ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷയുളവാക്കുന്ന പ്രസ്താവനയുമായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ രംഗത്ത്. വിദ്യാര്‍ത്ഥി വീസയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കെതിരെയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ യൂണിവേഴ്സിറ്റികളുടെ കീര്‍ത്തി ഇല്ലാതാക്കുന്നതാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥി വീസയില്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വിദ്യാര്‍ത്ഥി വീസയില്‍ യുകെയില്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ ചില നിബന്ധനകളുംകൂടി വിദ്യാര്‍ത്ഥി വീസയില്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചു. ഇപ്പോള്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കേവലം 11,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം ഏതാണ്ട് 450 കോളേജുകളുടെ നിലനില്‍പ്പ് തന്നെ സംശയത്തിലായിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ 450 കോളേജുകളും അടച്ചുപൂട്ടേണ്ടിവരുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളെ എടുക്കുന്ന കാര്യത്തില്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യങ്ങള്‍ എടുത്ത് കളഞ്ഞതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. വിദേശ വിദ്യാര്‍ത്ഥികളെ എടുക്കുന്ന കാര്യത്തില്‍ മുന്‍കാലങ്ങളില്‍ മൃദുസമീപനമാണ് സര്‍ക്കാരുകള്‍ എടുത്തിരുന്നത്. എന്നാല്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളെ എടുക്കുന്നതിനുള്ള മാനദണ്ഠങ്ങള്‍ കര്‍ശനമാക്കുകയും കോളേജുകള്‍ക്ക് നല്‍കിയുന്ന സൗജന്യങ്ങള്‍ എടുത്ത് കളയുകയും ചെയ്തു. ഇതുമൂലം ഏതാണ്ട് നാന്നൂറിലധികം പ്രീ ഡിഗ്രി കോളേജുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാതായി. ഇത് വന്‍പ്രശ്നമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ ഉണ്ടാക്കിയത്.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പരീക്ഷ നിര്‍ബന്ധമാക്കിയതാണ് കാര്യങ്ങളെ രൂക്ഷമാക്കിയത്. ഇങ്ങനെയൊരു നിയമം പാസാക്കിയതിന് പിന്നാലെ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല