മായാവതി യുഗത്തിന് വിരാമമിട്ട് ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലേക്ക്. 403 അംഗ സഭയില്‍ കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും 192ലേറെ സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന എസ്പിക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എളുപ്പമാണ്.
15 സ്വതന്ത്രന്‍മാര്‍ സഭയിലെത്തിയിട്ടുള്ളതിനാല്‍ കേവലഭൂരിപക്ഷമൊപ്പിയ്ക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം പോലും മുലായത്തിന് ആവശ്യമില്ലെന്നതാണ് സ്ഥിതി. നിലവിലെ സഭയില്‍ 206 അംഗങ്ങളുണ്ടായിരുന്ന ബി.എസ്.പി 100 സീറ്റിലൊതുങ്ങുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.
ബി.എസ്.പി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി മത്സരം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 20 ലധികം സീറ്റുകള്‍ അധികം നേടാനായി എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ രാഹുല്‍ ഇഫക്ട് ഉത്തര്‍പ്രദേശില്‍ വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ബി.ജെ.പിയാകട്ടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബി.എസ്.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും അവസാനത്തിലേക്കെത്തുമ്പോള്‍ കഴിഞ്ഞതവണ നേടി 51 സീറ്റ് പോലും കിട്ടില്ലെന്ന സ്ഥിതിയിലാണ്.പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം ചരിത്രം കുറിച്ച് വീണ്ടും ഭരണം ഉറപ്പാക്കി. 1972 ന് ശേഷം ഇതാദ്യമായാണ് പഞ്ചാബില്‍ തുടര്‍ഭരണമുണ്ടാകുന്നത്. കോണ്‍ഗ്രസ് ഉറപ്പായും ഭരിക്കാനുള്ള ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്.
ലീഡ് നില മാറിമറിയുന്ന ഉത്തരാഖണ്ഡില്‍ ഏത് കക്ഷി അധികാരത്തിലെത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. 70 അംഗ സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോഴും പക്ഷേ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. നാല് സീറ്റ് നേടിയ ബി.എസ്.പിയുടെ നിലപാട് ഇവിടെ നിര്‍ണായകമാകും.
മണിപ്പൂരില്‍ വീണ്ടും അധികാരത്തിലെത്താമെന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു. ശക്തമായ മത്സരം നടക്കുന്ന ഗോവയിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി ബഹുദൂരം മുന്നിലാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല