1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2011

സെക്രട്ടേറിയറ്റില്‍ തന്റെ കസേരയില്‍ അപരന്‍ കയറിയിരിക്കുന്നത് കണ്ട് ആദ്യം അമ്പരന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിരിയടക്കാന്‍ പാടുപെട്ടു. മാനസിക രോഗത്തിന് ചികിത്സയിലിരുന്ന ഒരാളുടെ കടന്നുകയറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആദ്യം പരിഭ്രാന്തിയും പിന്നീട് ചിരിയും പടര്‍ത്തിയത്.

ബുധനാഴ്ച രാവിലെ ക്യാബിനറ്റ് മുറിയില്‍ മന്ത്രിസഭായോഗം നടക്കുമ്പോഴാണ് തൊട്ടടുത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളപ്പില്‍ശാല സ്വദേശി ചെല്ലചന്ദ്ര ജോസ്(40) കയറിക്കൂടിയത്.

സന്ദര്‍ശകനായി എത്തിയ ഇയാള്‍ ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കയറിയിരുന്ന് ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ഓഫീസിലുണ്ടായിരുന്ന മറ്റ് സന്ദര്‍ശകരും ഇതാരെന്നറിയാതെ അന്തംവിട്ടു.

പലരെയും ഫോണ്‍ചെയ്ത് ഇയാള്‍ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള തത്സമയ വെസ്‌കാസ്റ്റിങ് സംവിധാനത്തിലൂടെ ഈ കാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍ കണ്ടു.

മന്ത്രിസഭായോഗം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടേയ്‌ക്കെത്തി. കസേരയില്‍ അപരനെക്കണ്ട് ആരാണെന്ന് ചോദിച്ചപ്പോള്‍ ഐ ആം പ്രൈം മിനിസ്റ്റര്‍ എന്നായിരുന്നു മറുപടി.

എന്താ, ആരാ അന്പരന്നുകൊണ്ട് ചാണ്ടി ചോദിച്ചു. ‘ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട.. എല്ലാം ഞാന്‍ നോക്കിക്കോളാം-ഇതായിരുന്നു കസേരയില്‍ ഇരുന്നയാളുടെ മറുപടി. ആദ്യം അന്ധാളിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയ്ക്ക് ചിരിപൊട്ടി.

ചാണ്ടിയ്‌ക്കൊപ്പം വന്ന മന്ത്രിമാരായ കെ. ബാബുവും കെ.പി. മോഹനനും ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ കസേര വിട്ട് എഴുന്നേറ്റത്. ഇതോടെ സെക്യൂരിറ്റി ജീവനക്കാരും സ്ഥലത്തെത്തി.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അവിടെ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടിയ ചെല്ലചന്ദ്രജോസിനെ കന്‍േറാണ്‍മെന്റ് പോലീസിന് കൈമാറി.

സംഭവം ഗൗരവമായി എടുക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇയാളെ ഉപദ്രവിക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇയാള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നുവെന്ന് പോലീസ് പിന്നീട് പറഞ്ഞു.

കൊച്ചിയിലും കോഴിക്കോട്ടുമുള്ള നമ്പരുകളിലേക്കാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. മൂന്നുമാസം മുന്‍പാണ് ഇയാള്‍ വിവാഹിതനായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഓട്ടമത്സരങ്ങളിലും മറ്റും പങ്കെടുത്ത് നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.

സന്ദര്‍ശകര്‍ക്കും പരാതിക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്നുവരാനുള്ള സ്വാതന്ത്ര്യമാണ് ഇയാള്‍ മുതലെടുത്തത്. അതേസമയം ഈ സംഭവത്തിന്റെ പേരില്‍ തന്റെ ഓഫീസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെക്യൂരിറ്റി സംവിധാനം കൂടുതല്‍ കര്‍ശനമാക്കുകയുമില്ല. കാരണം ദൂരെ സ്ഥലങ്ങളില്‍നിന്നും മറ്റും ഏറെ ബുദ്ധിമുട്ടി തന്നെ കാണാന്‍ എത്തുന്നവരാണ് മിക്കവരും. ഈയൊരു സംഭവത്തിന്റെ പേരില്‍ അവര്‍ക്കൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.