1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

നല്ലൊരു സമരം കണ്ടിട്ട്‌ കാലമെത്രയായെന്ന്‌ ഗൃഹാതുര സ്‌മരണകളോടെ വിഷമിച്ചിരിക്കുമ്പോഴാണ്‌ ബോറടി മാറ്റാനൊന്ന്‌ ടിവി വെച്ചത്‌. നോക്കുമ്പോ, കണ്ട കാഴ്‌ച കോരിത്തരിപ്പിച്ചു. ക്യാമറക്കണ്ണുകളില്‍പെടാതെ പലയിടത്തും പല കല്ലുകളും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരേ മൂളിപ്പറന്നുവെന്ന്‌ അറിയാനും കഴിഞ്ഞു. മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു വീഴുന്നതും തിരുവനന്തപുരം പാറശാലയില്‍ രണ്‌ട്‌ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക്‌ നേരെ കല്ലേറുണ്‌ടായതും. ആലപ്പുഴ പുറക്കാട്ട്‌ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്‌ടായതും ബസിന്റെ ചില്ലുകള്‍ തകര്‍ന്നു വീഴുന്നതും കൊല്ലത്ത്‌ മാടനടയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെയും കായംകുളത്ത്‌ സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ ശാഖയ്‌ക്കു നേരെയും കല്ലേറുണ്‌ടാവുന്നതും കോഴിക്കോട്‌ ഏലത്തൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ചരക്ക്‌ ലോറിക്ക്‌ നേരെ കല്ലെറിഞ്ഞു രണ്‌ട്‌ ലോറിയുടെ ചില്ല്‌ തകര്‍ത്തു തരിപ്പണമാക്കുന്നതും എന്തിനേറെ ഇന്ധനമൊന്നും ഉപയോഗിക്കാത്ത കോഴിക്കോട്‌ അടയ്‌ക്ക – സുഗന്ധവിള ഗവേഷണ ഡയറക്‌ടറേറ്റ്‌ ഓഫീസ്‌ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ക്കുന്നതും വരെ കണ്ടു സംത്രുപ്തിപ്പെട്ടു.

ക്യാമറക്കണ്ണുകളില്‍പെടാതെ പലയിടത്തും പല കല്ലുകളും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരേ മൂളിപ്പറന്നുവെന്ന്‌ അറിയാനും കഴിഞ്ഞു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ്‌ കമ്പനികളുമായുള്ള കമ്പനി നിലനിര്‍ത്തിയ കേന്ദ്ര സര്‍ക്കാരിനോടും ഇഷ്ടമുള്ളപ്പോഴോക്കൊ പെട്രോള്‍ വില കൂട്ടി സംതൃപ്‌തിയടയുന്ന കമ്പനികളോടും പ്രത്യേക ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ. അവരല്ലേ ഈ മനോഹരമായ കാഴ്‌ചകള്‍ക്കു കാരണക്കാരായത്‌. സമരോര്‍ജ്‌ജം തിരിച്ചുപിടിക്കാന്‍ ഡിവൈഎഫ്‌ഐക്കാരെയും എസ്‌എഫ്‌ഐക്കാരെയും സഹായിച്ച കേന്ദ്രത്തോടും കുത്തക പെട്രോള്‍ കമ്പനികളോടും സിപിഎമ്മിനുമുണ്ടാകും ഇതേ പ്രണയം എന്നു വിചാരിക്കാതിരിക്കാന്‍ ന്യായമില്ല. പക്ഷേ, അവര്‍ അതു തുറുന്ന സമ്മതിക്കു കൂട്ടത്തിലല്ലല്ലോ. അഥവാ സമ്മതിച്ചാലും കുറേക്കഴിയും, അതിന്‌.

അതിവേഗത്തില്‍ ഓടുന്ന കാര്‍ കണ്ട്‌ കോടിയേറ്റം സിനിമയില്‍ ഭരത്‌ ഗോപി വായും തുറുപിടിച്ച്‌ പറയുന്ന ഡയലോഗ്‌ ഓര്‍മയില്ലേ. എന്തൊരു സ്‌പീഡ്‌! അതുപോലെ പറയാന്‍ തോന്നിപ്പോയി, ഹോ, എന്തൊരാവേശം. അതേന്ന്‌. ചാനലുകള്‍ എസ്‌എഫ്‌ഐക്കാരെന്നും അമേരിക്ക വരെ അറിയപ്പെടുന്ന സിപിഎം വിരുദ്ധ പത്രമായ മനോരമ അജ്ഞാതരെന്നും പറയുന്നവര്‍ ഒരു കുപ്പി പെട്രോളും ഒരു കുഞ്ഞു തീപ്പെട്ടിക്കൊള്ളിയും കൊണ്ട്‌ സൃഷ്ടിച്ച വര്‍ണ പ്രപഞ്ചം എത്ര മനോഹരം. ചാടിയിറങ്ങി കൂട്ടത്തില്‍ ചേരാന്‍ കൊതിച്ച, 40 കഴിഞ്ഞ എല്ലാ മുന്‍ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ക്കും വേണ്ടി വരും ദിവസങ്ങളിലും ഗംഭീര പ്രദര്‍ശന സമരം സംഘടിപ്പിക്കുന്നുണ്ടത്രേ. തിങ്കളാഴ്‌ച വാഹന ഹര്‍ത്താല്‍. അതുകഴിഞ്ഞ്‌ വേണ്ടിവാല്‍ ഒരു ഹര്‍ത്താല്‍ കൂടി, പഠിപ്പുമുടക്ക്‌….കത്തട്ടങ്ങനെ കത്തട്ടെ, കേരളമാകെ കത്തട്ടെ…

എല്ലാത്തിനും മുന്‍പ് സംസ്ഥാന കമ്മറ്റി ചേര്‍ന്നൊരു പ്രസ്‌താവന പുറപ്പെടുവിക്കുകയേ വേണ്ടൂ. സമരത്തിന്റ മറവില്‍ അഴിഞ്ഞാടിയത്‌ സാമൂഹിക വിരുദ്ധര്‍! അതിനു മുമ്പ്‌ മുഖ്യമന്ത്രിയുടെ പതിവ്‌ പ്രസ്‌താവനയും വന്നു: നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഇനിയിപ്പോ പാര്‍ട്ടിക്ക്‌ മറുപ്രസ്‌താവനയാകാം. അല്ല, ഒരു സംശയം. ഈ പെട്രോള്‍ വില കൂട്ടി എന്നു പറഞ്ഞ്‌ ഇത്രയ്‌ക്കങ്ങു തുള്ളേണ്ട കാര്യമെന്താ. ചുമ്മാതെ ഓസില്‍ കിട്ടുമെന്നു കരുതിയോ ഈ സാധനം. നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാധനമാണ്‌ പെട്രോള്‍ എന്നും അതിനു വില കൂടിയാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്നും ഇടത്തരക്കാരന്‍ മാത്രമല്ലേ ചോദിക്കുന്നുള്ളു.

അതിനു മുകളിലുള്ള തരക്കാര്‍ക്ക്‌ പെട്രോള്‍ ലിറ്ററിന്‌ നൂറു രൂപയായാലും എന്താ കുഴപ്പം. ഇടത്തരക്കാര്‍ക്ക്‌ താഴെയുള്ളവര്‍ക്ക്‌ വാഹനത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠയില്ല. അയല്‍ക്കാരന്റെ വാഹനത്തില്‍ വല്ലപ്പോഴും ലഭിക്കുന്ന ഒരു ലിഫ്‌റ്റിനപ്പുറം അവന്റെ (അവളുടെ ) സഞ്ചാരം ബസിലാണ്‌, പിന്നെ അടിയന്തരാവശ്യം വന്നാല്‍ മാത്രം കൂട്ടിയും കിഴിച്ചും ഒരു ഓട്ടോയാത്ര. അതിനു ചാര്‍ജ്ജ്‌ ഇപ്പഴൊന്നു കൂടിയതേയുള്ളു. ബസും ഓട്ടോയും ഓടുത്‌ പെട്രോളിലല്ല, ഡീസലിലാണ്‌. അതിനു വില കൂടുമ്പോള്‍ മാത്രം ഉത്‌കണ്‌ഠപ്പെട്ടാല്‍ മതി.

ഹര്‍ത്താലും പണിമുടക്കും ആഘോഷിക്കാന്‍ മലയാളികള്‍ വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ വാങ്ങുന്ന മൂന്നു സാധനങ്ങളുടെ വില ഇടയ്‌ക്കിടെ കൂടുതിനെക്കുറിച്ച്‌ ഒരു ഉത്‌കണ്‌ഠയുമില്ല ആര്‍ക്കും. മദ്യവും കോഴിയും സിഡിയുമാണ്‌ ആ മൂന്ന് സാധനങ്ങള്‍. കോഴി വില നില്‍ക്കുന്നനില്‍പില്‍ 65ല്‍ നിന്ന്‌ 90ഉം നൂറുമൊക്കെയായി മേല്‌പോട്ടു കയറും. തിരക്കിടാതെ നാറ്റം സഹിച്ചുനിന്ന്‌ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന്‌ കറിവച്ചും വറുത്തും പൊരിച്ചും തരാതരം ശാപ്പിടും. നോ കംപ്ലയിന്റ്‌. പിന്നെ, സിഡി. രണ്ടുതരത്തിലാണ്‌ വില കൂടുന്നത്‌ ഈ സാധനത്തിന്‌. പുതിയത്‌ വിലക്കു നല്‍കുന്നതിലും സിഡി ലൈബ്രറികള്‍ വിലക്കുവാങ്ങി വച്ചിരിക്കുന്നതിന്റെ വാടകയിലും. ഇന്നലെ പത്തൂരൂപയായിരുന്നത്‌ ഇന്ന്‌ 15ഉം നാളെ 20ഉം ആണ്‌ വാടക. ഇത്‌ ചിലയിടങ്ങളില്‍ 30 വരെ പോകും. നോ പരാതി, സമരം, കത്തിക്കല്‍. മദ്യം പിന്നെ പറയേണ്ടതില്ല എത്ര വില കൂട്ടിയാലും വാങ്ങാനും കുടിക്കാനുമാളുണ്ട്, സമരമേയില്ല!

പാവപ്പെട്ട പെട്രോള്‍ കമ്പനിക്കാരെക്കുറിച്ച്‌ ആര്‍ക്കും എന്തും പറയാല്ലോ. പാവങ്ങള്‍ക്ക്‌ വല്ല ലക്ഷമോ കോടിയോ ലാഭം കിട്ടുന്നതിന്റെ കണ്ണുകടി. ഈ ലക്ഷവും കോടിയും എണ്ണിത്തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട്‌ ആര്‍ക്കറിയണം. അതിനിടയിലായിരിക്കും മാര്‍ക്കറ്റില്‍ പുതിയൊരു കാര്‍ വരുന്ന കാര്യം അറിയുന്നത്‌. വാങ്ങാതിരിക്കാന്‍ പറ്റ്വോ. ത്രീജി കഴിഞ്ഞ്‌ മൊബൈലിപ്പോള്‍ ഫോര്‍ജിയായി. വേണ്ടെന്നുവയ്‌ക്കാന്‍ പറ്റ്വോ. ഇതെല്ലാം കഴിഞ്ഞിട്ട്‌ ഏതെങ്കിലും കടപ്പുറത്തോ മറ്റോ പോയിരു്‌ന്ന കുറച്ചു സമയം വേദനിക്കുന്ന കോടീശ്വരനാകാന്‍ പോലും സമയം കിട്ടുന്നില്ല. ഇതുവല്ലതും ആര്‍ക്കെങ്കിലും അറിയണോ.

അതിനിടയിലാണ്‌ കണ്ണിനു കുളിര്‍മ നല്‍കുന്ന ഇത്തരം കലാപങ്ങള്‍ ആശ്വാസമാകുന്നത്‌. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ പെട്രോള്‍ കമ്പനിക്ക്‌ അഭിവാദ്യങ്ങള്‍ എന്ന മുദ്രാവാക്യമാണ്‌ അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്‌. കേള്‍ക്കുതല്ല, കേള്‍ക്കാതെ പോകുന്നതാണ്‌ യഥാര്‍ത്ഥ മുദ്രാവാക്യം. അല്ലപിന്നെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.