ച അഭിഭാഷകരെ ഹാജരാക്കിയത് വന്‍ വാര്‍ത്തയായിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചതുമുതല്‍ കേസ് തേയ്ച്ചുമായ്ച്ചു കളയാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ രക്ഷിയ്ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഡോക്ടര്‍ ഉന്‍മേഷ് കോടതിയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയതിനെക്കുറിച്ച് വിരുദ്ധമായ മൊഴികള്‍ വന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ സാധുതയെക്കുറിച്ച് പ്രതിഭാഗത്തിന് കോടതിയില്‍ ചോദ്യം ചെയ്യാം. ഇങ്ങനെ വന്നാല്‍ പ്രധാന തെളിവായ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതി തള്ളിയേക്കും. ഇത് പ്രതിഭാഗത്തിന് അനുകൂലമായി മാറാം. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ ലാലിന്റെ മൊഴിപ്രകാരം പോസ്റ്റ്മോര്‍ട്ടം ചെയ്തത് ഡോ. ഷേര്‍ലി വാസുവാണ്. അതേസമയം ഡോ. ഉന്‍മേഷിനെതിരെ സൌമ്യയുടെ കുടുംബം നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഉന്‍മേഷ് സൌമ്യ കേസ് പരിഗണിക്കുന്ന പ്രത്യേക അതിവേഗ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രയ്ക്കിടെ സൌമ്യ ആക്രമിയ്ക്കപ്പെടുന്നത്. ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗറില്‍വെച്ച് ലേഡീസ് കംപാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറിയ ഗോവിന്ദച്ചാമി, സൌമ്യയെ ട്രാക്കിലേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഫെബ്രുവരി ആറിനാണ് സൌമ്യ മരിക്കുന്നത്. അതിന്റെ പിറ്റേദിവസമാണ് സൌമ്യയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തെ കുറിച്ചാണ് ഇപ്പോള്‍ കോടതിയില്‍ തര്‍ക്കം നടക്കുന്നത്. മറ്റ് ദൃസാക്ഷികളില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ പ്രധാനമാണ്. ഏതായാലും കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സൌമ്യയുടെ അമ്മയും സഹോദരനും…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.