1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011

“ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി.. ഇതു വരെ കാണാത്ത കരയിലേക്കോ.. ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ.. മധുരമായ് പാടി വിളിക്കുന്നു.. ആരോ മധുരമായ് പാടി വിളിക്കുന്നു..” എന്ന പാട്ട് കേള്‍ക്കാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി കുറുപ്പ് രചിച്ച് എംബി ശ്രീനിവാസന്‍ ഈണമിട്ട പാട്ടാണിത്. പാടിയതാകട്ടെ സല്‍മാ ജോര്‍ജ്ജും ജയചന്ദ്രനും. ജോര്‍ജ് ഓണക്കൂറിന്‍റെ ഉള്‍ക്കടല്‍ എന്ന നോവലിനെ ആശ്രയിച്ചാണ് ഈ സിനിമ സംവിധായകന്‍ കെജി ജോര്‍ജ്ജ് ഒരുക്കിയത്. നായകനായി വേണു നാഗവള്ളി ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ചത് ഉള്‍ക്കടലിലൂടെയാണ്.

ഈ സിനിമ മലയാളികള്‍ മറന്നെങ്കിലും “ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി…” എന്ന പാട്ട് മലയാളികള്‍ മറന്നില്ല. പലപ്പോഴും സല്‍മാ ജോര്‍ജ്ജ് എന്ന ഗായിക ഓര്‍മിക്കപ്പെടുന്നത് തന്നെ ഈ പാട്ടിന്റെ മേല്‍ഃവിലാസത്തിലാണ്.

നാല്‍പതിലേറെ ചിത്രങ്ങളില്‍ പാടിയിട്ടുള്ള ഈ സല്‍മാ ജോര്‍ജാണ് തന്റെ കരിയര്‍ നശിപ്പിക്കാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഭാഗത്തുനിന്ന് മനപൂര്‍വമായ നീക്കം ഉണ്ടായെന്ന് തുറന്നടിച്ചിരിക്കുന്നത്. സമകാലിക മലയാളം എന്ന പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് യേശുദാസിനെതിരെ സല്‍മ ജോര്‍ജ്ജ് ആഞ്ഞടിച്ചിരിക്കുന്നത്.

സംവിധായകന്‍ കെജി ജോര്‍ജ്ജിന്റെ ഭാര്യയാണ് സല്‍മയെന്ന് പലര്‍ക്കും അറിയില്ല. അതിനേക്കാള്‍ വലിയൊരു പ്രശസ്തിക്കും സല്‍മ അര്‍ഹയാണ്. പാപ്പുക്കുട്ടി ഭാഗവതര്‍ എന്ന അത്ഭുത പ്രതിഭാസത്തിന്റെ മകളാണിവര്‍. തൊണ്ണൂറ്റിയൊമ്പത് വയസുണ്ട് ഇപ്പോള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക്.

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ദിലീപ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘എന്റടുക്കേ വന്നടുക്കും പെമ്പറന്നോളെ….’ എന്ന ഗാനം പാടി പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയത് തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സിലാണ്. പണ്ടത്തെ സംഗീതനാടകങ്ങളില്‍ അഭിനയിച്ചും പാടിയും സാംസ്കാരിക കേരളത്തിന്റെ ഭാഗമായ പാപ്പുക്കുട്ടി ഭാഗവതര്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഉറ്റ സുഹൃത്തായിരുന്നു.

ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ മിശിഹാചരിത്രം എന്ന നാടകത്തില്‍ മഗ്ദലനാ മറിയത്തെ അവതരിപ്പിച്ച് കൊണ്ടാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനശ്രദ്ധ നേടുന്നത്. പതിനഞ്ച് വയസിലാണ് ഈ കഥാപാത്രത്തെ ഭാഗവതര്‍ അവതരിപ്പിച്ചത്.

യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫാകട്ടെ ഈ സംഗീതനാടകത്തില്‍ അന്തിപ്പാസ് എന്ന രാജാവിനെ അവതരിപ്പിച്ചു. ഇവര്‍ തമ്മില്‍ നല്ലബന്ധം ഉണ്ടായിരുന്നിട്ടും ഇവരുടെ മക്കള്‍ തമ്മില്‍ അത്രനല്ല ബന്ധമല്ല ഉണ്ടായിരുന്നത് എന്നാണ് വാരികയിലെ അഭിമുഖം സൂചിപ്പിക്കുന്നത്.

അഭിമുഖത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ് :
“സിനിമാഗാനരംഗത്ത്‌ ഉയര്‍ന്നുവരാന്‍ ചിത്രയ്ക്കും സുജാതയ്ക്കുമൊക്കെ യേശുദാസിന്റെ നല്ല സഹായം ലഭിച്ചിട്ടുണ്ട്‌. അവര്‍ ഒരുമിച്ച്‌ പാടിയിരുന്നല്ലോ. പിന്നെ മറ്റൊരു കാര്യം എനിക്കു പറയാനുള്ളത്‌ എന്റെ മൂന്നുനാലു പാട്ടുകള്‍ തരംഗിണി സ്റ്റുഡിയോയില്‍ ചെയ്ത്‌ നശിപ്പിച്ചിട്ടുണ്ട്‌.”

“’ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ ബാക്ക്‌’, ‘മേള’, ‘ആദാമിന്റെ വാരിയെല്ല്‌’, ‘യവനിക’ ഇതുനാലും റെക്കോഡ്‌ ചെയ്തത്‌ തരംഗിണി സ്റ്റുഡിയോയിലാണ്‌. ആ നാലു സിനിമകളിലേയും എന്റെ പാട്ടുകള്‍ മോശം ക്വാളിറ്റിയായിരുന്നു. ഇത്‌ മനപ്പൂര്‍വം ചെയ്തതാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.”

“എം.ബി.എസ്‌. സാറും എന്നോട്‌ പറഞ്ഞത്‌ അങ്ങനെയാണ്‌. കുട്ടിയുടെ പാട്ടുകള്‍ അവര്‍ നശിപ്പിച്ചുകളഞ്ഞല്ലോ എന്ന്‌. അബദ്ധത്തില്‍ പറ്റിയതാണെന്ന്‌ വിചാരിക്കാന്‍ ന്യായമില്ല. കാരണം റെക്കോര്‍ഡ്‌ ചെയ്യുന്ന സമയത്ത്‌ കറക്‌ട്‌ ആയിരുന്നു. എനിക്കു മാത്രമല്ല ഒത്തിരിപേര്‍ക്ക്‌ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്‌.”

“എം.ജി. ശ്രീകുമാറും ഇതൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്‌. സുശീലാദേവി, ജോളി എബ്രഹാം, ഉണ്ണിമേനോന്‍ ഇവര്‍ക്കൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ‘ശരദിന്ദു’ പാടിയത്‌ എവിഎം സ്റ്റുഡിയോയിലാണ്‌. അതുകൊണ്ട്‌ ആ പാട്ട് രക്ഷപ്പെട്ടു” – സല്‍മ പറയുന്നു. സല്‍‌മ പറയുന്നതില്‍ സത്യമുണ്ടോ എന്ന് യേശുദാസ് പ്രതികരിക്കുമ്പോള്‍ അറിയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.