1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

സീറോ മലബാര്‍സഭ രണ്ടാമത് ബര്‍മിങ്ങാം അതിരൂപത കണ്‍വെന്‍ഷന്‍ അഭിവന്ദ്യരായ പിതാക്കന്‍മാരുടേയും വൈദിക ശ്രേഷ്ഠന്മാരുടേയും നൂറുകണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും കൊണ്ട് ഭക്തി സാന്ദ്രമായി.രാവിലെ 8.30ന് സീറോ മലബാര്‍ സഭ ബര്‍മിംങ്ങാം അതിരൂപത ചാപ്ലില്‍ ഫാദര്‍ സോജി ഓലിക്കലിന്റെയും ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ടിലിന്റെയും നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രാവിലെ തന്നെ ഓക്‌സ്‌ഫോര്‍ഡ് പോലെ ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കണ്‍വെന്‍ഷന്‍ സ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു.

തുടര്‍ന്ന് 9.45ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ബര്‍മിംങ്ങാം അതിരൂപതാ ബിഷപ്പ് മാര്‍ ഡേവിഡ്, ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണക്കാടന്‍, സീറോ മലബാര്‍സഭ മുന്‍ ചാപ്ലിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട്, സെന്റ് കാതറീന്‍സ് പള്ളി വികാരി ഫാദര്‍ ജി ഫ്‌ളെമിംഗ്, ഫാദര്‍ ജോമോന്‍ തൊന്മാന എന്നിവരെ ഫാദര്‍ സോജി ഓലിക്കല്‍, ആന്റണി ജോസഫ്, ഫ്രാന്‍സീസ് ഓക്‌ഫോര്‍ഡ്, ബെന്നി വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് കണ്‍വെന്‍ഷന്‍ നടന്ന പള്ളിയിലേയ്ക്ക് ആനയിച്ചു.

സ്ത്രീകള്‍ കേരളീയ ശൈലിയില്‍ സെറ്റുമുണ്ടും സാരിയും, പുരുഷന്‍മാര്‍ ഷര്‍ട്ടും മുണ്ടും കുട്ടികള്‍ ഉടുപ്പും വേഷമായി ധരിച്ചത് വെള്ളക്കാരായ കാണികളെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനത്തിന് ഫാദര്‍ സോജി ഓലിക്കല്‍ സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണക്കാടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. ബര്‍മിങ്ങാം അതിരൂപത ബിഷപ്പ് മാര്‍ ഡേവിഡ് മഗ് വായി അദ്ധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് മാര്‍ പോളി കണ്ണക്കാടന്‍ ബിഷപ്പ് മാര്‍ ഡേവിഡിനെ കേരളീയ ശൈലിയില്‍ പൊന്നാട അണിയിച്ചു. സെന്റ് കാതറീന്‍സ്, പള്ളിവികാരി ഫാദര്‍ ജിം ഫ്‌ളെമിംഗ്, ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാദര്‍ ജോമോന്‍ തൊന്മാന, ശ്രീ ആന്റണി ജോസഫ് എന്നിവര്‍ ആശംസാസന്ദേശം നല്‍കി. കണ്‍വീനര്‍ ഫ്രാന്‍സിസ് ഓക്‌സ്‌ഫോര്‍ഡ് നന്ദി പറഞ്ഞു.

തുടര്‍ന്ന് അഭിവന്ദ്യപിതാക്കന്‍മാരുടെ നേതൃത്വത്തില്‍ ആഘോഷമായി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. ഉച്ചയ്ക്ക്‌ശേഷം 12 മാസ് സെന്ററുകളില്‍ നിന്നുള്ള കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. റെഡിച്ച്മാസ് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച വെല്‍ക്കംഡാന്‍സ് കാണികള്‍ക്ക് പുതിയൊരു അനുഭവമായി. മാസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവിലാണ് കുട്ടികള്‍ ചുവട് വെയ്പ്പുകള്‍ മനോഹരമാക്കിയത്. നീണ്ട കരഗോഷത്തോടെയാണ് വിശ്വാസികള്‍ വെല്‍ക്കം ഡാന്‍സിനെ എതിരേറ്റത്.

തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ സമൂഹഗാനം, സ്‌റ്റെച്ച്‌ഫോര്‍ഡ് ശ്രീ സജീ രാമച്ചനാട്ടിന്റെ മകള്‍ അലീന സജിയുടെ ക്ലാസ്സിക്കല്‍ ഡാന്‍സ് അരങ്ങേറ്റം നടത്തി. വളരെ മികച്ച രീതിയില്‍ അരങ്ങേറ്റം നടത്താന്‍ അലീനമോള്‍ക്ക് സാധിച്ചു.
സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ക്ലാസിക്കല്‍ ഡാന്‍സ് നനീട്ടണ്‍ ടീം അവതരിപ്പിച്ച ഡാന്‍സ്, വാല്‍സാല്‍ ടീമിന്റെ ഗ്രൂപ്പ് ഡാന്‍സ്, വൂസ്റ്റര്‍ ടീമിന്റെ ബൈബിള്‍ സ്‌ക്കിറ്റ്, ഓക്‌സ്‌ഫോര്‍ഡിന്റെ ക്ലാസിക്കല്‍ ഡാന്‍സ് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ബോയ്‌സ് ഡാന്‍സ് വാല്‍സാല്‍ ടീമിന്റെ ലാസറിനെ ഉയര്‍പ്പിക്കുന്ന രംഗമുള്ള സ്‌ക്കിറ്റ് തുടങ്ങിയവ മികച്ചുനിന്നു.

തുടര്‍ന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കോട്ട് സന്ദേശം നല്‍കി. അച്ചന്‍ തുടങ്ങിവെച്ച് സീറോ മലബാര്‍ സഭ ബര്‍മിങ്ങാം അതിരൂപത സെന്ററുകള്‍ വളര്‍ച്ചയുടെ പടവുകളിലൂടെ സഞ്ചരിക്കുന്നതില്‍ അച്ചന്‍ സന്തോഷം രേഖപ്പെടുത്തി. ഇനിയും വിശ്വാസത്തിലൂന്നി ഉറച്ച കാല്‍വെയ്‌പ്പോടെ മുന്നേറുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാനല്‍ ചര്‍ച്ച നടന്നു. റെഡിച്ചിലെ ഫ്രാന്‍സിസ് ആണ് ചര്‍ച്ച നിയന്ത്രിച്ചത്. യു.കെ സ്‌ക്കൂള്‍ വിദ്യാഭ്യാസവും ക്രൈസ്തവമൂല്യങ്ങളും സീറോ മലബാര്‍ സഭ ചരിത്രം, കുടുംബബന്ധങ്ങളും കുട്ടികളെ വളര്‍ത്തലും, യുകെയിലെ യുവജനങ്ങളും പ്രശ്‌നങ്ങളും വേദപാഠം പരിശീലനവും മാതാപിതാക്കളും എന്നീവിഷയങ്ങളെ അധികരിച്ച് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇത് പ്രതിനിധികള്‍ സഭയെക്കുറിച്ചും വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ അറിവുപകരുവാന്‍ സഹായിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ പോളി കണ്ണക്കാടന്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി പ്രതിനിധികളെ ആശിര്‍വദിച്ചു.

രണ്ടാമത് കണ്‍വെന്‍ഷന്‍ വന്‍ വിജയമായതിലും നടത്തിപ്പിന്റെ ചിട്ടയിലും കൃത്യമായി പരിപാടികള്‍ നടത്തിയതിലും സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അരീക്കാട്ടച്ചന്‍ സോളി സോളി പള്ളിയില്‍ തുടങ്ങിവച്ച കണ്‍വെന്‍ഷന്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ വിശ്വാസ ചൈതന്യവും, കെട്ടുറപ്പും ഉള്ള ഒരു സമൂഹമായി മാറുന്നുവെന്നുള്ളത് സന്തോഷകരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.