ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ. എന്ന ടി.കെ. രജീഷ് അറസ്റ്റില്‍. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. ടി.കെ. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം രജീഷിനെ വടകരയിലെത്തിച്ചിട്ടുണ്ട്. ഇയാളെ ഇന്നു വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതോടെ ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ 28 ആയി.
ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നു ദിവസം മുമ്പു ടി.കെ. രജീഷിനെ കസ്റ്റഡിയിലെടുത്തത്. രജീഷിനു മുംബൈയില്‍ ഒളിത്താവളം ഒരുക്കികൊടുത്തതുമായി ബന്ധപ്പെട്ടു കൂത്തുപറമ്പ് കരയാട്ടുപുറം കൊട്ടിയോടന്‍ അനില്‍(35), കൂത്തുപറമ്പ് കോട്ടയം പൊയില്‍ ലാലു(36), പാനൂര്‍ സ്വദേശിയും ഇപ്പോള്‍ പത്തനംതിട്ടയില്‍ താമസക്കാരനുമായ വത്സന്‍(45) എന്നിവരെയാണു രജീഷിനൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.രജീഷിനെയും ഇവരെയും ഒരുമിച്ചാണു പിടികൂടിയതെങ്കിലും രജീഷില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പിടിയിലായ വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നെന്നു കരുതുന്നു.
രജീഷ് പിടിയിലായതോടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന വ്യക്തമാകുമെന്നു പൊലീസ് പറയുന്നു. രജീഷാണു കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണു രജീഷ്. കാറില്‍ നിന്നു പുറത്തിറങ്ങി ചന്ദ്രശേഖരനെ വെട്ടിയ നാലുപേരില്‍ ഒരാളാണു രജീഷെന്നു നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊടി സുനി ഉള്‍പ്പെടെയുള്ളവരെ സംഘടിപ്പിച്ചു കൃത്യം നടപ്പാക്കിയതു രജീഷാണ്. ചന്ദ്രശേഖരനെ വധിക്കാന്‍ ആരാണു ചുമതലപ്പെടുത്തിയതെന്ന് രജീഷിനെ വിശദമായി ചോദ്യം ചെയ്താല്‍ വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പട്ടല്ലാതെ രജീഷിനെതിരേ കേരളത്തില്‍ കേസില്ല. കൃത്യമായ ആസൂത്രണത്തോടെ ദൗത്യം നടത്തിയതിനുശേഷം മുംബൈയിലേക്കു മടങ്ങുന്ന ഇയാള്‍ അടുത്ത വിളി വരുന്നതുവരെ മുംബൈയില്‍ത്തന്നെ കഴിയാറാണു പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല