1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

ലണ്ടന്‍ : ഒളിമ്പിക് ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതി ശരിയല്ലന്ന് ഇതിനോട് അകം തന്നെ നിരവധി പരാതികളാണ് സംഘാടക സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മത്സരത്തിന് മുന്‍പ് വേദിക്ക് പുറത്തെ കൗണ്ടറില്‍ കൂടി ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് പല മത്സരങ്ങളുടേയും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയാണ്.

സന്തോഷത്തിനുളള വക എന്തെന്നാല്‍ ഒളിമ്പിക്‌സ് തുടങ്ങി ഒരാഴ്ചക്ക് ശേഷവും ദിവസേന കുറച്ച് ടിക്കറ്റുകള്‍ ഒളിമ്പിക്‌സിന്റെ ഒഫിഷ്യല്‍ ടിക്കറ്റ് സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. നൂറു കണക്കിന് പൗണ്ട് കൊടുത്ത് വാങ്ങേണ്ട ടിക്കറ്റല്ല, വെറും 20-40 പൗണ്ടിന്റെ ടിക്കറ്റുകള്‍. എന്നാല്‍ ഓരോ ദിവസവും എത്ര ടിക്കറ്റുകള്‍ അനുവദിക്കുമെന്നോ അവ ലഭിക്കുമോ എന്നൊന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ പരിശ്രമിച്ചാല്‍ നിങ്ങള്‍ക്കും ടിക്കറ്റ് നേടുകയും ചെയ്യാം. അതിനുളള ചെറിയ ചില കുറുക്കുവഴികളിതാ…

ആദ്യമായി ചെയ്യേണ്ടത് ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ടിക്കറ്റ് സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആദ്യമായി അതിന് വേണ്ടത് വേഗതയാണ്. രീതികള്‍ മുന്‍കൂട്ടി അറിയാതിരുന്നാല്‍ മിനിട്ടുകള്‍ക്കുളളില്‍ അനുവദിച്ച ടിക്കറ്റുകള്‍ തീര്‍ന്നുപോകും.

ആദ്യം തന്നെ എന്ത് ഇനമാണ് നിങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഏത് ദിവസം ഏവിടെ വച്ചാണ് മത്സരം നടക്കുന്നതെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് മനസ്സിലാക്കിയിരിക്കണം. വില്‍പ്പന ആരംഭിച്ചതിന് ശേഷം ഇതൊക്കെ ആലോചിക്കാന്‍ പോയാല്‍ ടിക്കറ്റ് ലഭിച്ചുഎന്ന് വരില്ല.പ്രത്യേകിച്ച് ഏതെങ്കിലും മത്സരമോ വേദിയോ കാണണം എന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക് ഹോക്കി, ഹാന്‍ഡ്ബാള്‍ പോലുളള മത്സരങ്ങള്‍ക്ക് ടിക്കറ്റ് എടുക്കാം. ഇവയ്ക്ക് അധികം ആവശ്യക്കാരില്ലാത്തതും ഒരു പാട് ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കുളളതിനാലും ടിക്കറ്റ് ലഭിക്കാന്‍ താരതമ്യേന എളുപ്പമായിരിക്കും. ടിക്കറ്റ് ലഭിക്കുന്ന ആളിന് ഒരു ദിവസം ഒളിമ്പിക് പാര്‍ക്കില്‍ കയറാന്‍ അവസരം ലഭിക്കും. ഇത് പരമാവധി പ്രയോജനപ്പെടുത്തുക.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സ്ഥിരമായി ടിക്കറ്റുകള്‍ ലഭ്യമാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കണം. രണ്ട് മൂന്ന് പ്രാവശ്യം റിഫ്രഷ് ചെയ്യുമ്പോഴും ടിക്കറ്റുകള്‍ ലഭ്യമാണ് എന്നാണ് കാണിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാനുളള സാധ്യതയുണ്ട്. ലഭ്യമായ ടിക്കറ്റുകള്‍ വളരെ വേഗം സെലക്ട് ചെയ്യുക. (കാണേണ്ട ഇനം,വേദി,തീയ്യതി എന്നിവയെ കുറിച്ച മുന്‍കൂട്ടി ധാരണ ഉണ്ടായിരിക്കണം). നാല് ഇനങ്ങളെങ്കിലും നിങ്ങളുടെ ഷോപ്പിങ്ങ് ലിസ്റ്റിലുണ്ടാകണം. ഒരെണ്ണം തിരഞ്ഞെടുക്കുന്നത് വേഗത്തില്‍ നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ സഹായിക്കും. എന്നാല്‍ നാലെണ്ണത്തിന് അപേക്ഷിക്കുന്നത് ടിക്കറ്റ് ലഭിക്കാനുളള നിങ്ങളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കും. ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

അപേക്ഷ പൂരിപ്പിച്ചാല്‍ ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടുളള ബട്ടണ്‍ അമര്‍ത്താവുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ഒപ്പ് രേഖപ്പെടുത്താനും വേരിഫിക്കേഷന്‍ കോഡ് എന്റര്‍ ചെയ്യാനും ആവശ്യപ്പെടും. പലര്‍ക്കും ടിക്കറ്റ് നഷ്ടമാകുന്നത് അവിടെയാണ്. അതിനാല്‍ ടിക്കറ്റ് സേര്‍ച്ച് ചെയ്യുന്നതിന് മുന്‍പ് ഒപ്പ് രേഖപ്പെടുത്തിയിരിക്കണം. ഒപ്പം ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടുളള ബട്ടണ്‍ അമര്‍ത്തിയ ശേഷം കാത്തിരിക്കാനുളള സന്ദേശം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാനുളള സാധ്യത വളരെ കൂടുതലാണ്. ടിക്കറ്റ് ഉറപ്പാക്കികൊണ്ടുളള കണ്‍ഫര്‍മേഷന്‍ ഈ മെയില്‍ ലഭിക്കുന്നത് വരെ മറ്റൊന്നും ചെയ്യാതിരിക്കണം. സിസ്റ്റം ഹാങ്ങായാല്‍ പിന്നെ ടിക്കറ്റ് ലഭിക്കണമെന്നില്ല. ദിവസം മുഴുവന്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിന് പകരം രാത്രി 9 മുതല്‍ 11 വരെയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതെന്നും ഓര്‍മ്മിച്ചിരിക്കണം.

ചില വിവരങ്ങള്‍

1. ഒളിമ്പിക് ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍ക്കുന്നില്ല. അതിനാല്‍ ടിക്കറ്റ് ലഭിക്കാതെ മത്സരം കാണാന്‍ പോകരുത്. ടിക്കറ്റുകള്‍ ലഭിക്കുന്നതിനുളള ഏക വഴി 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ടിക്കറ്റ് വൈബ്ബ്‌സൈറ്റാണ്.

2. ഒളിമ്പിക് പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ മത്സരത്തിന്റെ ടിക്കറ്റോ ഡേ പാസ്സോ വേണം. ഡേ പാസ്സിന് 10 പൗണ്ടാണ് വില. അത് തദ്ദേശിയരായ ആളുകള്‍ക്കായി വില്‍ക്കുന്നതാണ്. മാസങ്ങള്‍ക്ക് മുന്‍പേ ഡേ പാസ്സ് വിറ്റ് തീര്‍ന്നിരുന്നു. ഹൈഡ് പാര്‍ക്കിലെ ബിടി ലണ്ടന്‍ ലൈവും വിക്ടോറിയ പാര്‍ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നല്ല സ്ഥലങ്ങളാണ്.

3. പാര്‍ക്കിലും ടവറിലും കയറണമെങ്കിലും ടിക്കറ്റുകള്‍ ആവശ്യമാണ്. ഇതും മാസങ്ങള്‍ക്ക് മുന്‍പേ വിറ്റഴിച്ചിരുന്നു.

4. രണ്ട് സെഷനായി നടക്കുന്ന ടീം മത്സരങ്ങളില്‍ ആദ്യത്തെ സെഷന്‍ കഴിഞ്ഞ് പുറത്തുപോകുന്നവരുടെ ടിക്കറ്റുകള്‍ സംഘാടകര്‍ വാങ്ങി വീണ്ടും പ്രവേശനം അനുവദിക്കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് അഞ്ച് പൗണ്ടും കുട്ടികള്‍ക്ക് ഒരു പൗണ്ടുമാണ് ടിക്കറ്റ് ചാര്‍ജജ്. മണിക്കൂറുകളോളം ക്യൂവില്‍ കാത്ത് നിന്നാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുളളു. കാത്ത് നിന്നാല്‍ തന്നെ ടിക്കറ്റ് ലഭിക്കുമെന്നതിന് യാതൊരു ഗ്യാരന്റിയും ഇല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.