മികച്ച പാര്ലമെന്റേറിയന്, കഴിവു തെളിയിച്ച ഭരണാധികാരി, ജനാധിപത്യചേരിയിലെ ഉജ്ജ്വലനായ സംഘാടകന്‍ എന്നി നിലകളില്‍ കഴിവു തെളിയിച്ച പ്രിയനേതാവിനെയാണ് ടി.എം. ജേക്കബിന്റെ നിര്യാണത്തിലൂടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നത്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് ഈ നേട്ടങ്ങള്‍ ടി.എം. ജേക്കബ് കൈവശപ്പെടുത്തിയതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാത്തിനുമുപരി പ്രവാസികളുടെ കണ്ണിലുണ്ണി കൂടിയായ ഒരു പച്ചയായ മനുഷ്യന്റെ നഷ്ടം പ്രവാസജനതയ്ക്ക് തീരാനഷ്ടം തന്നെയാണ്.
1977ല്‍ പിറവത്തുനിന്ന് ഏറ്റവും പ്രായംകുറഞ്ഞ അംഗമായി സഭയിലേക്ക് എത്തിയ അദ്ദേഹത്തിന് പരിചയക്കുറവ് സഭാനടപടികളില്‍ സജീവമായി പങ്കെടുക്കുന്നതിന് വിലങ്ങുതടിയായി മാറിയില്ല എന്നതാണ് വാസ്തവം. നിയമനിര്‍മ്മാണമടക്കമുള്ള സഭാ നടപടികളില്‍ ജേക്കബ് നിഷ്ണാതനായതിന് പിന്നില്‍ നിരന്തരമായ കഠിനാധ്വാനം തന്നെ. നിയമസഭാ ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍, വായിച്ച പഴയ രേഖകള്‍, സഭാനടപടിചട്ടങ്ങള് എല്ലാം പരതിയുമാണ് ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ച ജേക്കബ് സാധ്യമാക്കിയത്. ഇത് ഇക്കാലത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ചെറുപ്പക്കാര്‍ മാതൃകയാക്കേണ്ടത് തന്നെയാണ്.
നിയമസഭാംഗമായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടശേഷവും ഈ പതിവിന് മാറ്റമില്ല. പി.എ.മാരെക്കൊണ്ടും സഹായികളെക്കൊണ്ടും ചോദ്യങ്ങളും ബില്ലുകള്‍ക്കുള്ള ഭേദഗതികളും തയ്യാറാക്കുന്ന ശീലം അന്നും ഇന്നും ജേക്കബനില്ല. ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന ഉത്തരം അതേപടി സഭയില്‍ ഉരുവിട്ട് സഭയില്‍ തടിതപ്പുന്ന രീതിയും അദ്ദേഹത്തിനില്ല. ചോദ്യങ്ങള്‍ ലഭിച്ചാല്‍ അവയുടെ ഉത്തരങ്ങള്‍ മാത്രമല്ല വീണ്ടും ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ള ഉപചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടി നല്കാന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കും. ഈ രീതിയില്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സര്‍വസജ്ജനായി എത്തുന്ന ടി. എം. ജേക്കബിന്റെ അടിതെറ്റിക്കാന്‍ ആര്‍ക്കുമായിട്ടില്ല.
കേരള നിയമസഭയില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് അംഗമായിരുന്ന ഇദ്ദേഹം ഒട്ടേറെ റിക്കാര്‍ഡുകള്‍ തന്റെ പേരില്‍ സ്വന്തമാക്കിയാണ് അരങ്ങൊഴിയുന്നത്. ഇതില്‍ ചില റിക്കാര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. ഒരേ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഒരു ദിവസത്തെ ചോദ്യാത്തരവേള മുഴുവന്‍ വിനിയോഗിച്ച ഏക മന്ത്രി ടി.എം. ജേക്കബാണ്. 1986 ജൂണ്‍ 29 എന്നത് സഭാചരിത്രത്തില്‍ ടി.എം. ജേക്കബിന്റെ മാത്രം ദിവസമാണ്. പ്രീഡിഗ്രി ബോര്‍ഡിനെക്കുറിച്ചുള്ള 36 ചോദ്യങ്ങള്‍ക്കാണ് അന്ന് ജേക്കബ് മറുപടി നല്‍കിയത്. ഇതിന് പുറമെ ഇതേ വിഷയത്തിലുള്ള അടിയന്തര പ്രമേയത്തിനും ശ്രദ്ധക്ഷണിക്കലിനും ഉപക്ഷേപത്തിനുമെല്ലാം മറുപടി നല്കിയതും ടി.എം. ജേക്കബ് തന്നെ.നിയമസഭയില്‍ ജേക്കബ് സ്ഥാപിച്ച റിക്കാര്‍ഡുകള്‍ ഇനിയുമുണ്ട്. ജില്ലാ ഭരണകൂടബില് ചര്‍ച്ചയുടെ ഭേദഗതികള്‍ അവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചത് രണ്ടര മണിക്കൂറാണ്.
എം.ജി.സര്‍വകലാശാല മുതല്‍ എഴുത്തച്ഛന് പുരസ്ക്കാരം വരെ – ടി.എം. ജേക്കബിന്റെ ഭരണനേട്ടങ്ങളുടെ വൈവിധ്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഭരണപരമായ തീരുമാനവും. എം.ജി.സര്‍വകലാശാലാ രൂപവത്കരണത്തില്‍ അതിന്റെ പേരില്‍ പോലും തര്‍ക്കമുണ്ടായി. ജേക്കബ് സര്‍വകലാശാലാ രൂപവത്കരണ സമയത്ത് നല്കിയ പേര് ഗാന്ധിജി സര്‍വകലാശാലയെന്നായിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന എല്‍.ഡി.എഫ്.സര്‍ക്കാര്‍ പേര് മാറ്റി മഹാത്മാഗാന്ധി സര്വകലാശാലയെന്നാക്കി. അന്ന് ജേക്കബ് നിയമസഭയില്‍ പറഞ്ഞു : ഞാനിട്ട പേരായതുകൊണ്ടുമാത്രം സര്‍വകലാശാലയുടെ പേര് മാറ്റരുത്. മഹാത്മാഗാന്ധിയെന്നത് നാട്ടുകാര്‍ എം.ജി. യെന്നാക്കി മാറ്റും. ജേക്കബ് പറഞ്ഞതെത്രശരിയെന്ന് കാലം തെളിയിച്ചു. ജേക്കബ് പറഞ്ഞതുപോലെ ഗാന്ധിജി സര്‍വകലാശാല എം.ജി. സര്‍വകലാശാലയായി.
പ്രീഡിഗ്രി ബോര്‍ഡ് രൂപവത്കരിച്ച് സംസ്ഥാനത്തെ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി മാറ്റി പ്രത്യേക സംവിധാനമാക്കി മാറ്റുകയെന്നതും ജേക്കബിന്റെ ആശയമായിരുന്നു. ഇതിനെതിരായി രൂപംകൊണ്ട സമരം കേരളത്തെ ഇളക്കിമറിച്ചു. കേരള സര്‍വകലാശാലാ ജീവനക്കാര്‍ പ്രീഡിഗ്രി കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റ് വരെ കത്തിച്ച സമരമാണ് അന്ന് അരങ്ങേറിയത്. പ്രക്ഷോഭത്തെയടക്കാന് കരുണാകരന് മന്ത്രിസഭക്ക് പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം തത്കാലം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും തുടര്‍ന്നുവന്ന ഇടതുമുന്നണി സര്‍ക്കാരിനും അത് നടപ്പാക്കേണ്ടി വന്നു- പേരുമാത്രം മാറ്റി. പ്രീഡിഗ്രി ബോര്‍ഡ് പ്ലസ്ടുവായെന്നുമാത്രം.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ യൂത്ത് വെല്‍ഫെയര്‍ വകുപ്പ് രൂപവത്കരിച്ചതും ജേക്കബായിരുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിയതും ജേക്കബിന്റെ നേട്ടം തന്നെ. സംസ്ഥാന ചാമ്പ്യന്മാരാകുന്ന വിദ്യാഭ്യാസ ജില്ലക്ക് നല്കുന്ന സ്വര്ണട്രോഫിയും അദ്ദേഹത്തിന്റെ ആശയമായിരുന്നു. അതിനായി ആദ്യം ജുവല്ലറിക്കാരെ സമീപിച്ച് പരാജയപ്പെട്ടപ്പോള്‍ ജേക്കബ് ജനങ്ങളിലേക്കിറങ്ങിയാണ് പണം പിരിച്ചത്.
ജലസേചന മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആദ്യമായി ഒരു ജലനയം കൊണ്ടുവന്നതും ജേക്കബായിരുന്നു. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കുടിവെള്ളശൃംഖല തീര്‍ത്തതും അദ്ദേഹം തന്നെ. കേരളത്തിന്റെ ജലത്തിനായി മറ്റ് സംസ്ഥാനങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ കേരളത്തിന് മിച്ചജലമില്ലായെന്ന് അദ്ദേഹം ദേശീയ വേദികളില്‍പ്പോലും പ്രഖ്യാപിച്ചു. ജലധാരാ പദ്ധതി, മലയോരജലസംഭരണ പദ്ധതി എന്നിവയും അദ്ദേഹത്തിന്റെ സംഭാവന തന്നെ. സാംസ്കാരിക രംഗത്ത് അദ്ദേഹം അത്ഭുതാവഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. സാഹിത്യരംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന എഴുത്തച്ഛന് അവാര്‍ഡ്, സ്വാതി പുരസ്ക്കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി. ദാനിയേല്‍ അവാര്‍ഡ് തുടങ്ങിയവ ഏര്‍പ്പെടുത്തി. ആദ്യമായി ടെലിവിഷന്‍ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ഫോക് ലോര്‍ അക്കാദമി സ്ഥാപിച്ചതും ജേക്കബായിരുന്നു. എറണാകുളത്ത് നെടുമ്പാശ്ശേരി വിമാനത്താവളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയ്ക്കൊക്കെ അദ്ദേഹം മുന്‍പന്തിയില്‍ നിന്നുതന്നെ പ്രവര്‍ത്തിച്ചു
നാലുതവണ മന്ത്രിയായ അദ്ദേഹം വിദ്യാഭ്യാസം, സാംസ്കാരികം, ജലചേനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1977, 80, 82, 87, 91, 96, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലെത്തിയ അദ്ദേഹം 2006-ല്‍ പരാജയപ്പെട്ടു. ഒടുവില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍ ഭക്ഷ്യം, രജിസ്ട്രേഷന് എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. മികച്ച നിയമസഭാ സാമാജികനുള്ള അവാര്‍ഡ്, മികച്ച ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന് പുരസ്കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അരങ്ങൊഴിഞ്ഞ പ്രവാസികളുടെ പ്രിയ നേതാവിന് എന്‍ആര്‍ഐ മലയാളിയുടെ ആദരാഞ്ജലികള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല