ബര്‍മിങ്ഹാം:ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളും രോഗശാന്തികളും ബന്ധനത്തില്‍നിന്നുള്ള വിടുതലുകള്‍ക്കും സാക്ഷ്യമേകുന്ന രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ ദൈവാത്ഭുതമാണെന്ന് സീറോമലബാര്‍ സഭാ കോ ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറാടിയില്‍.
ദൈവികസ്‌നേഹത്തില്‍ സഹനമുണ്ടാകുമെന്നും സഹനം ഉയര്‍പ്പോടുകൂടി സ്‌നേഹമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വേദനിപ്പിക്കുന്നതും സഹിപ്പിക്കുന്നതും ദൈവീകമല്ല. യേശുവിന്റെ ഇരട്ടയാകാന്‍ ഓരോ വ്യക്തിയും അഭിലഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണമെന്നും സമാപനസന്ദേശം നല്കിയ ഫാ.തോമസ് പാറാടിയില്‍ പറഞ്ഞു.
പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമ്പോള്‍ ലോകരൂപിയെ നഷ്ടപ്പെടുത്തുവാന്‍ സാധിക്കുമെന്നും ദൈവവചനത്തെ നിന്ദിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ ചെറുതായി കാണുകയും ചെയ്യരുതെന്ന് മുഖ്യവചനപ്രഘോഷകനായ ഫാ.സോജി ഓലിക്കല്‍ പറഞ്ഞു. പരിശുദ്ധാത്മാവ് nalkunna കൃപയെ തിരസ്‌കരിക്കരിക്കാതെ മഹത്വപ്പെടുത്തണമെന്നും യുകെയുടെ നവഅഭിഷേകത്തിനായി ദൈവം തെരഞ്ഞെടുത്ത പ്രത്യേക ജനതയാണ് മലയാളി വിശ്വാസസമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികളില്‍ തളരാതെ ജീവിക്കുന്ന ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്ന് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വംവഹിച്ച ഫാ.ജോമോന്‍ തൊമ്മാന പറഞ്ഞു. ദൈവസന്നിധിയില്‍ പൂര്‍ണ്ണഹൃദയത്തോടെ മനസ് തുറക്കുമ്പോള്‍ കൃപകള്‍ വര്‍ഷിക്കുമെന്നും ദൈവകൃപ ലഭിക്കുന്നയവസരത്തില്‍ തിന്മയുടെ ശക്തി ഉയര്‍ന്നുവരുമ്പോള്‍ പ്രാര്‍ത്ഥനാശക്തിയാല്‍ ചെറുത്തുതോല്പ്പിക്കാന്‍ വ്യക്തികള്‍ക്കു സാധിക്കും- ഫാ.ജോമോന്‍ തൊമ്മാന പറഞ്ഞു.
ഫാ.സോജി ഓലിക്കല്‍, ഫാ.മാത്യു ചൂരപ്പൊയ്കയില്‍, ഫാ.സോണി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദൈവം മനുഷ്യന് നല്കിയ അധികാരങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാറില്ലെന്നും വചനംപറഞ്ഞു പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ദൈവഹിതമനുസരിച്ച് ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായ അനുഗ്രഹങ്ങള്‍ ലഭ്യമാകുമെന്നും നമ്മെപ്പോലൊരു മനുഷ്യനായ ഏലിയപ്രവാചകന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ചത് നമുക്കും ലഭ്യമാകുമെന്നും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷകനായ ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പക്കുളം പറഞ്ഞു.
ധ്യാനസമയത്ത് കാലുകള്‍ക്ക് തളര്‍ച്ചയായുള്ള വ്യക്തി ഈ സമൂഹത്തിലുണ്ടെന്നും അള്‍ത്താരയിലേക്കു കടന്നുവരണമെന്ന് ദൈവികദര്‍ശനത്താല്‍ ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പക്കുളം പറയുകയും സമൂഹമധ്യത്തില്‍ നിന്നും കാലുകള്‍ക്ക് തളര്‍ച്ച അനുഭവിക്കുന്ന വ്യക്തി കടന്നുവരുകയും ചെയ്തപ്പോള്‍ കരഘോഷത്തോടെയാണ് വിശ്വാസസമൂഹം സ്വീകരിച്ചത്. യുവജനധ്യാനത്തിന് ഡോ.അപ്പു സിറിയക് നേതൃത്വം നല്കി. ഫാ.അല്‍ഫോന്‍സ്, ഫാ.എബ്രഹാം, ഫാ.ജിമ്മി, ഫാ.വര്‍ഗീസ് കോന്തുരുത്തി, ഫാ.ജോയി ആലപ്പാട്, ഫാ.സോണി, ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ കുമ്പസാരത്തിനു നേതൃത്വം നല്കി.
യുകെ സെഹിയോന്‍ മിസ്ട്രിയുടെ നടക്കുവാന്‍ പോകുന്ന ധ്യാനങ്ങളുടെ തീയതികള്‍- ഈ മാസം 21 ന് ലണ്ടന്‍ കണ്‍വന്‍ഷന്‍. മെയ് രണ്ടിനു എഡിങ്ബറോ കണ്‍വന്‍ഷന്‍. മെയ് ആറിന് നോര്‍ത്ത് ഈസ്റ്റ് കണ്‍വന്‍ഷന്‍. ജൂണ്‍ 17 നു ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍. മെയ് 14, 15,16 തീയതികളില്‍ സ്‌റ്റോക് ഓണ്‍ ട്രെന്‍ഡില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനം. മെയ് 25 മുതല്‍ 27 വരെ യൂത്ത് റിട്രീറ്റ്.
മെയ് 25 മുതല്‍ ജൂണ്‍ 3 വരെ ദശദിനപെന്തക്കൊസ്താ ധ്യാനം. ആഗസ്റ്റ് 9, 10 തീയതികളില്‍ ഫാ.മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം. മെയ് മാസത്തിലെ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനില്‍ ബഥേല്‍ സെന്ററിലായിരിക്കും. ആഗസ്റ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനില്‍ കേരളത്തിലും വിദേശങ്ങളിലും നവീകരണമുന്നേറ്റത്തിനു വവിതെളിയിച്ച ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.മാത്യു നയ്ക്കംപറമ്പില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ നടക്കുന്നത് നോട്ടിംഗ്ഹാം അരീനയിലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല