1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

സ്വന്തം ലേഖകന്‍: തല കുലുക്കി ചെവിയാട്ടി നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന കൊമ്പന്മാര്‍ ഏതൊരു മലയാളിയുടേയും ഗൃജാതുര സ്മരണയാണ്. എന്നാല്‍ ഉത്സവങ്ങളില്‍ ആനകളെ എഴുന്നുള്ളിക്കുന്നതതിനെതിരെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് ശക്തമാകുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീം കോടതി ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. നാട്ടാനകളുടെ എണ്ണം കൃത്യമായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. ബങ്കളൂരു ആസ്ഥാനമായ വൈല്‍ഡ് ലൈഫ് റസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നോട്ടീസ്.

എഴുന്നള്ളിപ്പിനിടെ ആനകള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ നിസ്സാരമായി കാണാനാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ക്രൂരതകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിയമങ്ങള്‍ ആനയുടമകളോ ഉത്സവനടത്തിപ്പുകാരോ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.

ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗൗരവകരമായ പിഴവാണെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. വന്യജീവി സംരക്ഷണനിയമത്തിലെ 43 (1) വകുപ്പ് പ്രകാരം നാട്ടാനകളുടെ വില്‍പ്പനയോ വാണിജ്യാടിസ്ഥാനത്തിലുള്ള മറ്റേതെങ്കിലും ഇടപാടുകളോ അനുവദനീയമല്ല. എന്നാല്‍, നാട്ടാനകളെ പലപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാണിജ്യ അവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നുണ്ട്.

ആരാധനാലയങ്ങള്‍ക്കുവേണ്ടി ആനകളെ വാടകയ്ക്ക് നല്‍കുന്നതും വ്യാപകമാണ്. കേരളത്തിലെ ഉത്സവ സീസണില്‍ 35000 മുതല്‍ 50000 രൂപ വരെയാണ് സാധാരണ ആനയുടെ ഒരു ദിവസത്തെ വാടക. പ്രശസ്തരായ ആനകള്‍ക്ക് ഇത് ഒരു ലക്ഷത്തിന് മുകളിലാണ്.

മതാചാരങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കാന്‍ വാടകക്ക് കൊടുക്കുന്നതും വാണിജ്യാടിസ്ഥാനത്തിലുള്ള ആവശ്യമായി കാണണമെന്നും ഇത് വന്യജീവി സംരക്ഷണനിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ആനകളുടെ ആരോഗ്യവും സുരക്ഷിതത്വവും തീരെ പരിഗണിക്കാതെ വിവിധ ക്രൂരതകള്‍ക്കും ആനകള്‍ വിധേയരാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.