1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2011

ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ. തച്ചങ്കരിയ്ക്ക് ഭീകരന്‍ തടിയന്റവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്നു ദേശീയ കുറ്റാന്വേഷണ ഏജന്‍സി(എന്‍ഐഎ). വിവാദ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തച്ചങ്കരി തീവ്രവാദക്കേസുകളിലെ പ്രതികളുമായി ടെലിഫോണിലും നേരിട്ടും ബന്ധം പുലര്‍ത്തിയെന്ന് എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

തച്ചങ്കരിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് എന്‍ഐഎ കേരള പോലീസിനു കൈമാറിയെന്നാണ് വിവരം. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെടുകയും ബംഗ്ലൂര്‍ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ രാജ്യത്തു നടന്ന ഒട്ടേറെ ഭീകര സ്‌ഫോടനങ്ങളിലും തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട ഭീകരനാണു തടിയന്റവിട നസീര്‍.

2010 മാര്‍ച്ച് ഒമ്പതു മുതല്‍ 15 വരെയാണ് ഐ.ജി. ടോമിന്‍ തച്ചങ്കരി വിവാദ ഗള്‍ഫ്‌യാത്ര നടത്തിയത്. മാര്‍ച്ച് ഒമ്പതിനു ഖത്തറിലെ ഗള്‍ഫ് ഹൊറൈസന്‍ ഹോട്ടലിലാണു താമസിച്ചത്.

പിറ്റേന്നു മുതല്‍ കൂടുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഖത്തറിലെ റമദാ പ്ലാസ ഹോട്ടലിലേക്കു താമസം മാറ്റി. റമദാ ഹോട്ടലിന്റെ രഹസ്യഭാഗത്തുള്ള 638ാം നമ്പര്‍ സ്യൂട്ടിലാണു പിന്നീടു താമസിച്ചത്. ഖത്തറിലെ താമസത്തിനിടെ ഐ.ജി. ഉപയോഗിച്ച 66496708 എന്ന ടെലിഫോണ്‍ നമ്പറില്‍നിന്നു ഒട്ടേറെ തീവ്രവാദികളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഖത്തറിലെ ഹോട്ടല്‍ താമസത്തിനിടയിലും ഐ.ജി. നടത്തിയ മറ്റു ഗള്‍ഫ് യാത്രകളിലും തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഏതാനും വ്യക്തികളുമായും ചില വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തച്ചങ്കരിയുടെ നടപടികള്‍ ദോഷകരവും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതുമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

തച്ചങ്കരിയുടെ നീക്കങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍തന്നെ അതൃപ്തി പ്രകടിപ്പിച്ചു. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയയ്ക്കുകയും ചെയ്തു . തുടര്‍ന്ന് തച്ചങ്കരിയെ മുന്‍ സര്‍ക്കാറിന്റെ കാലത്ത് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് തച്ചങ്കരിയുടെ വിവാദ സന്ദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ഈയിടെ അദ്ദേഹത്തെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു.

ഐ.ജിയുടെ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുത്ത യുഡിഎഫിന്റെ നടപടി ഇതോടെ വിവാദമാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.